Sports

ഐ.എസ്.എല്ലില്‍ ഇന്ന് എഫ്.സി. ഗോവയും മുംബൈ സിറ്റി എഫ്.സിയും ഏറ്റുമുട്ടും

ഫട്ടോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് ആതിഥേയരായ എഫ്.സി. ഗോവ, മുംബൈ സിറ്റി എഫ്.സി.യെ നേരിടും. താര സമ്പന്നമായ ടീമാണു രണ്ടും. സീസണിലെ ഇവരുടെ രണ്ടാം മല്‍സരമാണിത്. ആദ്യ മല്‍സരത്തില്‍ എഫ്.സി. ഗോവ ബംഗളൂരു എഫ്.സിയോട് 2-2 സമനില പങ്കിട്ടപ്പോള്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനോട് അപ്രതീക്ഷിതമായി വഴങ്ങിയ 1-0ന്റെ തോല്‍വിയുടെ ക്ഷീണത്തിലാണ് മുംബൈ സിറ്റി ഇന്നു കളത്തിലിറങ്ങുന്നത്. വൈകീട്ട് 7.30ന് ഫട്ടോര്‍ഡ സ്റ്റേഡിയത്തിലാണ് മത്സരം.
വിജയത്തോടെ തുടങ്ങാനായില്ലെങ്കിലും വിജയത്തോളം പോന്ന സമനിലയാണ് ബംഗളൂരു എഫ്.സി.ക്കെതിരേ ഗോവ നേടിയെടുത്തത്. ആദ്യ മല്‍സരത്തില്‍ 4-2-3-1 ഫോര്‍മേഷനിലാണ് ഗോവ പരിശീലകന്‍ ജുവാന്‍ ഫെറാണ്ടോ കളത്തിലിറക്കിയത്. മുന്നേറ്റ നിര താരം ഇഗോര്‍ അങ്കൂലോ ആദ്യ മല്‍സരത്തില്‍ ഗോവയ്ക്കായി ഇരട്ട ഗോള്‍ നേടി. ഗോവന്‍ പ്രതിരോധ നിര ആദ്യ മല്‍സരത്തില്‍ മിടുക്കു കാട്ടിയിരുന്നു. ഇവാന്‍ ഗോണ്‍സാലസ്, സെറിറ്റന്‍ ഫെറാന്‍ഡസ്, സാന്‍സന്‍ പെരീയ്റ, ജെയിംസ് ഡൊനാഷി എന്നിവരെല്ലാം തരക്കേടില്ലാതെ കളിച്ചു. മധ്യനിരയുടെ പ്രകടനം ശരാശരി മാത്രമായിരുന്നു എന്നു വേണം പറയാന്‍. ഇതു മെച്ചപ്പെടുത്തേണ്ടതു വരുംമല്‍സരങ്ങളില്‍ ഗോവയ്ക്ക് അത്യാവശ്യമാണ്. ഇതുവരെ കിരീടം നേടാന്‍ സാധിക്കാത്ത ഗേവയ്ക്ക് ഇത്തവണ കിരീടം നേടാനുള്ള ഘടകങ്ങള്‍ നിരവധിയാണ്.
എതിര്‍ടീമും അത്ര മേശമല്ല. മികച്ച കായികക്ഷമതയുള്ള ടീമാണ് മുംബൈ സിറ്റി. എഫ്.സിക്ക് അപ്രതീക്ഷിത തിരിച്ചടിയാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരേ നേരിട്ടത്. അതിനാല്‍ത്തന്നെ രണ്ടാം മല്‍സരത്തില്‍ ജയിച്ചു തങ്ങളുടെ കരുത്തു തെളിയിക്കാനുറച്ചാവും മുംബൈ നിര ഇറങ്ങുക. പരിചയസമ്പന്നനായ പരിശീലകന്‍ സെര്‍ജിയോ ലൊബേറയുടെ തന്ത്രങ്ങളുമായാണ് മുംബൈ ഇറങ്ങുന്നത്. അവസാന സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ തുറുപ്പുചീട്ടായിരുന്ന ബാര്‍ത്തലോമു ഓഗ്ബെച്ച ഇത്തവണ മുംബൈയിലാണ്. ഓഗ്ബെച്ച 34 മല്‍സരത്തില്‍ നിന്ന് 27 ഗോളുകളാണു നേടിയത്. മാറ്റൊരു മുന്നേറ്റ താരം ആദം ലി ഫോന്‍ഡ്രിയും മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരമാണ്. സിഡ്നി എഫ്.സി. താരമായിരുന്ന ഫോന്‍ഡ്രി അവസാന സീസണില്‍ 26 മല്‍സരത്തില്‍ നിന്ന് 20 ഗോളാണ് നേടിയത്. കോട്ട കാക്കാന്‍ മൗര്‍ട്ടാഡ ഫാല്‍, മന്ദര്‍ റാവു ദേശായി തുടങ്ങിയ കരുത്തരും അവര്‍ക്കൊപ്പമുണ്ട്. മധ്യനിരയിലെ പ്രകടനം മികച്ചതാണെങ്കില്‍ മുന്നേറ്റ നിരയും പ്രതിരോധവും ഇനിയും മെച്ചപ്പെടേണ്ടതുണ്ട്.
ഇതുവരെയുള്ള കണക്കു പ്രകാരം ഇരു ടീമുകളും 14 തവണ ഏറ്റുമുട്ടിയിട്ടുണ്ട്. ഇതില്‍ ഗോവ ഏഴു തവണയും മുംബൈ നാലു തവണയുമാണു വിജയിച്ചത്. മൂന്നു മല്‍സരം സമനിലയിലാണ് അവസാനിച്ചത്. മുംബൈക്കെതിരേ 33 ഗോളുകള്‍ ഗോവ നോടിയപ്പോള്‍ വെറും 14 ഗോള്‍ മാത്രമാണ് മുംബൈക്കു നേടാനായത്. ഇന്നു നടക്കുന്ന മല്‍സരത്തിലും മുന്‍തൂക്കം ഗോവയ്ക്കുതന്നെ. 
 
.

Back to Top