Sanathanam

സന്നിധാനം വിജനം; ശബരിമലയില്‍ വരുമാനം തുച്ഛം

പത്തനംതിട്ട: ശബരിമല സന്നിധാനം വിജനം. മണ്ഡലകാലത്തെ ആദ്യ ദിനം നടവരുമാനം 10 ലക്ഷത്തോളം രൂപ മാത്രം. കഴിഞ്ഞ വര്‍ഷം 3.32 കോടി രൂപയായിരുന്നു ആദ്യ ദിവസത്തെ നടവരവ്. രണ്ടാം ദിവസമാകട്ടെ ഈ വര്‍ഷം വരവ് ആദ്യ ദിവസത്തെക്കാളും കുറഞ്ഞ് എട്ടു ലക്ഷം രൂപയായി. കഴിഞ്ഞ വര്‍ഷം രണ്ടാം ദിവസം 3.63 കോടി രൂപ ലഭിച്ചിരുന്നു. സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥ സമിതിയുടെ തീരുമാന പ്രകാരമുള്ള വ്യവസ്ഥകളോടെയുള്ള ദര്‍ശനം വിശ്വാസികള്‍ സ്വീകരിച്ചില്ല. ഉദ്യോഗസ്ഥ തീരുമാനം അടിച്ചേല്‍പിച്ചത് ദേവസ്വം ബോര്‍ഡിനു കോടികളുടെ നഷ്ടം വരുത്തിവെച്ചു. കോവിഡ് പശ്ചാത്തലത്തില്‍ തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ ആയിരം പേര്‍ക്കും ശനി, ഞായര്‍ ദിവസങ്ങളില്‍ രണ്ടായിരം പേര്‍ക്കും ദര്‍ശനം അനുവദിക്കാനായിരുന്നു തീരുമാനം. എന്നാല്‍ എത്തുന്നതാകട്ടെ വളരെ കുറച്ചു പേര്‍ മാത്രം.
ആദ്യ ദിവസങ്ങളില്‍ നാമമാത്രമായ വരുമാനമെങ്കിലും ലഭിക്കാന്‍ കാരണം ഉദയാസ്തമന പൂജയും പടിപൂജയും പുനരാരംഭിച്ചതുകൊണ്ടാണ്. പടിപൂജയ്ക്ക് 75,000 രൂപയും ഉദയാസ്തമന പൂജയ്ക്ക് 40,000 രൂപയുമാണു വഴിപാടു തുക. 
കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എങ്ങനെ ശബരിമലയില്‍ ദര്‍ശനം അനുവദിക്കാമെന്നു തീരുമാനിക്കാന്‍ ഉദ്യോഗസ്ഥ സമിതിയെ നിയോഗിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ആ സമിതിയുടെ തീരുമാന പ്രകാരമാണു ദേവസ്വം ബോര്‍ഡ് തീരുമാനങ്ങള്‍ കൈക്കൊണ്ടത്. ഹൈന്ദവ സംഘടനകളുമായോ തന്ത്രി ഉള്‍പ്പെടെ ശബരിമലയുമായി ബന്ധപ്പെട്ടവരുമായോ ചര്‍ച്ച ചെയ്യാന്‍ അധികൃതര്‍ തയ്യാറായില്ല. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് അയ്യപ്പദര്‍ശനം സാധ്യമല്ല എന്നതിനാല്‍ ഇത്തവണ ശബരിമല യാത്ര ഒഴിവാക്കാനും പകരം മണ്ഡലകാല പ്രാര്‍ഥന വീടുകളില്‍ നടത്താനും ഹൈന്ദവ സംഘടനകള്‍ തീരുമാനിച്ചിരുന്നു. 'ഭവനം സന്നിധാനം' എന്ന പേരില്‍ പ്രചരണ പരിപാടി സംഘടിപ്പിക്കുന്നുമുണ്ട്. അതേ സമയം സര്‍ക്കാരിന്റെ നീക്കം പരമാവധി ഭക്തരെ ശബരിമലയില്‍ എത്തിക്കാനാണ്. സംസ്ഥാനത്ത് ഏതാണ്ടെല്ലാ ക്ഷേത്രങ്ങളും അടഞ്ഞുകിടക്കുന്നതിനാല്‍ വരുമാനത്തിനുള്ള വഴിയായി കണ്ടാണു ശബരിമലയില്‍ ദര്‍ശനം അനുവദിച്ചതെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, വിശ്വാസികള്‍ ഉള്‍ക്കൊണ്ടതു ഹൈന്ദവ സംഘടനകളുടെ ആഹ്വാനമാണ് എന്നതിനു തെൡവാണു ഭക്തര്‍ എത്തുന്നില്ല എന്നത്. 
ഈ സ്ഥിതി മനസ്സിലാക്കി സര്‍ക്കാര്‍ മറ്റു വഴികള്‍ തേടുന്നതായാണു സൂചന. പ്രതിദിനം പ്രവേശിപ്പിക്കാവുന്ന തീര്‍ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. പ്രതിദിനം അയ്യായിരം പേര്‍ക്കു പ്രവേശനം നല്‍കണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനോട് ദേവസ്വം പ്രസിഡന്റ് എന്‍.വാസു അഭ്യര്‍ഥിച്ചതായി റിപ്പോര്‍ട്ടുണ്ട്. തിരുപ്പതിയില്‍ നേരത്തേ ദിനംപ്രതി 20,000 തീര്‍ഥാടകരെയാണ് അനുവദിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ 40,000 പേരെ അനുവദിക്കുന്നുണ്ട് എന്നതാണു മാതൃകയായി ചൂണ്ടിക്കാട്ടുന്നത്. ശബരിമലയില്‍ തീര്‍ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് സര്‍ക്കാരിന്റെ അഭിപ്രായം അറിയിക്കാന്‍ ഹൈക്കോടതി ദേവസ്വം ബെഞ്ച് ആവശ്യപ്പെട്ടിരുന്നു. നിലവിലെ സൗകര്യങ്ങള്‍ പരിഗണിച്ച് എണ്ണം വര്‍ധിപ്പിക്കുന്നതില്‍ അപാകതയില്ലെന്ന് ശബരില സ്പെഷ്യല്‍ കമ്മിഷ്ണര്‍. ജി. മനോജ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുമുണ്ട്. വിഷയം കോടതി തിങ്കളാഴ്ച പരിഗണിച്ചേക്കും. 
സാധാരണ മലയാള മാസ പൂജകള്‍ക്കായി നട തുറക്കുന്ന അഞ്ചു ദിവസങ്ങളില്‍ മാത്രം നടത്തിയിരുന്ന പടിപൂജയും ഉദയാസ്തമന പൂജയും ഡിസംബര്‍ 15 വരെ എല്ലാ ദിവസവും നടക്കും. മകരവിളക്ക് തീര്‍ഥാടന കാലത്ത് ഡിസംബര്‍ 31 മുതല്‍ ജനുവരം 10 വരെയും ജനുവരി 15 മുതല്‍ 19 വരെയും പടിപൂജയും ഉദയാസ്തമന പൂജയും നടക്കും. കോവിഡ് പശ്ചാത്തലത്തില്‍ തീര്‍ഥാടകരെ പ്രവേശിപ്പിക്കാതിരുന്ന മീനമാസ പൂജകള്‍ മുതല്‍ മുടങ്ങിയ മലയാള മാസങ്ങളിലെ പടിപൂജയും ഉദയാസ്തമന പൂജയുമാണ് നടന്നുവരുന്നത്. പടിപൂജയും ഉദയാസ്തമന പൂജയും മുടങ്ങിപ്പോയവരെ അറിക്കുകയും എത്താന്‍ കഴിയാത്തവര്‍ക്കു പകരമായി ലിസ്റ്റില്‍ പിറകിലുള്ളവരെ പരിഗണിക്കുകയും ചെയ്യും. അവര്‍ക്കും എത്താന്‍ കഴിയാത്ത പക്ഷം പുതിയതായി ബുക്ക് ചെയ്യുന്നവരെ പരിഗണിക്കും. പടിപൂജ നിലവില്‍ 2036 വരെയുള്ള വര്‍ഷങ്ങളിലേക്ക് ബുക്ക് ചെയ്തുകഴിഞ്ഞു. ഉദയാസ്തമന പൂജ 2027 വരെയും ബുക്കിങ് പൂര്‍ത്തിയായിട്ടുണ്ട്.
വരുമാനത്തിലുള്ള ഗണ്യമായ കുറവ് ശബരിമലയിലെ ദൈനംദിന ചെലവുകള്‍ക്കു തിരിച്ചടിയാകുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ശമ്പളം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ മുടങ്ങുമോ എന്ന ആശങ്കയിലാണു ജീവനക്കാര്‍.
 
.

Back to Top