Sanathanam

പൂര്‍ണത്രയീശനു സല്യൂട്ട് നല്‍കി വൈറലായ എസ്.ഐ. അനില

കൊച്ചി: രാജഭരണ കാലം മുതല്‍ തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്ര വൃശ്ചികോല്‍സവത്തില്‍ നടക്കുന്ന ചടങ്ങാണ് ഭഗവാനെ ആനപ്പുറത്ത് എഴുന്നള്ളിക്കുമ്പോള്‍ പൊലീസിന്റെ ഔദ്യോഗിക ബഹുമതികളോടെയുള്ള സല്യൂട്ട്. അതിപ്പോഴും മുടക്കമില്ലാതെ തുടര്‍ന്നുവരുന്നു. എന്നാല്‍, ഇത്തവണ എസ്.ഐ. അനില കേരള പൊലീസ് പ്രതിനിധിയായി സല്യൂട്ട് നല്‍കുന്ന വിഡിയോ ദൃശ്യം വൈറലായി. ഇതാദ്യമായാണ് വനിതാ പൊലീസ് ഉദ്യോഗസ്ഥ പൂര്‍ണത്രയീശന് സല്യൂട്ട് നല്‍കുന്നത് എന്ന അടിക്കുറിപ്പോടെയാണു വിഡിയോ പ്രചരിച്ചത്. ചടങ്ങിന്റെ കൗതുകംകൂടി ചേര്‍ന്നതോടെ നിമിഷങ്ങള്‍ക്കകം വിഡിയോ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു. 
തനിക്കു വന്നുചേര്‍ന്ന അസുലഭ ഭാഗ്യമായാണ് അനില ഈ അവസരത്തെ കാണുന്നത്. സത്യത്തില്‍ അനിലയായിരുന്നില്ല സല്യൂട്ട് നല്‍കേണ്ടിയിരുന്നത്. പ്രിന്‍സിപ്പല്‍ എസ്.ഐ. അവധിയിലായിരുന്നതിനാല്‍ പകരക്കാരി ആയാണ് വനിതാ ഉദ്യോഗസ്ഥ നിയോഗിക്കപ്പെട്ടത്. 
വിഡിയോ പകര്‍ത്തിയതോ ഷെയര്‍ ചെയ്തതോ അനില അറിഞ്ഞിരുന്നില്ല. പിന്‍ഭാഗത്തുനിന്നു പകര്‍ത്തിയ വിഡിയോയില്‍ പൂര്‍ണത്രയീശന്റെ എഴുന്നള്ളത്തും സല്യൂട്ട് നല്‍കുന്നതും വ്യക്തമായി കാണാം. അനില പൊലീസുകാര്‍ക്കു നിര്‍ദേശങ്ങള്‍ നല്‍കുന്നതു കേള്‍ക്കുകയും ചെയ്യാം. വിഡിയോ വൈറലായതില്‍ സന്തോഷിക്കുകയാണ് അനില. 
 
.

Back to Top