Sanathanam

ഇത് ശബരിമലയില്‍ പോകാതിരിക്കേണ്ട മണ്ഡലകാലം: സ്വാമി ചിദാനന്ദ പുരി

കോഴിക്കോട്: ശബരിമലയിലെ ആചാരങ്ങളെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവരും സാമ്പത്തിക നേട്ടം മാത്രം കാംക്ഷിക്കുന്നവരും അയ്യപ്പ ദര്‍ശനത്തിനെത്താന്‍ ഭക്തരെ സ്വാധീനിക്കാന്‍ ശ്രമിച്ചേക്കാമെന്നും എന്നാല്‍, ഇത്തവണ പരമ്പരാഗത ആചാരങ്ങള്‍ പാലിച്ച് ശബരിമല ദര്‍ശനം സാധ്യമല്ലാത്തതിനാല്‍ മണ്ഡലകാല പ്രാര്‍ഥന വീടുകളില്‍ നടത്തണമെന്നും കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദ പുരി. പമ്പാസ്‌നാനവും നെയ്യഭിഷേകവും ഇല്ലാതെ ശബരിമല ദര്‍ശനം നടത്തുന്നത് ആചാര ലംഘനമാണ്. ധാരാളം പേര്‍ സന്നിധാനത്ത് എത്തിച്ചേരുന്ന സാഹചര്യമുണ്ടായാല്‍ കോവിഡ് ബാധയുണ്ടാകാന്‍ സാധ്യതയുണ്ട്. അപ്പോള്‍ ശബരിമല ക്ഷേത്രം അടച്ചിടേണ്ടിവരും. അത് അചിന്ത്യമാണ്. തീര്‍ഥാടന കേന്ദ്രം എന്നതിലുപരി ശബരിമല ദേവാലയമാണ്. അവിടെ പൂജ മുടങ്ങാതിരിക്കുക എന്നതു വളരെ പ്രധാനമാണ്. ഇതു ഭക്തര്‍ ഓര്‍ക്കണമെന്നും സ്വാമി ചിദാനന്ദ പുരി വ്യക്തമാക്കി. 
പ്രസ്താവനയുടെ പൂര്‍ണ രൂപം: 
വീണ്ടും ഒരു മണ്ഡല പുണ്യകാലം കൂടി വന്നുചേര്‍ന്നിരിക്കയാണ്. കേരളീയ ഹൈന്ദവ സമാജത്തില്‍ ഉപാസനയുടെ മന്ത്രജപത്തിന്റെ വ്രതപാലനത്തിന്റെയോക്കെ വിശുദ്ധി നിലനില്‍ക്കുന്ന കാലം; അതുപോലെ തന്നെ ദക്ഷിണ ഭാരതത്തിലെ പ്രായേണ എല്ലാ  പ്രദേശങ്ങളിലും, വിശിഷ്യ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര എന്നീ സംസ്ഥാനങ്ങളില്‍ ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ടുള്ള വ്രതപാലനം നടക്കുന്ന കാലം. വാസ്തവത്തില്‍ മണ്ഡലകാലം എന്നുള്ളതിനു ശബരിമല തീര്‍ഥാടനവുമായി മാത്രമല്ല ബന്ധമുള്ളത്. സവിശേഷതയാര്‍ന്ന കാലമാണിത്. ഭാരതീയ ഗണനയനുസരിച്ച് ഒരു മനുഷ്യ വര്‍ഷം ഒരു ദേവദിവസമാണ്. മകരസംക്രാന്തി അഥവാ ഉത്തരായന ആരംഭമാണു ദേവദിനത്തിന്റെ ഉദയ സന്ദര്‍ഭം. ദേവദിനം ഉത്തരായനവും ദേവരാത്രം ദക്ഷിണായനവും എന്നു മനസ്സിലാക്കണം. 
പുലരുന്നതിന് ഏഴര നാഴിക മുമ്പുള്ള, വിശിഷ്ട ഉപാസനകള്‍ക്ക് അനുയോജ്യമായ ദേവന്‍മാരുടെ ബ്രാഹ്‌മയാമമാണു നമ്മെ സംബന്ധിച്ച് വൃശ്ചികം ഒന്നു മുതല്‍ 41 ദിവസം നീണ്ടുനില്‍ക്കുന്ന മണ്ഡലകാലം. അതുകൊണ്ടു തന്നെ ഈയൊരു സമയം മന്ത്രോപാസനകള്‍ക്കും സൂക്ഷ്മസാധനകള്‍ക്കും വളരെയധികം വിശിഷ്ടമാണ്. ദക്ഷിണായനം കഴിഞ്ഞ് ഉത്തരായനത്തിലേക്കു പ്രവേശിക്കുന്നതിനു തൊട്ടുമുന്‍പുള്ള ആ കാലഘട്ടം തീര്‍ച്ചയായും ശക്തിസമാഹരണത്തിന്റെ മികച്ച സന്ദര്‍ഭമാണ്. ഈ സന്ദര്‍ഭത്തിലാണു നാം നൂറ്റാണ്ടുകളായി ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട ഉപാസനകള്‍ അനുഷ്ഠിച്ചുവരുന്നത്. പ്രായേണ എല്ലാ വര്‍ഷവും ലക്ഷക്കണക്കിനുഭക്തന്‍മാര്‍ ശബരിമലയിലേക്കു പോകാന്‍ തയ്യാറെടുത്തു വ്രതപാലനം ചെയ്യുന്ന കാലഘട്ടമാണിത്. 
ഈ വര്‍ഷം കോവിഡ് 19 മഹാവ്യാധി നിമിത്തം ലോക്ഡൗണ്‍ നിലനില്‍ക്കുകയും കേരളത്തില്‍ അഭൂതപൂര്‍വമായി രോഗം പടരുകയും ചെയ്യുന്നതിനാല്‍ എല്ലാ വര്‍ഷവുമെന്നപോലെ ശബരിമല ദര്‍ശനം ഈ വര്‍ഷം സാധ്യമല്ല. ശബരിമലയിലെ ആചാര വ്യവസ്ഥയെയും സമ്പ്രദായത്തെയുമെക്കെ അട്ടിമറിക്കാമെന്നും അതിനൊന്നും മൂല്യം കല്‍പിക്കേണ്ടതില്ല എന്നും കരുതുന്നവരും കേവലം സാമ്പത്തിക ലാഭം മുതലായവ ലക്ഷ്യം വെക്കുന്നവരും ഭക്തന്‍മാരെ ശബരിമലയിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമിച്ചേക്കാം. പക്ഷേ ഇന്നത്തെ സാഹചര്യത്തില്‍ അവിടെ ദര്‍ശനത്തിനു പോകരുത് എന്നുള്ളത് സാമാന്യ ബുദ്ധിയുള്ളവര്‍ക്കു മനസ്സിലാകും. 
ഒന്നാമതായി തീര്‍ഥാടന കേന്ദ്രമാണ് ശബരിമലയെങ്കിലും അതിലുപരി അതു ദേവാലയമാണ്; ഭഗവാന്റെ സങ്കേതമാണ്. അവിടെ പൂജ മുടങ്ങാതിരിക്കുന്നതിനാണു നാം പ്രധാന്യം കല്‍പിക്കേണ്ടത്. നമുക്ക് ദര്‍ശിക്കണം, ദര്‍ശനത്തിലൂടെ ക്യതാര്‍ഥരാവണം വേണ്ടെന്നല്ല. എന്നാല്‍ അതിലും പ്രധാന്യം നല്‍കേണ്ടത് ഭഗവാന്റെ പൂജ മുടങ്ങുന്നില്ല എന്നതിനാണ്. 
ധാരാളം പേര്‍ ശബരിമലയില്‍ എത്തുകയും കോവിഡ് പോസിറ്റീവ് ആവര്‍ എത്തിപ്പെടുകയും ചെയ്യുന്ന അവസ്ഥാവിശേഷം ഉണ്ടായാല്‍ ക്ഷേത്രം അടച്ചിടേണ്ടിവരും. അത് അചിന്ത്യമാണ്. അതിലുപരി ഓര്‍ക്കേണ്ടത് അങ്ങോയറ്റം ത്യഗനിഷ്ഠമായ ഭാവത്തോടുകൂടി തപസ്സെന്നോണം പുറപ്പാടാശാന്തിയായി കഴിഞ്ഞു കര്‍മം ചെയ്യുന്നവരാണ് അവിടെയുള്ളത് എന്നതാണ്. അങ്ങനെ പുറപ്പാടാശാന്തിയായി കര്‍മം ചെയ്യുന്ന അവിടുത്തെ പൂജകന്‍മാര്‍ക്ക് ഒരു തരത്തിലും നാം കാരണം രോഗബാധ വരാന്‍ പാടില്ല. 
മറ്റൊരു വശം ശബരിമല തീര്‍ഥാടനം സാധാരണ ക്ഷേത്ര ദര്‍ശനമല്ല എന്നതാണ്. അവിടെ വിശിഷ്ടങ്ങളായ ചടങ്ങുകളുണ്ട്. തുടക്കത്തില്‍ തന്നെ ഗ്രാമത്തിലുള്ള, അല്ലെങ്കില്‍ പ്രദേശത്തുള്ള ഗുരുസ്വാമിയില്‍നിന്നു ഭാഗവാന്റെ മുദ്ര സ്വീകരിച്ച് ഹൃദ്ദേശത്തു ധരിക്കുന്നു. തുടര്‍ന്നു വ്രതചര്യയില്‍ കഴിയുന്നു. വ്രതചര്യ തുടരവെ, ഗുരുസ്വാമിയുടെ കാര്‍മികത്വത്തില്‍ നെയ്‌ത്തേങ്ങ നിറച്ച് ഇരുമുടിക്കെട്ടുമേന്തിയാണ് ശബരിമലയ്ക്കു യാത്ര പുറപ്പെടുന്നത്. അവനവന്റെ ജീവാത്മഭാവത്തിന്റെ, അഥവാ പരാഭക്തിയുടെ പ്രതീകമായ നെയ്യ് ശരീരമാകുന്ന ശ്രീഫലത്തില്‍ സാത്വികദ്വാരത്തിലൂടെ നിറച്ച്, അതാണ് നമുക്കു കൊണ്ടുപോയി ഭഗവാന് അഭിഷേകം ചെയ്യാനുള്ളത്, എകീഭവിക്കാനുള്ളത്. 
പമ്പയില്‍ സ്‌നാനം ചെയ്തു പരിശുദ്ധനായി, അനന്തരം മല കയറി തന്റെ സ്ഥൂല ശരീരാഭിമാനത്തിന് അപ്പുറത്തേക്കെത്തി സൂക്ഷ്മകാരണ ശരീരങ്ങളെയും അതിക്രമിച്ച്, പതിനെഴുമൊന്നും പതിനെട്ട്, അഥവാ ഭഗവാന്റെ പതിനെട്ടു കോട്ടകളെയും പ്രതിനിധാനം ചെയ്യുന്ന പതിനെട്ടു പടികള്‍ കയറി ഭഗവദ്ദര്‍ശനം നേടുക. അവിടെ നെയ്യഭിഷേകം ചെയ്യുക. ഭഗവദ്‌നാമം ജപിച്ചും ഭഗവത്‌സ്മൃതിയെ ഉണര്‍ത്തിയും സന്നിധാനത്തു കഴിഞ്ഞു രാത്രിയിലുള്ള ഭഗവാന്റെ സകല കര്‍മങ്ങളും പൂര്‍ത്തിയാക്കി വിശ്രാന്തി പ്രാപിക്കുന്നതുവരെയുള്ള സന്ദര്‍ഭം അവിടെ ചെലവഴിക്കുക. ക്യതാര്‍ഥതയോടുകൂടി തിരിച്ചു പോരുക. ഇങ്ങനെയുള്ള ചടങ്ങു നിലനില്‍ക്കുന്ന സങ്കേതത്തില്‍ പമ്പാസ്‌നാനം ചെയ്യാതെ, നെയ്യഭിഷേകത്തിന് അനുവാദമില്ലാതെ, 60 വയസ്സിനു മുകളില്‍ പ്രായമുള്ള ഗുരുസ്വാമിയുടെ കൂടെ യാത്രചെയ്യാന്‍ അനുമതിയില്ലാതെ ദര്‍ശനം നടത്തുമ്പോള്‍ നാം പരമ്പരഗതമായി പാലിച്ചുപോരുന്ന ആചാരങ്ങള്‍ മുഴുവന്‍ അതിനാല്‍ ധ്വംസിക്കപ്പെടുകയാണ്; മാറ്റിവെക്കുകയാണ്. അങ്ങനെ വരുമ്പോള്‍ അതിന്റെ പവിത്രതയും അതുമായി ബന്ധപ്പെട്ടുള്ള മറ്റു ഘടകങ്ങളും ഇല്ലാതെയാകും. അതുകൊണ്ട് ഈ വര്‍ഷം മണ്ഡലകാലത്ത് ശബരിമലയിലേക്കു പോവുക എന്നുള്ളതു മാറ്റിവെച്ചു നമ്മുടെ ഭവനം തന്നെ സന്നിധാനം, നമ്മുടെ ഗൃഹം തന്നെ ക്ഷേത്രം എന്ന ഭാവന ഊട്ടിയുറപ്പിച്ചുകൊണ്ട് നമുക്കു സമാചരിക്കാം. വീട്ടിലെ എല്ലാ അംഗങ്ങളും ഒത്തൊരുമിച്ചു പ്രഭാതത്തിനു മുന്‍പു ബ്രാഹ്‌മയാമത്തില്‍ ഉണര്‍ന്ന് ശൗചസ്‌നാനങ്ങള്‍ ചെയ്തു ഭഗവാന്റെ നാമങ്ങള്‍ ജപിച്ച്, മന്ത്രങ്ങള്‍ ജപിച്ച്, ഇന്നത്തെ ജീവിത സാഹചര്യത്തില്‍, നമ്മുടെതായ കര്‍മങ്ങളില്‍ ഏര്‍പ്പെട്ട്, സന്ധ്യാസമയത്തു കുളികഴിഞ്ഞു വീട്ടിലെല്ലാവരും ഒത്തൊരുമിച്ച് ശരണംവിളിച്ചു കര്‍പ്പൂരം ജ്വലിപ്പിച്ച് ഭഗവദ്പൂജ ചെയ്ത് ആവുന്നത്ര നാമജപങ്ങളും കീര്‍ത്തനങ്ങളും ചെയ്ത്, അല്പമെങ്കിലും സ്വാധ്യായ ചെയ്ത്, ഈ മണ്ഡലകാലം നമ്മുടെ ഗൃഹങ്ങളെത്തന്നെ സന്നിധാനമാക്കി മാറ്റാം. ആ വ്രതം നാം പാലിക്കുക. ആഹാര ശുദ്ധി, വസ്ത്രശുദ്ധി, മനഃശുദ്ധി തുടങ്ങി എല്ലാവിധത്തിലുമുള്ള ശുദ്ധി പാലിച്ചുകൊണ്ടു നമുക്കു കഴിയാം. ഇന്നത്തെ സാഹചര്യമെല്ലാം മാറി, സാധാരണ സമ്പ്രദായ വിശുദ്ധിയോടുകൂടി ഭഗവത് ദര്‍ശനം ചെയ്യാന്‍ സാധ്യമാകുന്ന കാലം ഏറെ താമസിയാതെ വരട്ടെ. അന്നു നമുക്കു ദര്‍ശനത്തിനു പോകാമെന്നു സങ്കല്‍പ്പിക്കാം ഒളിഞ്ഞും തെളിഞ്ഞും നമ്മുടെ ആചാരങ്ങളെയും വിശ്വാസ പ്രമാണങ്ങളെയും സങ്കേതങ്ങളെയും ആചര്യന്‍മാരെയും എല്ലാം നിന്ദിക്കുകയും അവഹേളിക്കുകയും ധ്വംസിക്കുകയും ചെയ്യുന്ന ആസുരിക പ്രവണതകളെ തിരിച്ചറിഞ്ഞ് എല്ല അര്‍ഥത്തിലും ധര്‍മ സംരക്ഷണത്തിനായി നമുക്ക് ഒത്തുചേരാം. അങ്ങനെ ഉപാസനയിലൂടെ കരുത്തു വര്‍ധിപ്പിച്ച് സാനാതന ധര്‍മത്തിന്റെ പോഷണത്തിനും സംരക്ഷണത്തിനുമായി നമുക്കു നിലക്കൊള്ളാം. അതിനായി കരുത്താര്‍ജിക്കാനുള്ള സന്ദര്‍ഭമാണ് ഈ മണ്ഡലകാലമെന്നു മനസ്സിലാക്കി ശാന്തിയും സമാധാനവും പ്രകാശവും നമുക്കും കുടുബത്തിനുമുള്ളില്‍ സമാഹരിക്കുന്നതിനായി വിശുദ്ധമായ വ്രതത്തെ പാലിച്ചു നമുക്കു നമ്മുടെ ഭവനം തന്നെ സന്നിധാനം, ഗൃഹം തന്നെ ക്ഷേത്രം എന്ന ദിവ്യമായ അവസ്ഥയിലേക്ക ഉയരാം, ഉയര്‍ത്താം. അതിനായി പരിശ്രമിക്കുക.
 
.

Back to Top