Cinema

കാത്തിരിപ്പിനു വിരാമം; രജനീകാന്തിന്റെ രാഷ്ട്രീയപ്പാര്‍ട്ടി ഈ മാസം

ചെന്നൈ: കാത്തിരിപ്പിന് അറുതിവരുത്തി തമിഴ് ചലച്ചിത്ര താരം രജനീകാന്ത് താന്‍ രാഷ്ട്രീയത്തിലേക്കു പ്രവേശിക്കുന്നതായി പ്രഖ്യാപിച്ചു. ഈ മാസം 31ന് പാര്‍ട്ടി പ്രഖ്യാപിക്കുമെന്നും നവവല്‍സരത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും താരം ട്വീറ്റ് ചെയ്തു. 
മാസങ്ങളോ വര്‍ഷങ്ങളോ ആയി ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തയാണ് രജനീകാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിക്കുമോ ഇല്ലയോ എന്നത്. ഇക്കാര്യത്തില്‍ രജനീകാന്ത് മൗനം പാലിച്ചുവരികയായിരുന്നെങ്കിലും രജനി മക്കള്‍ മന്‍ട്രം രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. 
തമിഴ്‌നാട്ടില്‍ ആരാധകര്‍ ഏറെയുള്ള രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശം സംസ്ഥാന രാഷ്ട്രീയത്തില്‍ ചലനം സൃഷ്ടിക്കുമെന്നുണു പ്രതീക്ഷിക്കപ്പെടുന്നത്. താരങ്ങള്‍ നിറഞ്ഞുനിന്നിരുന്ന തമിഴ് രാഷ്ട്രീയത്തിലാകട്ടെ, ഇപ്പോള്‍ താരപ്പൊലിമ താരതമ്യേന കുറവാണ്. 
രജനീകാന്ത് ബി.ജെ.പിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്ന സൂചന നിലനില്‍ക്കുന്നുണ്ട്. ഏതാനും ദിവസങ്ങള്‍ മുമ്പ് ചെന്നൈയിലെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും രജനീകാന്തും തമ്മില്‍ കൂടിക്കാഴ്ച നടത്തിയേക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍, അതുണ്ടായില്ല. ആരോഗ്യപരമായ കാരണങ്ങളാല്‍ രജനീകാന്ത് ചര്‍ച്ചയില്‍നിന്നു പിന്‍മാറുകയായിരുന്നു എന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. അതേസമയം, ആര്‍.എസ്.എസ്. സാമ്പത്തിക വിദഗ്ധന്‍ എസ്.ഗുരുമൂര്‍ത്തിയുമായി അമിത് ഷാ മണിക്കൂറുകളോളം ചര്‍ച്ച നടത്തിയിരുന്നു. രജനീകാന്തിന്റെ അടുത്ത സുഹൃത്താണ് ഗുരുമൂര്‍ത്തി. രജനീകാന്തും അമിത് ഷായും തമ്മിലുള്ള ആശയവിനിമയത്തിന്റെ കണ്ണിയായി ഗുരുമൂര്‍ത്തി നിലകൊണ്ടതായാണു കരുതുന്നത്. 
 
.

Back to Top