Cinema

മായാത്ത ''കോളിളക്ക''ത്തിന് 40 വയസ്സ്

ടി.കെ.വിഘ്‌നേഷ്
മലായാളികള്‍ മറക്കാനിടയില്ലാത്ത മുഖമാണ് കൃഷ്ണന്‍ നായരുടേത്; മലയാള സിനിമയുടെ മസില്‍മാനായി 'കുതിരയെ തഴുകിയ' ജയന്റേത്. വില്ലനായും കാമുകനായും സഹോദരനായുമൊക്കെ അദ്ദേഹം ഒരേസമയം വെള്ളിത്തിരയെ പിടിച്ചുകുലുക്കി. സ്‌ക്രീനിലെ പൗരുഷത്തിനൊപ്പം ഗാംഭീര്യമുള്ള ശബ്ദവും മലയാളികള്‍ മറക്കില്ല. 1939 ജൂലൈ 25ന് കൊല്ലം ജില്ലയില്‍ തേവള്ളിയിലാണു ജയന്‍ ജനിച്ചത്. തിരുവിതാംകൂര്‍ രാജവംശത്തിന്റെ കൊല്ലം ശാഖയായ തേവള്ളി കൊട്ടാരത്തിലെ വിചാരിപ്പുകാരനായിരുന്നു ജയന്റെ അച്ഛന്‍# മാധവവിലാസം വീട്ടില്‍ മാധവന്‍ പിള്ള. കൊട്ടാരക്കര മാധവന്‍പിള്ള എന്നും അദ്ദേഹം അറിയപ്പെട്ടിരുന്നു. അമ്മ ഓലയില്‍ ഭാരതിയമ്മ. സോമന്‍ നായരാണ് അനുജന്‍. 
വീടിനടുത്തുണ്ടായിരുന്ന മലയാളി മന്ദിരം സ്‌കൂളിലാണ് ജയന്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് ഗവണ്‍മെന്റ് ബോയ്സ് സ്‌കൂളില്‍ പഠിച്ചു. പഠനത്തിലും കലാകായികരംഗത്തും തിളങ്ങിനിന്നു. സ്‌കൂളിലെ എന്‍.സി.സിയില്‍ ബെസ്റ്റ് കേഡറ്റായി തിരഞ്ഞെടുക്കപ്പെട്ട ജയന്, അതുവഴി നാവിക സേനയിലേക്കു നേരിട്ടു പ്രവേശനം ലഭിക്കുകയായിരുന്നു. 15 വര്‍ഷം നാവിക സേനയുടെ ഭാഗമായി. ചീഫ് പെറ്റി ഓഫിസറായി വിരമിച്ചു. 15 വര്‍ഷത്തെ നാവികജീവിതം അദ്ദേഹത്തിനു ജീവിതാനുഭവങ്ങളുടെ ബൃഹദ്ഗ്രന്ഥമായിരുന്നു. പിന്നീടാണ് അതുല്യ നടന്‍ വെള്ളിത്തിരയില്‍ പിറവിയെടുത്തത്. ജയഭാരതിയാണ് ജയനെ ചലച്ചിത്രരംഗത്തു പരിചയപ്പെടുത്തിയത്. ജയന്റെ അമ്മാവന്റെ മകളായിരുന്നു ജയഭാരതി. 
1974ല്‍ 'ശാപമോക്ഷം' എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. ചെറിയ വേഷങ്ങളായിരുന്നു ആദ്യകാലത്തു ലഭിച്ചിരുന്നത്. ഇവയില്‍ പലതും വില്ലന്‍വേഷങ്ങളുമായിരുന്നു. അഭിനയത്തിലെ പ്രത്യേക ശൈലികൊണ്ട് കഥാപാത്രങ്ങളെ ശ്രദ്ധേയമാക്കുവാന്‍ ജയനു കഴിഞ്ഞു. മിന്നിമറയുന്നത് ഒരു സീനിലാണെങ്കില്‍പ്പോലും ജയന്റെ കഥാപാത്രം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. ഭാവാഭിനയത്തില്‍ മികവു പുലര്‍ത്തിയതോടൊപ്പം ശരീരത്തിന്റെ കരുത്തും വഴക്കവും അഭിനയത്തിലേക്കു സംക്രമിപ്പിച്ച് ജയന്‍ അവതരിപ്പിച്ച സ്റ്റൈലൈസ്ഡ് ആക്ടിങ് പ്രേക്ഷകര്‍ ആവേശപൂര്‍വ്വം നെഞ്ചിലേറ്റി. 
സംഭാഷണത്തില്‍ വളരെയധികം സ്വാഭാവികതയുണ്ടായിരുന്ന ജയന്റെ ശബ്ദം അതുവരെ മലയാള സിനിമയിലെ നായകന്‍മാര്‍ക്കില്ലാതിരുന്ന തരത്തില്‍ ഗാംഭീര്യമുള്ളതായിരുന്നു. ജയന്റെ മനസ്സിലെ സാഹസികതയോടുള്ള പ്രണയം തുടക്കത്തില്‍ തന്നെ തിരിച്ചറിഞ്ഞ സംവിധായകര്‍ അതുവരെയുണ്ടായിരുന്ന മലയാള സിനിമയുടെ കഥാഗതിയെത്തന്നെ തിരുത്തിയെഴുതാന്‍ തയ്യാറായി. സിംഹത്തോടും കാട്ടാനയോടും ഏറ്റുമുട്ടാനോ ക്രെയിനില്‍ തൂങ്ങി ഉയരങ്ങളിലേക്കു പൊങ്ങിപ്പോകാനോ കൂറ്റന്‍ ഗ്ലാസ് ഡോറുകള്‍ തകര്‍ത്തു മുന്നേറാനോ വലിയ കെട്ടിടത്തില്‍ നിന്നു താഴേക്കു ചാടാനോ ജയന് ഒട്ടും ഭയമുണ്ടായിരുന്നില്ല. തനിക്കു ലഭിക്കുന്ന കയ്യടികള്‍ തന്റെ അധ്വാനത്തിനു കിട്ടുന്ന പ്രതിഫലമായിരിക്കണമെന്ന് അദ്ദേഹം ആത്മാര്‍ഥമായി ആഗ്രഹിച്ചു. അഭിനയ ചക്രവര്‍ത്തി എന്ന പട്ടം ലഭിച്ചിരുന്ന ജയന്‍, സാഹസിക രംഗം പോലും ഡ്യുപ്പിലാതെ ചെയ്തിരുന്നതു ചലച്ചിത്ര പ്രേമികളെ ആവേശഭരിതരാക്കി.
ഹരിഹരന്‍ സംവിധാനം ചെയ്ത 'ശരപഞ്ജര'മാണു ജയനു നായകപദവി ലഭിച്ച ആദ്യവേഷം. 1974 മുതല്‍ '80 വരെ കേവലം ആറു വര്‍ഷങ്ങള്‍കൊണ്ട് 'പൂട്ടാത്ത പൂട്ടുകള്‍' എന്ന തമിഴ് ചിത്രം ഉള്‍പ്പെടെ 116 ചിത്രങ്ങളില്‍ ജയന്‍ വേഷമിട്ടു. 'ശാപമോക്ഷം' മുതല്‍ 'കോളിളക്കം' വരെ ജയന്റെ മുദ്ര പതിഞ്ഞ 90 ശതമാനം ചിത്രങ്ങളും ഹിറ്റുകളും സൂപ്പര്‍ഹിറ്റുകളും ആയിരുന്നു. ജനകീയ നടനാക്കിത്തീര്‍ത്തത് 'അങ്ങാടി' എന്ന സിനിമയാണ്. അതില്‍ നിറഞ്ഞുകേട്ട ഡയലോഗ് ഇന്നും തൊഴിലാളികളുടെയും മറ്റും ആവേശമാണ്. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഐ.വി ശശി സംവിധാനം ചെയ്ത ഈ ചിത്രം മുന്‍കാല കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിക്കുകയും ചെയ്തു.
'കോളിളക്ക'ത്തിലെ സാഹസികരംഗത്തിന്റെ ചിത്രീകരണത്തിനിടയിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിലാണ് 1980 നവംബര്‍ 16ന് ജയന്‍ മരണമടഞ്ഞത്. 41ാം വയസ്സിലായിരുന്നു അന്ത്യം. ചെന്നൈക്കടുത്തു ഷോളാവാരത്ത് ചിത്രത്തിന്റെ ക്ലൈമാക്സ് രംഗം ചിത്രീകരിക്കുന്നതിനിടെ ആയിരുന്നു സിനിമാലോകത്തെ ഞെട്ടിച്ച അപകടം. സംവിധായകന്‍ ഈ രംഗത്തിന്റെ ആദ്യ ഷൂട്ടില്‍ സംതൃപ്തനായിരുന്നു എന്നു പറയപ്പെടുന്നു. ഈ രംഗത്തിന്റെ മൂന്നു ഷോട്ടുകള്‍ എടുത്തിരുന്നു. എന്നാല്‍ തന്റെ പ്രകടനത്തില്‍ അസംതൃപ്തനായിരുന്ന ജയനായിരുന്നു ഒരു ഷോട്ട് കൂടി എടുക്കാന്‍ സംവിധായകനെ നിര്‍ബന്ധിച്ചത് എന്ന് 'കോളിളക്ക'ത്തിന്റെ നിര്‍മാതാവ് വെളിപ്പെടുത്തിയിരുന്നു. റീടേക്കിനിടെ ഹെലികോപ്റ്റര്‍ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. 
ജയന്റെ മരണസമയത്ത് ഹിറ്റായി ഓടുകയായിരുന്ന ചിത്രമായ 'ദീപ'ത്തില്‍ ജയന്റെ മരണവാര്‍ത്ത ചേര്‍ത്തു. ഈ ചിത്രം കണ്ടുകൊണ്ടിരുന്ന ലക്ഷക്കണക്കിന് ആരാധകര്‍ പൊട്ടിക്കരഞ്ഞു. ചിലര്‍ വിശ്വസിക്കാന്‍ കഴിയാതെ അമ്പരന്നുനിന്നു. മറ്റു ചിലര്‍ മരണ വാര്‍ത്ത വിശ്വസിക്കാന്‍ തയ്യാറാവാതെ, വരാന്‍ പോകുന്ന ചലച്ചിത്രത്തിന്റെ പരസ്യമാണ് എന്നു കരുതി സിനിമ കാണുന്നതു തുടരുകയും ചെയ്തു.
ജയന്റെ മൃതദേഹം ചെന്നൈയില്‍ നിന്നു പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തിച്ചു. തുടര്‍ന്നു വിലാപയാത്രയായി വീട്ടിലെത്തിച്ചശേഷം വീട്ടുവളപ്പില്‍ അച്ഛന്റെ അന്ത്യവിശ്രമസ്ഥാനത്തിനടുത്ത് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. അനുജന്‍ സോമന്‍ നായരാണു ചിതയ്ക്കു തീ കൊളുത്തിയത്. ജയന്റെ മരണത്തോടെ മാനസികമായി തളര്‍ന്നുപോയ അദ്ദേഹത്തിന്റെ അമ്മ ഭാരതിയമ്മ തുടര്‍ന്നു കിടപ്പിലാവുകയും രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം മരിക്കുകയും ചെയ്തു.
ജയന്റെ മരണം ദുരൂഹത ഉണര്‍ത്തിയിരുന്നു. ജയന്റെ മരണത്തിനു പിന്നില്‍ ഗൂഢാലോചന നടന്നതായുള്ള പരാതികള്‍ പുറത്തുവരാന്‍ ഇടയായി. പരാതിക്ക് അടിസ്ഥാനം കൂടെ ഹെലികോപ്റ്ററിലുണ്ടായിരുന്ന നടന്‍ ബാലന്‍ കെ നായരും പൈലറ്റും സാരമായ പരുക്കുകളൊന്നുമേല്‍ക്കാതെ രക്ഷപ്പെട്ടു എന്നതാണ്. 
ജയന്റെ മരണത്തിന് ശേഷം ജന്മ സ്ഥലമായ കൊല്ലം 'ഓലയിലി'നു ജയന്‍ നഗര്‍ എന്ന് പേരു നല്‍കുകയും ജയന്‍ മെമ്മോറിയല്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് രൂപീകരിക്കുകയും ചെയ്തിരുന്നു. 2013 ഓഗസ്റ്റില്‍ ജയന്റെ പ്രതിമ ചലച്ചിത്ര താരം മുകേഷ് അനാച്ഛാദനം ചെയ്തു. കൊല്ലം 'ഓലയില്‍' നാണി മെമ്മോറിയല്‍ ഹോസ്പിറ്റലിനു മുന്‍വശം സ്ഥാപിച്ച പ്രതിമ കാണാനും കൂടെ നിന്നു ചിത്രങ്ങള്‍ എടുക്കാനും സിനിമ താരങ്ങളും സിനിമാ പ്രവര്‍ത്തകരും ആരാധകരുമൊക്കെ എത്താറുണ്ട്. എല്ലാ വര്‍ഷവും ജന്മദിനത്തില്‍ സമൂഹ സദ്യയും ആദ്ദേഹം അഭിനയിച്ച ചിത്രങ്ങളുടെ പ്രദര്‍ശനവും നടന്നുവരുന്നുണ്ട്.
ആകാര ഭംഗികൊണ്ടും നിഗൂഢതയൊളിപ്പിച്ച ചിരികൊണ്ടും ജയന്‍ മലയാളത്തിന്റെ വെള്ളിത്തിരയില്‍ ആടിത്തീര്‍ത്ത കാഥാപാത്രങ്ങള്‍ക്ക് ഇപ്പോഴും നിറയൗവ്വനമാണ്.
 
.

Back to Top