Finance

ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം ഉയര്‍ത്തി റേറ്റിങ് ഏജന്‍സികള്‍

മുംബൈ: കോവിഡ് പ്രതിസന്ധി നേരിടാനുള്ള പുതിയ സാമ്പത്തിക പാക്കേജുകളുടെ പശ്ചാത്തലത്തില്‍ സാമ്പത്തിക വളര്‍ച്ച മുന്‍പു കരുതിയിരുന്നതിനേക്കാള്‍ വേഗത്തില്‍ മെച്ചപ്പെടുമെന്ന് റേറ്റിങ് ഏജന്‍സികള്‍.
ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ആദ്യപാദത്തില്‍ തന്നെ 24 ശതമാനത്തിനടുത്ത് ജി.ഡി.പി. ചുരുങ്ങിയിരുന്നു. എന്നാല്‍ രണ്ടാം പാദത്തില്‍ ജി.ഡി.പി. മെച്ചപ്പെടുമെന്നും മൂന്നാം പാദത്തില്‍ തന്നെ വളര്‍ച്ച പൂജ്യത്തിനു മുകളിലെത്തും എന്നാണു വിലയിരുത്തല്‍.
നടപ്പു സാമ്പത്തികവര്‍ഷം രണ്ടാം പാദത്തില്‍ ജി.ഡി.പി. ഇടിവ് 10.7 ശതമാനത്തില്‍ ഒതുങ്ങുമെന്ന് എസ്.ബി.ഐ. റിസര്‍ച്ച് പുതിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു. നേരത്തെ 12.5 ശതമാനംവരെ ഇടിവുണ്ടാകുമെന്നു കണക്കാക്കിയ സ്ഥാനത്താണിത്. വിവിധ മേഖലതകളില്‍ നഷ്ടം കുറഞ്ഞിട്ടുണ്ടെങ്കിലും ഇപ്പോഴും ഭീഷണികള്‍ നിലനില്‍ക്കുന്നതായി എസ്.ബി.ഐയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സൗമ്യകാന്തി ഘോഷ് പറഞ്ഞു. രണ്ടാം പാദത്തില്‍ 9.5 ശതമാനം ഇടിവാണ് ഇക്രയുടെ അനുമാനം.
ബ്രോക്കറേജ് സ്ഥാപനമായ ബാര്‍ക്ലേയ്സിന്റെ അനുമാനത്തില്‍ 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 8.5 ശതമാനം വളര്‍ച്ച നേടും.. നേരത്തെ ഏഴു ശതമാനമെന്നു പ്രവചിച്ചിരുന്ന സ്ഥാനത്താണിത്. മൂന്നാം പാദം മുതല്‍ ഇന്ത്യയുടെ ജി.ഡി.പി. വളര്‍ച്ച പൂജ്യത്തിനു മുകളിലെത്തുമെന്നും നടപ്പു സാമ്പത്തിക വര്‍ഷം ജി.ഡി.പി. കുറയുന്നത് 6.4 ശതമാനം മാത്രമായിരിക്കുമെന്നും ബാര്‍ക്ലേയ്സ് അനുമാനിക്കുന്നു. ഇതേ രീതിയില്‍ ഇന്ത്യയുടെ വളര്‍ച്ച വേഗത്തില്‍ തിരികെ വരുമെന്ന് ഫിച്ച് റേറ്റിങ്സും പുതിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചുണ്ട്.
 
.

Back to Top