ഐ.സി.സി. ട്വന്റി 20 റാങ്കിങ്ങില്‍ നേട്ടവുമായി ഇന്ത്യന്‍ ടീം നായകന് വിരാട് കോലിയും രാഹുലും
December 10 2020
സിഡ്നി: നിലവിലെ പല താരങ്ങളെയും മറകടന്ന് ഓസ്ട്രലിയയ്ക്കെതിരായ ട്വന്റി 20 പരമ്പകള്‍ അവസാനിക്കുമ്പോള്‍ ഐ.സി.സിയുടെ ബാറ്റ്സ്മാന്മാരുടെ റാങ്ക് ലിസ്റ്റില്‍ നേട്ടം കൈവരിച്ച് ഇന്ത്യന്‍ നായകന് വിരാട് കോലിയും കെ.എല്‍.രാഹുലും. പരമ്പര തുടങ്ങുന്നതിനു മുന്‍പു നാലാം സ്ഥാനത്തായിരുന്ന രാഹുല്‍ മല്‍സരത്തിനുശേഷം 816 പോയിന്റുമായി മൂന്നാം സ്ഥാനം കരസ്ഥമാക്കി. മൂന്നാമതുള്ള ഫിഞ്ചിനെ മറികടന്നാണ് ഈ നേട്ടം. ഓസിസ് നായകന് നിലവില്‍ നാലാം സ്ഥാനത്താണ്.
ഇന്ത്യന്‍ നായകന് തൊട്ടുപിറകില്‍ തന്നെയുണ്ട്. റാങ്കില്‍ നിലവില്‍ ഒന്‍പതാം സ്ഥാനത്തായിരുന്ന കോലി 697 പോയന്റുമായി എട്ടാം സ്ഥാനം കരസ്ഥമാക്കി. കോലിയും രാഹുലും മാത്രമാണ് ആദ്യ പത്തില്‍ ഇടം നേടിയ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്. ഇംഗ്ലണ്ടിന്റെ ഡേവിഡ് മാലാന്‍ ഒന്നാമതും പാക്കിസ്ഥാന്റെ ബാബര്‍ അസം രണ്ടാമതും നില്‍ക്കുന്നുണ്ട്.
ഇന്ത്യന്‍ ബൗളര്‍മാര്‍ നില ഇനിയും മെച്ചപ്പെടുത്താനുണ്ട്. ആദ്യ പത്തില്‍ ഒരു ഇന്ത്യന്‍ താരത്തിനും ഇതു വരെ ഇടം കണ്ടെത്തനായില്ല. ബൗളര്‍മാരുടെ പട്ടികയില്‍ അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാനാണ് ഒന്നാം സ്ഥാനം അലങ്കരിക്കുന്നത്. ഇന്ത്യക്കെതിരായ പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ആദം സാമ്പ രണ്ടു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി പട്ടികയില്‍ രണ്ടാമതുണ്ട്. ഓള്‍റൗണ്ടര്‍മാരുടെ പട്ടികയിലും ആദ്യ പത്തിലും ഇന്ത്യന്‍ താര നിരയുടെ ഒറ്റ പേരു പോലുമില്ല. അവിടെയും കളം നിറഞ്ഞിരിക്കുന്നത് അഫ്ഗാനിസ്ഥാന് തന്നെയാണ്. മുഹമ്മദ് നബിയാണ് ഒന്നാം സ്ഥാനത്തുള്ളത്.
പരമ്പര നഷ്ടപ്പെട്ടെങ്കിലും ഓസ്ട്രേലിയ ടീം റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തു തന്നെ തുടരുന്നുണ്ട്. 272 പോയിന്റാണ് ടീമിനുള്ളത്. 268 പോയിന്റുമായി ഇന്ത്യ മൂന്നാമതും 275 പോയിന്റുമായി ഇംഗ്ലണ്ട് പട്ടികയില്‍ ഒന്നാമതുണ്ട്.