പൊലീസ് സ്റ്റേഷനുകളില്‍ സി.സി. ടിവി സ്ഥാപിക്കാന്‍ സുപ്രീം കോടതി നിര്‍ദേശം
December 3 2020
ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും പരിസരങ്ങളിലും സി.സി. ടിവി സ്ഥാപിക്കണമെന്ന് സുപ്രീം കോടതി ഉത്തരവ്. പഞ്ചാബിലെ കസ്റ്റഡി മര്‍ദന കേസ് പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതി നിര്‍ദേശം. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പൊലീസ് സ്റ്റേഷനുകളില്‍ സി.സി. ടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട് എന്ന് ഉറപ്പു വരുത്തണമെന്നും സുപ്രീ കോടതി നിര്‍ദേശിച്ചു.
എന്‍.ഐ.എ., എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ അന്വേഷണ ഏജന്‍സികള്‍ക്കും ഇതു ബാധകമാണെന്നു കോടതി അറിയിച്ചു.
രാത്രിയിലെ കാഴ്ചകള്‍ കാണുന്നതിനു സംവിധാനമുള്ള സി.സി. ടിവി സ്ഥാപിക്കണമെന്നാണ് കോടതി ഉത്തരവ്. ചോദ്യംചെയ്യുന്ന മുറികള്‍, ലോക് അപ്പുകള്‍, അകത്തേക്കും പുറത്തേക്കമുള്ള വഴികള്‍, വരാന്തകള്‍, റിസപ്ഷന്, സബ് ഇന്‍സ്പെക്ടര്‍മാരുടെ മുറികള്‍ എന്നിവിടങ്ങളിലെല്ലാം ക്യാമറകള്‍ സ്ഥാപിക്കണം. മിക്കവാറും എല്ലാ അന്വേഷണ ഏജന്‍സികളും അവരുടെ ഓഫിസുകളില്‍ വച്ചു തന്നെയാണ് ചോദ്യംചെയ്യല്‍ നടത്തുവന്നത്. കുറ്റരോപിതരെ ഇരുത്തുന്നതും ചോദ്യംചെയ്യുന്നതുമായ എല്ലാ ഇടങ്ങളിലും സി.സി. ടിവി ക്യാമറകള്‍ സ്ഥാപിക്കണം. വിഡിയോ, ഓഡിയോ റെക്കോര്‍ഡിങ്ങുകള്‍ 18 മാസം വരെ തെളിവായി സൂക്ഷിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ആറ് ആഴ്ചയ്ക്കുള്ളില്‍ ഇതു സംബന്ധിച്ച ആക്ഷന്‍ പ്ലാന്‍ തയാറാക്കി എല്ലാ സംസ്ഥാനങ്ങളും കോടതിയില്‍ സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചു. ജനത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്കുന്ന ഭരണഘടനയുടെ 21ാം അനുച്ഛേദ പ്രകാരമാണ് കോടതിയുടെ ഉത്തരവ്. സി.സി. ടിവി ക്യാമറകള്‍ സ്ഥാപിക്കുന്നതിന് ഫണ്ട് അനുവദിക്കാന്‍ സംസ്ഥാനങ്ങള്‍ക്കു നിര്‍ദേശം നല്കി.