Sports

ഡി.എന്‍.എ. ടെസ്റ്റിനായി മറഡോണയുടെ മൃതദേഹം സൂക്ഷിക്കാന്‍ കോടതി ഉത്തരവ്

ബ്യൂണസ്: ഫുട്ബോളിന്റെ ഇതിഹാസ താരമാണു തന്റെ പിതാവെന്നു ചൂണ്ടിക്കാട്ടി യുവതി നല്‍കിയ കേസ് നിലനില്‍ക്കുന്നതിനാല്‍ ഡീഗോ മറഡോണയുടെ മൃതദേഹം സൂക്ഷിക്കണമെന്ന് അര്‍ജന്റീനിയന്‍ കോടതി ഉത്തരവ്. മറഡോണ തന്റെ പിതാവണെന്ന് അവകാശപ്പെട്ട് 25 കാരിയായ മഗാല ഗില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. മറഡോണയുടെ ഡി.എന്‍.എ. സാമ്പിളുകള്‍ പരിശോധിക്കാനാണ് മൃതദേഹം സൂക്ഷിക്കുന്നത്.
നവംബര്‍ 25നാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മറഡോണ അന്തരിച്ചത്. അദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കരിച്ചെങ്കിലും മരണം വിവാദമായതോടെ ഫോറന്‍സിക് പരിശോധന നടത്തണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു. കേസ് നിലനില്‍ക്കുന്നതിനാല്‍ മറഡോണയുടെ സംസ്‌കാരം നീളുമെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മറഡോണയ്ക്ക് ഒരു വിവാഹത്തില്‍ രണ്ടു പെണ്‍കുട്ടികളുണ്ട്. വിവാഹ ബന്ധം വേര്‍പെടുത്തിയശേഷം ആറു കുട്ടികളുടെ കൂടി പിതൃത്വം മറഡോണ ഏറ്റെടുത്തിരുന്നു. എന്നാല്‍ ഇതില്‍ മഗാലി ഗില്‍ ഉള്‍പ്പെട്ടില്ല. ഇതേ തുടര്‍ന്നാണ് അവര്‍ കോടതിയില്‍ പരാതിപ്പെട്ടത്.
മറഡോണയാണ് അച്ഛനെന്നു രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പു തന്റെ അമ്മ വിളിച്ചുപറഞ്ഞു എന്നാണ് മഗാലി ഗില്‍ അവകാശപ്പെടുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ തന്റെ അച്ഛന്‍ മറഡേണയാണോ എന്നറിയാനുള്ള എല്ലാ അവകാശവും തനിക്കുണ്ടെന്നു ഗില്‍ പറയുന്നുണ്ട്.
 
.

Back to Top