ശിവഗിരി തീര്‍ഥാടനത്തിന് ഒരുക്കം തുടങ്ങി; കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കും
December 11 2020
തിരുവനന്തപുരം: 88മാത് ശിവഗിരി തീര്‍ഥാടനത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ഡിസംബര്‍ 30,31, ജനുവരി ഒന്ന് തീയതികളില്‍ വിര്‍ച്വല്‍ സംവിധാനത്തിലൂടെയാവും ഇത്തവണ ശിവഗിരി തീര്‍ഥാടനം നടത്തുകയെന്നു വിലയിരുത്തല്‍ യോഗത്തില്‍ മഠം അധികൃതര്‍ അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ഇത്തവണത്തെ തീര്‍ഥാടനം. വലിയ തിരക്ക് ഒഴിവാക്കുന്നതിനായി പ്രതിദിനം ആയിരത്തില്‍ താഴെ തീര്‍ഥാടകര്‍ക്കു മാത്രമേ ശിവഗിരിയിലേക്കു പ്രവേശനം അനുവദിക്കുകയുള്ളൂ.
പരിപാടികളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. എല്ലാ തവണയും നടത്തിവന്നിരുന്ന വലിയ സമ്മേളനങ്ങളും പരിപാടികളും ഇത്തവണ ഉണ്ടാകില്ല. പ്രമുഖരുടെ പ്രസംഗങ്ങളും ക്ലാസുകളും ഡിസംബര്‍ 25 മുതല്‍ ശിവഗിരി ടിവിയിലൂടെ ഓണ്‍ലൈനായി സംപ്രേഷണം ചെയ്യു. ശിവഗിരിയിലും പരിസരത്തും തീര്‍ഥാടകര്‍ കൂട്ടംകൂടുന്നത് ഒഴിവാക്കുന്നതിനായി മേളകളും കച്ചവട സ്റ്റാളുകളും ഇത്തവണ വേണ്ടെന്നു തീരുമാനിച്ചു. അന്നദാനമോ താമസ സൗകര്യമോ ഉണ്ടാവില്ല.
വലിയ സംഘങ്ങളായി എത്തുന്നത് ഒഴിവാക്കണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച അഡിഷനല്‍ ജില്ലാ മജിസ്ട്രേറ്റ് വി.ആര്. വിനോദ് അഭ്യര്ഥിച്ചുു. ആളുകള്‍ കൂട്ടംകൂടുന്നത് അനുവദിക്കില്ല. പൊതുപരിപാടികള്‍ നടക്കുകയാണെങ്കില്‍ ഹാളിന്റെ വലിപ്പത്തിന്റെ 50 ശതമാനത്തില്‍ താഴെ ആളുകളെ മാത്രമേ അനുവദിക്കൂ. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് അധികൃതര്‍ തീര്‍ഥാടകര്‍ക്കു പ്രത്യേക അറിയിപ്പു നല്‍കണം. വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ തീര്‍ഥാടകര്‍ക്കാവശ്യമായ മരുന്നും മറ്റു സജ്ജീകരണങ്ങളും ഒരുക്കുന്നതിന് ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടു.