ദീപാവലിയെ വരവേല്‍ക്കാന്‍ അയോധ്യ ഒരുങ്ങി
November 13 2020
അയോധ്യ: രാമക്ഷേത്ര നിര്‍മാണം ആരംഭിച്ച ശേഷമുള്ള ആദ്യ ദീപാവലിയെ വരവേല്‍ക്കാന്‍ അയോധ്യ ഒരുങ്ങി. ദീപാവലിക്കു ദിവസങ്ങള്‍ക്കു മുന്‍പുതന്നെ നഗരം മുഴുവന്‍ ചിത്രങ്ങളും രംഗോലിയും ദീപങ്ങളുംകൊണ്ട് അലംകൃതമാണ്. രാം കി പൈദി ഘട്ട് ഉള്‍പ്പെടെ മുന്നൂറോളം വേദികളിലായി 5.51 ലക്ഷം ചിരാതുകളാണ് ദീപാവലി ദിവസം തെളിയിക്കാനായി ഒരുങ്ങുന്നത്.
രാമകഥയിലെ വിവിധ ഭാഗങ്ങളില്‍ ചിത്രീകരിക്കുന്ന 25 ശില്പങ്ങളും നഗരത്തിലുടനീളം പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഇതിനു പുറമേ കോവിഡ് സാഹചര്യം പരിഗണിച്ചു മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദേശപ്രകാരം വെര്‍ച്വല്‍ ദീപോല്സവത്തിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുമുണ്ട്.
കോവിഡ് സാഹചര്യത്തില്‍ അയോധ്യയില്‍ എത്താന്‍ കഴിയാത്ത ഭക്തര്‍ക്ക് ശ്രീരാം ലല്ല വിരാജ്മാനു മുന്നില്‍ ദീപം തെൡയിക്കാമെന്നു മുഖ്യമന്ത്രി പറഞ്ഞു. വെബ്സൈറ്റുകളില്‍ ഇതിനുള്ള സംവിധാനം ക്രമീകരിച്ചിട്ടുണ്ട്. അതോടൊപ്പം സ്ത്രീ ശാക്തീകരണം പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മിഷന് ശക്തി പരിപാടികളും ഇവിടെ സംഘടിപ്പിക്കുന്നുണ്ട്. ഛത്തീസ്ഗഢില്‍ നിന്നുള്ള വനിതാ സത്യസായി രാംലീല സംഘമാണ് ദീപാവലി ദിവസം രാംലീല അവതരിപ്പിക്കുന്നത്. നാടകത്തിന്റെ നടത്തിപ്പു പൂര്‍ണമായും സ്ത്രീകളാണു നിര്‍വഹിക്കുന്നത്.
വനിതാ ശാക്തീകരണത്തില്‍ ഊന്നിയായിരിക്കും എല്ലാ ആഘോഷ പരിപാടികളുമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി അവാനിഷ് അവസ്തി വ്യക്തമാക്കി. സാധാരണ ദീപാവലി സമയത്ത് ഏഴു ദിവസം വരെ ആഘോഷ പരിപാടികള്‍ നടക്കാറുണ്ടെങ്കിലും കൊറോണാ സാഹചര്യത്തില്‍ ഇത്തവണ മൂന്നു ദിവസമായി ചുരുക്കിയിട്ടുണ്ട്. ദീപാവലി ദിവസത്തെ തിരക്കു ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഗവര്‍ണറും മുഖ്യമന്ത്രിയും ഉള്‍പ്പെടെ ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കു മാത്രമാണു വേദിയില്‍ സ്ഥാനം. ചടങ്ങുകളുടെ തല്‍സമയ സംപ്രേഷണം ഉണ്ടായിരിക്കും.