കോവിഡ് വാക്സീന് ലഭിക്കാന്‍ ബ്രിട്ടനിലേക്കു പറക്കാനൊരുങ്ങി ഇന്ത്യക്കാര്‍: ത്രീ നൈറ്റ് പാക്കോജുമായി ട്രാവല്‍ ഏജന്റുമാര്‍
December 3 2020
ന്യൂഡല്‍ഹി: ബ്രിട്ടീഷ് സര്‍ക്കാര്‍ ബുധനാഴ്ച അംഗീകരിച്ച കോവിഡ് വാക്സിന് ലഭിക്കാനായി ബ്രിട്ടനിലേക്കു പോകാന്‍ ഒട്ടേറെ ഇന്ത്യക്കാര്‍ അന്വേഷണം ആരംഭിച്ചതായി ട്രാവല്‍ ഏജന്റുമാര്‍. ആവശ്യം മാനിച്ച് ഏജന്റുമാര്‍ ത്രീ നൈറ്റ് പാക്കേജ് ആരംഭിക്കാന്‍ ഒരുങ്ങുകയാണ്. യു.എസ്. കമ്പിനിയായ ഫൈസറും ജര്‍മന്‍ കമ്പിനിയാ ബയോണ്‍ടെകും ചേര്‍ന്ന് വികസിപ്പിച്ച വാക്സിന്റെ രണ്ട് ഡോസ് വീതം നല്‍കുന്നതിനാണ് ബ്രിട്ടന് അനുമതി നല്‍കിയിരിക്കുന്നത്. സ്വതന്ത്ര റെഗുലേറ്ററായ മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത്കെയര്‍ പ്രേഡക്ട്സ് റെഗുലേറ്ററി ഏജന്‍സിയുടെ വിശകലനത്തിനു ശേഷമാണ് ബുധനാഴ്ച അനുമതി നല്‍കിയത്.
കോവിഡ് വാക്സീന് ലഭിക്കുന്നതിനായി ബ്രിട്ടനിലേക്ക് എങ്ങനെ, എപ്പോള്‍ പോകാന്‍ സാധിക്കുമെന്നു ചിലര്‍ അന്വേഷിച്ചതായി മുംബൈയിലെ ട്രാവല്‍ ഏജന്റുമാരില്‍ ഒരാള്‍ പറഞ്ഞു. ഇന്ത്യക്കാര്‍ക്ക് ബ്രിട്ടനില്‍ വാക്സീന് കിട്ടുമോയെന്നു പോലും വ്യക്തമല്ലെന്നു പറഞ്ഞതായി അദ്ദേഹം വ്യക്തമാക്കി. ഫൈസര്‍ വാക്സിനെക്കുറിച്ച് ബുധനാഴ്ച ബ്രിട്ടീഷ് സര്‍ക്കാരിന്റെ അറിയിപ്പു ലഭിച്ചതിനു ശേഷം, ഓഫ് സീസണ് ആയിരുന്നിട്ടു കൂടി യു.കെ. വിസ ലഭിച്ചവരും ലണ്ടനിലേക്കുപോകാന് കഴിയുന്നവരുമായ ചില ഇന്ത്യക്കാരില്‍ നിന്ന് അന്വേഷണങ്ങള്‍ ലഭിച്ചതായി ഈസ്മൈട്രിപ്പ്.കോം സഹസ്ഥാപകനും സി.ഇ.ഒയുമായ നിഷാന്ത് പിറ്റി പറഞ്ഞു. വാക്സീന് ലഭിക്കാന്‍ ആഗ്രഹിക്കുന്ന യാത്രക്കാര്‍ക്കു നിര്‍ബന്ധിത ക്വാറന്റീന് ആവശ്യമാണോ എന്ന കാര്യത്തിലും ബ്രിട്ടീഷ് സര്‍ക്കാരില്‍നിന്നു വ്യക്തത ലഭിക്കുന്നതിനായി കാത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
വാകിസിനേഷനായി മാത്രം ബ്രിട്ടനിലേക്കു പോകാന്‍ താത്പര്യപ്പെടുന്നവര്‍ക്കായി ത്രീ നൈറ്റ് പാക്കോജ് ആരംഭിക്കാനായി കമ്പനി പദ്ധതിയിടുന്നതായി നിഷാന്ത് പറഞ്ഞു. സീറ്റുകള്‍ക്കായി ഞങ്ങള്‍ ഒരു എയര്‍ലൈനുമായി ഇടപെടുകയാണ്. ഇതിനകം തന്നെ ലണ്ടന്‍ ഹോട്ടലുകളുമായി കരാറായി. അവിടെയുള്ള ഒരു ആശുപത്രിയുമായി കരാറിലെത്താന്‍ പദ്ധതിയിടുന്നുണ്ട്. അതു സാധ്യമായാല്‍ പാക്കേജ് സൃഷ്ടിക്കാന്‍ കഴിയുമെന്ന് നിഷാന്ത് പറഞ്ഞു.
അതേസമയം, ഡിസംബര്‍ 15 മുതല്‍ ബ്രിട്ടനിലെത്തുന്ന ഓരോ വിദേശിയും അഞ്ചു ദിവസം സ്വയം നീരിക്ഷണത്തില്‍ കഴിയണമെന്നും ആറാം ദിവസം ആര്‍ടി-പി.സി.ആര് ടെസ്റ്റ് നടത്തണമെന്നും ബ്രിട്ടീഷ് സര്‍ക്കാര്‍ അറിയിച്ചു. കോവിഡ് നെഗറ്റീവായാല്‍ യാത്രക്കാര്‍ക്ക് ഐസോലേഷനില്നിന്നു പുറത്തുകടക്കാം.