Finance

12 സാമ്പത്തിക ഉത്തേജന പദ്ധതികളുമായി കേന്ദ്രം; 65,000 കോടിയുടെ രാസവള സബ്‌സിഡി

ന്യൂഡല്‍ഹി: സാമ്പത്തിക ഉത്തേജനത്തിന് 12 പദ്ധതികളുമായി കേന്ദ്രസര്‍ക്കാര്‍. രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ആത്മനിര്‍ഭര്‍ റോസ്ഗാര്‍ യോജന ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ ഒന്നിനു പദ്ധതി പ്രാബല്യത്തില്‍ വരും. ഈ പദ്ധതി പ്രകാരം പുതിയ ജോലിയില്‍ പ്രവേശിക്കുന്ന ആള്‍ക്കു കേന്ദ്രം ഇന്‍സെന്റീവ് നല്‍കും. സമ്പദ്ഘടനയ്ക്കു കരുത്തേകാന്‍ പുതിയ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണു ധനമന്ത്രിയുടെ ഈ പ്രഖ്യാപനം. ആരോഗ്യമേഖലയും മറ്റ് 26 മേഖലകളും ഉള്‍പ്പെടുത്തി ക്രെഡിറ്റ് ഗ്യാരണ്ടി സപ്പോര്‍ട്ട് സ്‌കീമും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കോവിഡ് വ്യാപനം മൂലം പ്രതിസന്ധിയിലായതും കാമത്ത് സമിതി നിര്‍ദേശിച്ചതുമായ സെക്ടറുകള്‍ ആണ് ഇതിനായി പരിഗണിക്കുന്നത്. ഗ്രാമീണ തൊഴില്‍ മേഖലയ്ക്ക് അധികമായി 10,000 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചു. നേരത്തേ പ്രഖ്യാപിച്ച പാക്കേജുകളുടെ തുടര്‍ച്ചയാകും ഇന്നു  പ്രഖ്യാപിക്കുക എന്നും മന്ത്രി അറിയിച്ചു. 28 സംസ്ഥാനങ്ങളിലായി 68 കോടിയോളം ഉപഭോക്താക്കളുള്ള 'ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്' പദ്ധതി വലിയ നേട്ടമാണു കൈവരിച്ചതെന്നും രാജ്യത്തെ നികുതിദായകര്‍ക്കായി ആദായനികുതിവകുപ്പ് 1,32,800 കോടി രൂപ റീഫണ്ട് നല്‍കിയെന്നും ധനമന്ത്രി അറിയിച്ചു. ഉല്‍സവ അഡ്വാന്‍സ് നല്‍കുന്നതിന്റെ ഭാഗമായി എസ്.ബി.ഐ.ഉത്സവ് കാര്‍ഡ് വിതരണം ചെയ്തു.65,000 കോടി രൂപയുടെ രാസവള സബ്‌സിഡിയും പ്രഖ്യാപിച്ചിട്ടുണ്ട്.ഭവന നിര്‍മ്മാണ മേഖലയില്‍ ആദായനികുതിവകുപ്പ് ഇളവു പ്രഖ്യാപിച്ചിട്ടുണ്ട്.കോവിഡ് വാക്‌സിന്‍ ഗവേഷണത്തിന് 900 കോടി രൂപയുടെ പദ്ധതിയും ഉണ്ട്. അഞ്ചു വര്‍ഷത്തിനുള്ളില്‍ തിരിച്ചടയ്ക്കാവുന്ന രീതിയില്‍ ഈട് രഹിത വായ്പയാണ് അനുവദിക്കുന്നത്. ഇതില്‍ ഒരുവര്‍ഷം മൊറട്ടോറിയം കാലാവധിയും നാലുവര്‍ഷം തിരിച്ചടവു കാലാവധിയും ആയിരിക്കുമെന്നു ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. ഉല്‍പ്പന്ന നിര്‍മാണ ആനുകൂല്യ പദ്ധതി(പി.എല്‍.ഐ.)യുടെ ഭാഗമായി രണ്ടു ലക്ഷം കോടി രൂപയുടെ ഇന്‍സെന്റീവാണു സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. 10 മേഖലകളെ കൂടി പദ്ധതിക്കു കീഴില്‍ കൊണ്ടുവരികയും അധിക തുക അനുവദിക്കുകയുമാണു ചെയ്തത്. 
 
.

Back to Top