ദീപശോഭയില്‍ ഭക്തിസാന്ദ്രമായി അയോധ്യയില്‍ ദീപാവലി ആഘോഷം
November 14 2020
ന്യൂഡെല്‍ഹി: ആറു ലക്ഷം ചിരാതുകള്‍ തെളിച്ച് പുണ്യഭൂമിയായ അയോധ്യയില്‍ ദീപങ്ങളുടെ ഉത്സവമായ ദീപാവലി ആഘോഷിക്കുന്നു. മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ക്ക് വെള്ളിയാഴ്ച രാത്രിയിലാണു തുടക്കം കുറിച്ചത്. 6,06,569 ചിരാതുകളാണ് അയോധ്യയില്‍ തെളിഞ്ഞത്. ഇതിനുപുറമെ, ലേസര്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയും ആഘോഷത്തിന്റെ മാറ്റുകൂട്ടുന്നു.
വെള്ളിയാഴ്ച ഉച്ചയോടെ തന്നെ ആഘോഷങ്ങള്‍ ആരംഭിച്ചിരുന്നു. അയോധ്യയിലെ സാകേത് കേളേജില്നിന്നു നദീതീരം വരെയുള്ള അഞ്ച് കിലോമീറ്റര്‍ പരിധിയിലാണ് ദീപാവലിയുടെ ഭാഗമായി ചിരാതുകള്‍ കത്തിച്ച് അലങ്കരിച്ചത്.
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്ന സ്ഥാലത്ത് വെള്ളിയാഴ്ച രാത്രി 11,000 ചിരാതുകള്‍ തെളിയിക്കുകയും പ്രത്യേകം പൂജ നടത്തുകയും ചെയ്തു.
കോവിഡ് മാനദന്ധങ്ങള്‍ പൂര്‍ണമായും പാലിച്ചു സാമൂഹിക അകലം ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ പാലിച്ചാണു ദീപാവലി ആഘോഷിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. യു.പി. ഗവര്‍ണറും മുഖ്യമന്ത്രിയും ഉള്‍പ്പെടെയുള്ളവര്‍ ആഘോഷത്തില്‍ പങ്കെടുക്കുന്നുണ്ട്.