വീണ്ടും ഹിന്ദുരാഷ്ട്രമാക്കണമെന്ന ആവശ്യം നേപ്പാളില്‍ ഉയരുന്നു
December 7 2020
കാഠ്മണ്ഡു: നേപ്പാളിനെ വീണ്ടും പഴയതുപോലെ ഹിന്ദുരാഷ്ട്രമാക്കണം എന്ന ആവശ്യം ശക്തമാകുന്നു. ഏതാനും നാളുകളായി ഈ ആവശ്യം ഉന്നയിച്ചുള്ള പ്രകടനങ്ങളും പൊതുപരിപാടികളും നേപ്പാളില്‍ നടന്നുവരികയാണ്. രാജഭരണം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടു കഴിഞ്ഞ ദിവസം തലസ്ഥാനമായ കാഠ്മണ്ഡുവില്‍ നടന്ന റാലിയില്‍ വന്‍ ജനപങ്കാളിത്തമുണ്ടായിരുന്നു. രാജ്യാന്തര തലത്തില്‍ മാധ്യമങ്ങള്‍ ബഹുജന പ്രക്ഷോഭം റിപ്പോര്‍്ട്ട് ചെയ്തു. രാജ്യം ഭരിക്കുന്ന നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ തര്‍ക്കം മുറുകിനില്ക്കുമ്പോഴാണു രാജഭരണത്തിനായുള്ള പ്രക്ഷോഭം നടക്കുന്നത് എന്നതു ശ്രദ്ധേയമാണ്. രാഷ്ട്രീയ ശക്തി നേപ്പാള്‍ പാര്‍ട്ടിയാണു നേതൃത്വം നല്കുന്നതെങ്കിലും പാര്‍ട്ടിക്കാരല്ലാത്തവരും പ്രതിഷേധത്തില്‍ പങ്കാളികളാകുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്.
ഹിന്ദു രാഷ്ട്രമല്ലാതായി പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ആ തീരുമാനത്തില്‍ നേപ്പാള്‍ ജനതയില്‍ നല്ലൊരു വിഭാഗം അസംതൃപ്തരായിരുന്നു. ലോകത്തിലെ ഏക ഹിന്ദു രാഷ്ട്രമായിരുന്ന നേപ്പാളിനെ 2008ലാണ് മതേതര റിപ്പബ്ലിക്കാക്കി മാറ്റിയത്. ഇതാകട്ടെ, കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന ദശാബ്ദം മുതല്‍ നടന്ന ആഭ്യന്തര യുദ്ധങ്ങള്‍ക്കു ശേഷമായിരുന്നു. 1990ല്‍ ഭരണഘടന പരിഷ്കരിക്കണമെന്നും ബഹുകക്ഷി ജനാധിപത്യ സംവിധാനം നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് അധികാരത്തിലുണ്ടായിരുന്ന വീരേന്ദ്ര രാജാവിനെതിരെ പ്രക്ഷോഭമുണ്ടായി.
തുടര്‍ന്ന്, രാജഭരണത്തെ അട്ടിമറിക്കാന്‍ 1996ല്‍ മാവോയിസ്റ്റ് പാര്‍ട്ടി ശ്രമിച്ചു. ജനകീയ റിപ്പബ്ലിക് സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം. ഇത് ആഭ്യന്തര യുദ്ധത്തിലേക്കു നയിക്കുകയും പതിനാറായിരത്തിലേറെ പേര് മരിക്കാനിട വരുത്തുകയും ചെയ്തു. രാജകൊട്ടാരത്തില്‍ നടന്ന കൂട്ടക്കൊലയില്‍ രാജാവും കിരീടാവകാശിയായ രാജകുമാരനും ജീവന് നഷ്ടപ്പെട്ടു. 2001ല്‍ വീരേന്ദ്ര രാജാവിന്റെ സഹോദരന് ജ്ഞാനേന്ദ്ര രാജാവായി. മാവോയിസ്റ്റ് സമരങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.
2006ല്‍ മാവോയിസ്റ്റ് പാര്‍ട്ടി മുഖ്യാധാരാ രാഷ്ട്രീയത്തിന്റെ ഭാഗമാകാന്‍ തീരുമാനിച്ചു. സമാധാനപൂര്‍ണമായ ജനാധിപത്യ വിപ്ലവം നടപ്പാക്കിയെന്ന അവകാശവാദത്തോടെയായിരുന്നു സായുധ സമരത്തില്‍നിന്നുള്ള ചുവടുമാറ്റം. നേപ്പാളിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ വളര്‍ത്തിയത് ചൈനയാണെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. മാവോയിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് ചൈന വലിയ തോതില്‍ സാമ്പത്തിക സഹായം നല്‍കുന്നതായാണ് അനുമാനം. നയപരമായ കാര്യങ്ങളിലും നേപ്പാളിലെ കമ്മ്യൂണിസ്റ്റുകളെ ചൈന നിയന്ത്രിക്കുന്നതായും കരുതപ്പെടുന്നു.
2008ല്‍ മതേതര റിപ്പബ്ലിക്കായ നേപ്പാളില്‍ 2015ല്‍ ഭരണഘടന രൂപീകൃതമാവുകയും അതോടെ സെക്യുലര്‍, ഫെഡറല്‍ പാര്‍ലമെന്ററി റിപ്പബ്ലിക്കായി മാറുകയും ചെയ്തു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് അധികാരത്തില്‍ തുടരുന്നത്. മറ്റു പാര്‍ട്ടികള്‍ക്ക് ഇടംകൊടുക്കുന്നില്ല എന്ന ആരോപണം ഉയര്‍ന്നുതുടങ്ങിയിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരണത്തിലുള്ള രാജ്യങ്ങളില്‍ ബഹുകക്ഷി സംവിധാനവും സമ്പൂര്‍ണ ജനാധിപത്യവുമുള്ള ഏക രാജ്യവും നേപ്പാള്‍ തന്നെ. എന്നാല്‍ നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുമേല്‍ ചൈനീസ് കമ്മ്യൂണിസറ്റ് പാര്‍ട്ടിയുടെ അമിതമായ ഇടപെടല്‍ ഉണ്ടെന്നതിനാല്‍ നിലവിലുള്ള ഭരണം തുടരുന്നപക്ഷം ജനാധിപത്യം കാറ്റില്പ്പറത്തപ്പെടുമെന്നാണ് നേപ്പാള്‍ ജനതയില്‍ ഒരു വിഭാഗം ആശങ്കപ്പെടുന്നത്. ആ ആശങ്കതന്നെ അനുദിനം പ്രക്ഷോഭം ശക്തിയാര്‍ജിക്കുന്നതിനു പിന്നില്‍.