കലാശക്കൊട്ട്: വിജയകിരീടം ചൂടി മുംബൈ ഇന്ത്യന്‍സ്
November 10 2020
ദുബായ്: ഐ.പി.എല്‍. പൂരം കൊടിയിറങ്ങിയപ്പോള്‍ കിരീട ധാരികള്‍ക്ക് ഇത്തവണ മാറ്റമില്ല. അഞ്ചു വിക്കറ്റിനു ഡല്‍ഹിയെ തകര്‍ത്താണ് ഇത്തവണ മുംബൈ കിരീടമണിഞ്ഞത്. ഫൈനല്‍ മല്‍സരത്തില്‍ ഡല്‍ഹി ഉയര്‍ത്തിയ 156 എന്ന ലക്ഷ്യം മറികടക്കാന്‍ എത്തിയ മുംബൈ ഇന്ത്യന്‍സ് ബാറ്റിങ് വെടിക്കെട്ടു തീര്ത്തുകൊണ്ടാണു തുടക്കമിട്ടത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് ഇത് ഇരട്ടി മധുരമായിരുന്നു. ആറു കിരീടം നേടുന്ന ആദ്യ താരം, അഞ്ചു കിരീടം നേടുന്ന ആദ്യ ക്യാപ്റ്റന്‍ എന്നീ റെക്കോഡുകളും അദ്ദേഹത്തെ തേടിയെത്തി. രോഹിത്തും ഡികോക്കും കൂറ്റനടികളാല്‍ കളംനിറഞ്ഞു. ഡികോക് മടങ്ങിയെങ്കിലും സൂര്യകുമാര്‍ യാദവും മികച്ച രീതിയില്‍ ക്യാപ്റ്റനു പിന്തുണ നല്കി. നാലാമത് ഓവറില്‍ തന്നെ ടീം 50 റണ്‍സ് മറികടന്നു. പിന്നീട് അല്പം പതിയെ സ്കോറിങ് കുറഞ്ഞു. പത്താമത് ഓവറില്‍ സൂര്യകുമാര്‍ മടങ്ങിയതോടെ ഇഷാന് കിഷന് രോഹിത്തുമായി കൂട്ടുകെട്ടു പടുത്തുയര്‍ത്തുകയായിരുന്നു. 51 പന്തില്‍ 68 റണ്‍ നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് മുംബൈയുടെ ടോപ് സ്കോറര്‍. 19 പന്തില്‍ 33 നേടി കിഷനും മികച്ച പിന്തുണ നല്കി. ഈ സീസണില്‍ തോല്വിയോടെയാണു മുംബൈ ടീം തുടങ്ങിയതെങ്കിലും പിന്നീടങ്ങോട്ട് മുംബൈയുടെ തേരോട്ടമായിരുന്നു. അങ്ങനെയാണ് അഞ്ചാം കിരീടം മുംബൈ ചൂടിയത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഡല്‍ഹി ഏഴു വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 156 റണ്‍സ് നേടിയത്. തുടക്കത്തില്‍ മൂന്നു വിക്കറ്റുകള്‍ നഷ്ടപ്പെട്ടു പതറിയ ഡല്‍ഹിയെ നാലാം വിക്കറ്റില്‍ ഋഷഭ് പന്തും ശ്രേയാസ് അയ്യരും ചേര്‍ന്നു പടുത്തുയര്‍ത്തിയ 96 റണ്‍സാണു കരകയറ്റിയത്. 65 റണ്‍സെടുത്തു പുറത്താവാതെ നിന്ന ശ്രേയാസ് അയ്യരാണു ഡല്‍ഹിയുടെ ടോപ്പ് സ്കോറര്‍. ഋഷഭ് പന്ത് 56 റണ്‍സ് നേടി. മുംബൈക്കായി ട്രെന്റ് ബോള്‍ട്ട് മൂന്നു വിക്കറ്റ് വീഴ്ത്തി. തകര്‍ച്ചയോടെയാണു ഡല്‍ഹി ഇന്നിങ്സ് ആരംഭിച്ചത്. ആദ്യ പന്തില്‍ തന്നെ മാര്‍ക്കസ് സ്റ്റോയിനിസ് പുറത്തായി. നന്നായി കളിച്ചുകൊണ്ടിരുന്ന ശിഖര്‍ ധവാന് (15) ജയന്ത് യാദവിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി മടങ്ങിയതോടെ ഡല്‍ഹി പതറി. 3.3 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 22 റണ്‍സ് എന്ന നിലയിലാണ് പന്ത്-അയ്യര്‍ സഖ്യം ഒത്തുചേര്‍ന്നത്. വിക്കറ്റ് നഷ്ടപ്പെട്ടിട്ടും ആക്രമിച്ചു കളിച്ച ഇരുവരും അനായാസം
ഡല്‍ഹി സ്കോര്‍ബോര്‍ഡ് ചലിപ്പിച്ചു. തുടര്‍ച്ചയായി ബൗണ്ടറികള്‍ കണ്ടെത്തിയ പന്ത് 35 പന്തുകളില്‍ സീസണിലെ ആദ്യ ഫിഫ്റ്റി കണ്ടെത്തി. പൊരുതിക്കളിച്ച അയ്യര്‍ 40 പന്തുകളില്‍ ഫിഫ്റ്റി തികച്ചു. ആറാം നമ്പറിലെത്തിയ ഷിംറോണ്‍ ഹെട്മെയര്‍ (5) വേഗം പുറത്തായി. അവസാന ഓവറുകളില്‍ നന്നായി പന്തെറിഞ്ഞ മുംബൈ ബൗളര്‍മാര്‍ ഡല്‍ഹിയെ 160നു താഴെ ഒതുക്കുകയായിരുന്നു. കളി അവസാനിക്കുമ്പോള്‍ ശ്രേയാസ് അയ്യര്‍ (65) പുറത്താവാതെ നിന്നു.