Sanathanam

അയോധ്യ ദീപോല്‍സവം വീണ്ടും ഗിന്നസ് റെക്കോര്‍ഡിലേക്ക്

ലഖ്നൗ: അയോധ്യയിലെ ദീപാവലി ആഘോഷങ്ങള്‍ക്ക് വീണ്ടും ഗിന്നസ് റെക്കോര്‍ഡ്. തുടര്‍ച്ചയായി രണ്ടാം തവണയാണ് അയോധ്യയിലെ ദീപാലങ്കാരം ഗിന്നസ് ബുക്കില്‍ ഇടംനേടുന്നത്. നഗരമാകെ ദീപങ്ങളാല്‍ അലങ്കരിച്ച ദിവസമാണു കടന്നുപോയത്. ആറു ലക്ഷത്തിലേറെ മണ്‍ചെരാതുകളാണ് അയോധ്യയില്‍ തെളിയിച്ചത്. 45 മിനിട്ടോളം ദീപങ്ങള്‍ തെളിയിച്ചിരുന്നു. സരയൂ നദിക്കരയില്‍ ആയിരക്കണക്കിന് വോളന്റിയര്‍മാര്‍ ചേര്‍ന്നാണു ദീപം തെളിച്ചത്.
യു.പി. ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേലും മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉള്‍പ്പെടെ ഒട്ടേറെ പ്രമുഖരാണ് സരയൂ നദിക്കരയിലെത്തിയത്. ഗിന്നസ് റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഗിന്നസ് അധികൃതര്‍ കൈമാറി. നമ്മുടെ തലമുറയ്ക്കു രാമക്ഷേത്ര നിര്‍മാണം കാണാനുള്ള ഭാഗ്യം മാത്രമല്ല, ഇത്തരമൊരു ചരിത്രപരമായ ചടങ്ങു കാണാനുള്ള ഭാഗ്യവും ഉണ്ടായെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. വേദിക് രാമായണ നഗരമായി അയോധ്യയെ വികസിപ്പിച്ചെടുക്കുക എന്നതു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നമാണ്. ജനങ്ങളുടെ പിന്‍തുണയോടെ അത് ഉടന്‍ സംഭവിക്കുമെന്നും യോഗി പറഞ്ഞു. ഡ്രോണ്‍ ക്യാമറ ഉപയോഗിച്ചാണ് ഗിന്നസ് അധികൃതര്‍ ആഘോഷം വീക്ഷിച്ചത്. 
യോഗി മുഖ്യമന്ത്രിയായ ശേഷമാണ് അയോധ്യയില്‍ ദീപേല്‍സവം ആരംഭിച്ചത്. രാമനായും സീതയായും ലക്ഷ്മണനായും വേഷമിട്ടവര്‍ സരയൂ നദിക്കരയില്‍ പുഷ്പക വിമാനത്തില്‍ വന്നിറങ്ങിയിരുന്നു. പുഷ്പങ്ങളാല്‍ അലങ്കരിച്ചിരുന്ന വിമാനത്തില്‍ എത്തിയവരെ ഗവര്‍ണറും മുഖ്യമന്ത്രിയും ചേര്‍ന്നു സ്വീകരിച്ചു. ഇതോടെയാണ് ആഘോഷങ്ങള്‍ക്കു തുടക്കമായത്. സാകേത് കോളേജില്‍ വെച്ച് ശ്രീരാമന്റെ കിരീട ധാരണ ചടങ്ങു നടന്നു. ഇവിടെ നിന്നാണ് സരയു നദിക്കരയിലെത്തിയത്. രാമയണത്തെ അടിസ്ഥാനമാക്കി 11 നിശ്ചല ദൃശ്യങ്ങള്‍ ഒരുക്കിയിരുന്നു. സരയൂ നദിക്കരയില്‍ ലേസര്‍ സൗണ്ട് ഷോയും ഒരുക്കിയിരുന്നു.
 
.

Back to Top