Sanathanam

നിയന്ത്രണം ലംഘിച്ചു മന്ത്രിപത്‌നിയുടെ ഗുരുവായൂര്‍ ദര്‍ശനം: ഹൈക്കോടതി റിപ്പോര്‍ട്ട് തേടി

കൊച്ചി: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഭാര്യ സുലേഖ സുരേന്ദ്രന്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ച സംഭവത്തില്‍ കേസെടുക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. ബി.ജെ.പി. നേതാവ് നാഗേഷാണ് ഈ ആവശ്യമുന്നയിച്ചു കോടതിയെ സമീപിച്ചത്. പൊതുജനങ്ങള്‍ക്കു പ്രവേശനം നിഷേധിച്ചിരുന്ന സമയത്തു മന്ത്രിയുടെ ഭാര്യ നാലമ്പലത്തില്‍ പ്രവേശിച്ചു ദര്‍ശനം നടത്തിയെന്നാണു പരാതി. ഓണ്‍ലൈന്‍ ബുക്കിങ് വഴിയാണ് ഗുരുവായൂരില്‍ ദര്‍ശനം അനുവദിക്കുന്നത്. പരിമിതമായ എണ്ണം ഭക്തര്‍ക്കു മാത്രമാണ് ഓരോ ദിവസവും പ്രവേശനം അനുവദിക്കുന്നതും. ഗുരുവായൂര്‍ ഏകാദശി ആഘോഷം വളരെ ലളിതമായ രീതിയിലാണ് ഇത്തവണ നടത്തിയത്. ഏകാദശിയുമായി ബന്ധപ്പെട്ടാണ് സുലേഖ സുരേന്ദ്രന്‍ മരുമകള്‍ക്കൊപ്പം ഗുരുവായൂരില്‍ എത്തിയത്. ദേവസ്വം പ്രസിഡന്റ് അഡ്വ. കെ.ബി.മോഹന്‍ദാസിന്റെ നേതൃത്വത്തിലാണു മന്ത്രിബന്ധുക്കള്‍ക്കു നാലമ്പലത്തില്‍ പ്രവേശിക്കാന്‍ സൗകര്യമൊരുക്കിയത്. 
കേസെടുക്കണമെന്ന ആവശ്യവുമായി പൊലീസിനെ സമീപിച്ചെങ്കിലും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണു കോടതി മുന്‍പാകെ ഹര്‍ജി സമര്‍പ്പിക്കുന്നതെന്നു പരാതിക്കാരന്‍ വ്യക്തമാക്കി. പൊലീസിനോടു വിശദീകരണം തേടിയ കോടതി കേസ് തുടര്‍ന്നു 14നു പരിഗണിക്കും.
 
.

Back to Top