Sanathanam

ശബരിമലയില്‍ കൂടുതല്‍ പേര്‍ക്കു പ്രവേശനം

തിരുവനന്തപുരം: ശബരിമലയില്‍ ദര്‍ശനം നടത്താവുന്നവരുടെ എണ്ണം സര്‍ക്കാര്‍ ഇരട്ടിയാക്കി. തിങ്കള്‍ മുതല്‍ വെള്ളി വരെ ദിവസങ്ങളില്‍ രണ്ടായിരും പേര്‍ക്കും ശനി, ഞായര്‍ ദിവസങ്ങളില്‍ മൂവായിരം പേര്‍ക്കും ദര്‍ശനം അനുവദിക്കും. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ കൂടുതല്‍ പേര്‍ക്കു ദര്‍ശനം അനുവദിക്കുന്നതില്‍ ഹൈന്ദവ സംഘടനകള്‍ പ്രകടിപ്പിച്ച എതിര്‍പ്പു മാനിക്കാതെയാണു സര്‍ക്കാരിന്റെ തീരുമാനം.
കുറഞ്ഞത് ആയിരം പേര്‍ക്കു പ്രതിദിനം ദര്‍ശനം അനുവദിച്ചിട്ടുണ്ടെങ്കിലും അത്രത്തോളം ഭക്തര്‍ എത്തുന്നില്ല. എത്തുന്നതില്‍ ഭൂരിഭാഗവും അന്യസംസ്ഥാനങ്ങില്‍നിന്നു വരുന്നവരാണു താനും. മലയാളികള്‍ എത്താത്ത സാഹചര്യത്തില്‍ കൂടുതല്‍ അന്യസംസ്ഥാനക്കാരെ എത്തിക്കുക എന്നതാണു സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും ലക്ഷ്യം. ശബരിമലയില്‍നിന്നുള്ള വരുമാനം പ്രതീക്ഷിച്ചാണു ഭക്തരെ വര്‍ധിപ്പിക്കാന്‍ അധികൃതര്‍ ശ്രമിക്കുന്നത്. 
ദേവസ്വം ജീവനക്കാരിലും മറ്റു സര്‍ക്കാര്‍ ഉദ്യോഗസ്ഥരിലും ഭക്തരിലും ചിലര്‍ക്കു ശബരിമലയില്‍ നടത്തിയ പരിശോധനയില്‍ കോവിഡ് ബാധിച്ചതായി കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തിക്കൊണ്ടാണു കാര്യങ്ങള്‍ ചെയ്യുന്നത് എന്ന് അധികൃതര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും സ്ഥല പരിമിതി നിമിത്തം ശബരിമലയില്‍ സാമൂഹിക അകലം പാലിക്കാനോ മറ്റു കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാനോ സാധ്യമല്ല എന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്.
 
.

Back to Top