ശബരിമല ദര്‍ശനത്തിനുള്ള ഭക്തരുടെ എണ്ണം ഇരട്ടിയാക്കും; തീരുമാനം ഇന്നുണ്ടായേക്കും
November 27 2020
തിരുവനന്തപുരം: ശബരിമലയില്‍ പ്രതിദിനം രണ്ടായിരം പേര്‍ക്കു ദര്‍ശനം അനുവദിക്കാന്‍ ദേവസ്വം ബോര്‍ഡ് പദ്ധതി. ഇപ്പോള്‍ ആയിരം പേര്‍ക്കാണു പ്രതിദിനം ദര്‍ശനം അനുവദിക്കുന്നത്. എണ്ണം ഇരട്ടിയാക്കാന്‍ സര്‍ക്കാര്‍ സമ്മതിച്ചതായും സൂചനയുണ്ട്. ഇന്നു പ്രഖ്യാപനമുണ്ടായേക്കും. നിലവില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ രണ്ടായിരം ഭക്തര്‍ക്കാണ് അനുമതി നല്‍കുന്നത്. അതു നാലായിരമായി ഉയര്‍ത്താനാണു തീരുമാനം. പമ്പ ബസ് സ്റ്റാന്‍ഡ് മുതല്‍ സന്നിധാനം വരെയുള്ള ആറു കീലോമീറ്റര്‍ സ്ഥലത്തു കൂടുതല്‍ ഭക്തര്‍ക്കു സാമൂഹിക അകലം പാലിച്ചു വരിനില്‍ക്കാന്‍ കഴിയുമെന്നാണ് ആരോഗ്യവകുപ്പു കണക്കുകൂട്ടുന്നത്.
ശബരിമലയിലെ വരുമാനത്തില്‍ ഗണ്യമായ കുറവു സംഭവിച്ച സാഹചര്യത്തിലാണു ഭക്തരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാമെടുത്തത്. ഭക്തരുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള ഉത്തരവ് ഇന്ന് ഇറങ്ങുന്ന പക്ഷം വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലും മാറ്റം വരുത്തും.
ഭക്തരുടെ എണ്ണം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സര്‍ക്കാരിന് നല്കിയ കത്ത് ഇന്നലെ ചേര്‍ന്ന ചീഫ് സെക്രട്ടറി തല ഉന്നത യോഗം പരിഗണിച്ചിരുന്നു. തുടര്‍ന്നാണു കൂടുതല്‍ പേര്‍ക്കു പ്രവേശനം നല്കാന് തീരുമാനിച്ചത്.
അതേസമയം, ഇപ്പോള്‍ വെര്‍ച്വല്‍ ക്യൂ മുഖാന്തിരം ബുക്കു ചെയ്യുന്ന ഭക്തര്‍ പോലും പൂര്‍ണമായി സന്നിധാനത്തു ദര്‍ശനത്തിന് എത്തുന്നില്ല. എത്തുന്നവരില്‍ ചിലര്‍ക്കാകട്ടെ, നിലയ്ക്കലില്‍ നടത്തിയ കോവിഡ് പരിശോധനയില്‍ പേസിറ്റീവാണെന്നു ഫലം ലഭിക്കുന്നുമുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്നു സംഘമായി എത്തുന്നവരിലാണു കോവിഡ് ബാധ കണ്ടെത്തുന്നത്. ആന്ധ്ര, മഹാരാഷ്ട്ര, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നെല്ലാം ദിവസങ്ങളോളം യാത്ര ചെയ്തുവരുന്ന രോഗബാധിതര്‍ വഴിയില്‍ ദര്‍ശനം നടത്തുന്ന ക്ഷേത്രങ്ങളിലും ഭക്ഷണം കഴിക്കുന്ന ഇടങ്ങളിലുമൊക്കെ കോവിഡ് രോഗം പകരാന്‍ സാധ്യതയുണ്ട്. പരിമിതമായ എണ്ണം ആളുകള്‍ വന്നപ്പോള്‍തന്നെ ദിവസവും പരിശോധനയില്‍ മൂന്നും നാലും രോഗബാധിതരെ കണ്ടെത്തുന്നുണ്ട് എന്നിരിക്കെ, ദിനംപ്രതി ആയിരങ്ങള്‍ തീര്ഥാടനത്തിനെത്തിയാല് സ്ഥിതി വഷളാകുമെന്നാണു ഭക്തര്‍ പറയുന്നത്. ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവ് ആണ് എന്ന കരുതി കോവിഡ് പ്രോട്ടോകോളില്‍ അലംഭാവം കാട്ടാന്‍ പാടില്ലെന്നാണ് ആരോഗ്യവകുപ്പ് നല്കുന്ന മുന്നറിയിപ്പ് എന്നതും ശ്രദ്ധേയമാണ്.