News

ബുറെവി ലങ്കന്‍ തീരം തൊട്ടു; നാളെ കേരളത്തില്‍ പ്രവേശിക്കും

ന്യൂഡെല്‍ഹി: തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ' ബുറെവി ചുഴലിക്കാറ്റ് ശ്രലങ്കന്‍ തീരം തൊട്ടു. കഴിഞ്ഞ ആറു മണിക്കൂറായി മണിക്കൂറില്‍ 11 കി.മീ. വേഗത്തില്‍ പടിഞ്ഞാറു ദിശയിലാണു കാറ്റിന്റെ സഞ്ചാരപഥം. നാളെ കേരളത്തിലേക്കു കടക്കുമെന്നാണു കണക്കൂകൂട്ടല്‍. അതേസമയം, ശ്രിലങ്കന്‍ തീരത്ത് ബുറെവി കനത്ത നാശനഷ്ടമാണു വിതച്ചിരിക്കുന്നത്.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ ബുള്ളറ്റിന്‍ പ്രകാരം ബുറെവി ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതിത്രീവ്ര ന്യൂനമര്‍ദമായി നാളെ കേരളത്തില്‍ പ്രവേശിക്കാനുള്ള സാധ്യതയുണ്ട്. അതീവ ജാഗ്രത പാലിക്കേണ്ടതാണെന്ന് കാലാവസ്ഥാ വകുപ്പു മുന്നറിയിപ്പു നല്‍കി. അതേസമയം മൂന്ന് മണിക്കുറില്‍ ഏഴ് ജില്ലകളില്‍ കന്നത്ത മഴയ്ക്ക സാധ്യത ഉണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലാണു മഴയ്ക്കു സാധ്യത. 
ബുറെവിയെ നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും സജ്ജമാണെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ അറിയിച്ചു. അടിയന്തര സാഹചര്യം നേരിടാന്‍ എട്ട് കമ്പനി എന്‍.ഡി.ആര്‍.എഫ്. സംഘം സംസ്ഥാനത്ത് ക്യാംപ് ചെയ്യുന്നുണ്ട്. തിരുവനന്തപുരത്ത് പ്രത്യേക കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്. അപകട സാധ്യതയുള്ള മേഖലകളില്‍ ആളുകളെ മാറ്റി പാര്‍പ്പിച്ചിട്ടുമുണ്ട്.
ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കേരള തീരത്തുനിന്നു കടലില്‍ പോകുന്നതു പൂര്‍ണമായും വിലക്കി. നിലവില്‍ മല്‍സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ എത്രയും പെട്ടെന്ന് ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്ത് എത്തിച്ചേരേണ്ടതാണ്. ആവശ്യമായ തയ്യാറെടുപ്പുകള്‍ പൂര്‍ത്തികരിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്. 
ഇന്ന് ഉച്ചയോടെ പാമ്പന്‍ തീരത്തെത്തുമ്പോള്‍ ചുഴലിക്കുള്ളിലെ കാറ്റിന്റെ പരമാവധി വേഗം മണിക്കൂറില്‍ ഏകദേശം 70 മുതല്‍ 80 വരെ കിലോമീറ്ററായിരിക്കും. ശ്രീലങ്കയില്‍ ജാഫ്ന, മുല്ലൈതീവ്, കിള്ളിനോച്ചി മേഖലകളില്‍ കനത്ത കാറ്റും മഴയും തുടരുകയാണ്. കാറ്റടിച്ച് ഒട്ടേറെ വീടുകള്‍ തകരുകയും വന്‍മരങ്ങള്‍ കടപുഴകി വീഴുകയും ചെയ്തു.
 
.

Back to Top