ശബരിമലയില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്കു കൂടി കോവിഡ്
November 27 2020
പത്തനംതിട്ട: ശബരിമലയില്‍ രണ്ടു പേര്‍ക്കു കൂടി കോവിഡ് ബാധ. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ ചുമതലയുള്ള ഡെപ്യൂട്ടി തഹസില്‍ദാര്‍ക്കും ക്ഷേത്രജീവനക്കാരനുമാണു രോഗം സ്ഥിരീകരിച്ചത്.
ശബരിമലയില്‍ ഡ്യൂട്ടിയില്‍ ഉള്ളവര്‍ക്കു തുടര്‍ച്ചയായി രോഗബാധയുണ്ടാകുന്ന സ്ഥിതി സംജാതമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം രണ്ടു ജീവനക്കാര്‍ക്കു മഹാവ്യാധി പിടിപെട്ടത് ആശങ്ക വര്‍ധിപ്പിച്ചിരുന്നു. പിന്നീട് ദേവസ്വം മരാമത്ത് ഓവര്‍സിയര്‍ക്കു രോഗബാധയുണ്ടായി. ഏറ്റവും ഒടുവിലാണ് ഡെപ്യൂട്ടി തഹസില്‍ദാര്‍ക്കും ക്ഷേത്രജീവനക്കാരനും കോവിഡ് സ്ഥിരീകരിച്ചത്. രോഗം പടരുന്നതു ഭക്തരെയും ഉദ്യോഗസ്ഥരെയും അവരുടെ ബന്ധുക്കളെയുമൊക്കെ മാനസിക സംഘര്‍ഷത്തിലേക്കു നയിക്കുകയാണ്.
ഉദ്യോഗസ്ഥര്‍ക്കു തന്നെ രോഗം പടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഭക്തരെ കടത്തിവിടാനുള്ള ദേവസ്വം ബോര്‍ഡിന്റെയും സര്‍ക്കാരിന്റെയും പദ്ധതി സംശയം ജനിപ്പിക്കുന്നുണ്ട്. ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും പി.പി.ഇ. കിറ്റ്, പമ്പ ബസ് സ്റ്റാന്‍ഡ് മുതല്‍ ക്യൂ നില്ക്കാന് സംവിധാനം തുടങ്ങിയ പരിഷ്കാരങ്ങള്‍ നടപ്പാക്കിയിട്ടുണ്ടെങ്കിലും കോവിഡ് പടരുന്നത് ഒഴിവാക്കാന്‍ ഇതൊന്നും പര്യാപ്തമാവില്ല എന്നാണു വാദം.