Ulsavam

വടക്കന്‍ കേരളത്തിലെ ഉല്‍സവങ്ങള്‍ക്കു തിരികൊളിത്തി കടലുണ്ടി വാവുല്‍സവം

കോഴിക്കോട്: വടക്കന്‍ കേരളത്തിലെ ക്ഷേത്രോല്‍സവങ്ങള്‍ക്കു തുടക്കം കുറിക്കുന്നത് കടലുണ്ടി വാവുല്‍സവത്തോടെയാണ്. കടലുണ്ടി എന്ന കൊച്ചുഗ്രാമത്തിന്റെ ചരിത്രവും സംസ്‌കാരവും വിളിച്ചോതുന്ന ഉല്‍സവമാണിത്. തുലാമാസത്തിലെ കറുത്ത വാവിനാണു വാവുല്‍സവം. നൂറ്റാണ്ടുകളോളം പഴക്കമുള്ള ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും നല്ല കാഴ്ചകളാണു വാവുല്‍സവം ഭക്തര്‍ക്കു സമ്മാനിക്കുന്നത്. ജാതി, മത ഭേമന്യേ ഒരു ദേശത്തിന്റെ ഉല്‍സവമായാണ് ഇതു കണക്കാക്കപ്പെടുന്നത്. പേടിയാട്ടമ്മയുടെയും മകന്‍ ജാതവന്റെയും സ്നേഹ നിര്‍ഭരമായ കാത്തിരിപ്പാണു വാവുല്‍സവത്തിനു പിന്നിലെ ഐതിഹ്യം.
പോടി ആട്ടുന്നവളാണ് പേടിയാട്ടമ്മ എന്നാണു വിശ്വാസം. ഭക്തന്റെ മനസ്സിലെ ആധികളെ ആട്ടിയകറ്റി ആത്മവിശ്വാസവും നിശ്ചയാദാര്‍ഢ്യവും പ്രദാനം ചെയ്യുന്നവളാണ് ഭഗവതി എന്നാണു വിശ്വാസം. മലബാറില്‍ ഉല്‍സവനാളുകള്‍ പേടിയാട്ടമ്മയുടെ ഉല്‍സവത്തോടെ ആരംഭിക്കുകയും മലപ്പുറം തിരൂരങ്ങാടി മൂന്നിയൂരിലെ അമ്മാഞ്ചേരി അമ്മയുടെ ഉല്‍സവവമായ കോഴികളിയാട്ട മഹോത്സവത്തോടെ അവസാനിക്കുകയും ചെയ്യുന്നു. പേടിയാട്ടമ്മ തുറക്കും, അമ്മാഞ്ചേരി അമ്മ അടയ്ക്കും എന്നാണ് ചൊല്ല്.
വാവുല്‍സവത്തിനു കേളികൊട്ടുയരുന്നതു ജാതവന്റെ ഊരുചുറ്റല്‍ ചടങ്ങോടുകൂടിയാണ്. അമ്മയായ പേടിയാട്ട് ഭഗവതിയുടെ തിരുനാള്‍ നാടുമുഴക്കെ അറിയിച്ചുകൊണ്ടു വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഉള്ള ഊരുചുറ്റല്‍ ജാതവന്റെ അമ്മയെ തേടിയുള്ള യാത്രകൂടിയാണ്. പവിത്രമായ മാതൃ-പുത്ര ബന്ധത്തിന്റെ ഹൃദയസ്പര്‍ശിയായ ഇതിവ്യത്തം ഈ ഉല്‍സവത്തിനു പിന്നിലുണ്ട്.
തിരുവളയനാട് ക്ഷേത്രത്തിലെ പൂരവിളക്കു കാണാനായി മാത്യസഹോദരി അമ്മഞ്ചേരി അമ്മയോടെപ്പം പുറപ്പെടാനെരുങ്ങിയ ജാതവനെ അവിടെ മധ്യമ കര്‍മങ്ങളായതുകൊണ്ട് അമ്മ ഭഗവതി വിലക്കിയത്രെ. ഇതു വകവെക്കാതെ പൂരത്തില്‍ പങ്കെടുക്കാനെത്തിയ ജാതവന് വളയനാട്ടമ്മ പാല്‍വര്‍ണക്കുതിര സമ്മനാമായി നല്‍കി. ഇതോടൊപ്പം വളയനാട്ടമ്മ ജാതവനെ മധ്യമവസ്തുക്കളടങ്ങിയ സത്ക്കാരത്തിനു ക്ഷണിക്കുകയും ചെയ്തുവത്രെ. അമ്മ ഭഗവതിയുടെ വിലക്കോര്‍ത്ത ജാതവന്‍ സത്ക്കാരം തിരസ്‌ക്കരിച്ചു. ഇതില്‍ ക്ഷുഭിതയായ വളയനാട്ടമ്മ മധ്യമവസ്തുക്കള്‍ ജാതവനു നേരെ തൊട്ടുതെറിപ്പിച്ചു. അശുദ്ധനായി തിരിച്ചെത്തിയ ജാതവനെ പേടിയാട്ടമ്മ അകറ്റിനിര്‍ത്തുകയും കാക്കകോറക്കുന്നില്‍ കോട്ടകെട്ടി കുടിയിരുത്തുകയും ചെയ്തു എന്നാണ് ഐതിഹ്യം. 
പേടിയാട്ടുല്‍സവത്തിനു രണ്ടുനാള്‍ മുന്‍പുതന്നെ ദേവിയുടെ മകനായി സങ്കല്‍പ്പിക്കപ്പെടുന്ന ജാതവന്‍ സ്വന്തം കോട്ടയില്‍നിന്ന് ആഹ്ളാദഭരിതനായി പുറപ്പെടുന്നതാണു ചടങ്ങ്. പേടിയാട്ടമ്മയുടെ നീരാട്ട് മഹോല്‍സവത്തിനു നാടുണര്‍ത്താനുള്ള ദൗത്യം നിര്‍വഹിക്കുന്നതിന് ജാതവന്‍ തന്റെ പുള്ളിക്കുതിരപ്പുറത്തേറി വീടുവീടാന്തരം കയറി കറുത്ത വാവിനു കാലത്ത് കക്കാട്ട് കടപ്പുറത്തെത്തുന്നു. അപ്പോള്‍ ജാതവനെ നാട്ടിലെ മുസ്ലിം പ്രമാണിമാര്‍ ഏട്ടമീന്‍ കൊമ്പുകോര്‍ത്തു നല്‍കി സ്വീകരിക്കുന്ന വിചിത്രമായൊരു ചടങ്ങിനു കൂടി ഭക്തജനങ്ങള്‍ സാക്ഷ്യം വഹിക്കുന്നു. പേടിയാട്ടമ്മയും മകന്‍ ജാതവനും ആണ്ടിലൊരിക്കല്‍ പരസ്പരം കാണുന്നത് തുലാമാസത്തിലെ വാവുല്‍സവത്തോടനുബന്ധിച്ചു കക്കാട് കടപ്പുറത്തെ വാക്കടവില്‍ വെച്ചാണ്. നീരാട്ടിനുശേഷം ദേവിയുടെ ചമയങ്ങള്‍ പൂര്‍ത്തിയാവുമ്പോഴേക്കും ജാതവന്‍ ഘോഷങ്ങളോടെ കടപ്പുറത്ത് എത്തിച്ചേര്‍ന്നിരിക്കും. അമ്മയെ കാണാനുള്ള നീണ്ട ഒരു വര്‍ഷത്തെ അലച്ചിലും കാത്തിരിപ്പും സഫലമാവുന്നത് വാക്കടവില്‍ വെച്ചാണ്. ഉല്‍സവം കഴിഞ്ഞാല്‍ ദേവിയുടെ തിരുവാഭരണങ്ങള്‍ കടലുണ്ടിയിലെ മനഴി മൂസതിന്റെ തറവാടിന്റെ നിലവറയില്‍ ആണു സൂക്ഷിക്കുക. ആഭരണപ്പെട്ടിക്ക് സര്‍പ്പങ്ങള്‍ കാവലിരിക്കുമെന്നാണു പറയപ്പെടുന്നത്.
ദേവിയുടെ കാരുണ്യം ജാതി മോധാവിത്വത്തിന്റെ സവര്‍ണ്ണ ബോധം അവജ്ഞയോടും നിന്ദയോടും കണ്ടിരുന്ന അയിത്ത ജാതിക്കാരായ കീഴാള ജനതയ്ക്ക് അനുഗ്രഹമായി. ആശ്രിതവല്‍സലയായ ദേവിയുടെ ക്യപയാല്‍ ദേവിയുടെ തിടമ്പ് എഴുന്നള്ളിക്കാനുള്ള സൗഭാഗ്യം അയിത്ത ജാതിക്കാരായി കണക്കാക്കപ്പെട്ടിരുന്നവര്‍ക്കു കൈവന്നു. 
 
.

Back to Top