Sports

ഐ.പി.എല്ലില്‍ ഇന്ന് കലാശക്കെട്ട്; മുംബൈ-ഡല്‍ഹി പോരാട്ടം

ദുബായ്: ഐ.പി.എല്‍ പതിമൂന്നാം സീസണ്‍ ഫൈനല്‍ മല്‍സരത്തിന് ഇന്ന് ദുബായ് രാജ്യാന്തര സ്റ്റേഡിയം വേദിയാകും. ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മല്‍സരം ആരംഭിക്കുക. സീസണില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയ മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപ്പിറ്റല്‍സും തമ്മില്‍ മാറ്റുരക്കും. പ്രഥാമിക റൗണ്ടില്‍ ഒന്‍പതു ജയവുമായി എത്തിയ മുംബൈയും എട്ടു ജയം നേടിയ ഡല്‍ഹിയും ഒന്നും രണ്ടും സ്ഥാനത്ത് ഫിനിഷ് ചെയ്ത ടീമുകളാണ്.
നായകന്‍ രോഹിത് ശര്‍മ നയിക്കുന്ന ടീമാണ് സ്ഥിരതയോടെ പ്രകടനം നടത്തി ജയസധ്യതയില്‍ മുന്നിലുള്ളത്. ഒറ്റയ്ക്കു കളി മാറ്റിമറിക്കാന്‍ ശേഷിയുള്ള ടീമാണ് മുംബൈ. ആദ്യ ക്വാളിഫയറില്‍ ഡല്‍ഹിയാകട്ടെ സീസണിന്റെ തുടക്കത്തില്‍ തകര്‍പ്പന്‍ വിജയങ്ങല്‍ നേടി കുതിച്ചെങ്കിലും അവസാന ഘടത്തില്‍ നിരാശപ്പെടുത്തി. സണ്‍റൈസേഴ്സ് ഹൈദരാബാദിനെ രണ്ടാം ക്വാളിഫയറില്‍ തോല്‍പ്പിച്ച ഡല്‍ഹിക്ക് ഫൈനലില്‍ അത്ഭുത പ്രകടനം കാഴ്ചവെക്കാതെ വിജയം പ്രാപ്യമാകില്ല.
മുംബൈയുടെ കളിക്കാരെല്ലാം പൂര്‍ണമായി കീരിടം എന്ന സ്വപ്നത്തിലേക്ക് അടുത്തുകഴിഞ്ഞു. നായകന്‍ രോഹിത് ശര്‍മ ഫൈനലില്‍ ഫോമിലെത്തിയാല്‍ ടീമിനെ പിടിച്ചാല്‍ കിട്ടില്ല എന്നാണ് ആരാധകര്‍ പറയുന്നത്. ക്വിന്റണ്‍ ഡി കോക്കും സൂര്യകുമാര്‍ യാദവും ഇഷാന്‍ കിഷനും നല്‍കുന്ന തുടക്കത്തിനു ശേഷം കീറോണ്‍ പൊള്ളാര്‍ഡും ഹാര്‍ദിക് പാണ്ഡ്യയും കൂടി ചേരുന്നതോടെ ബാറ്റിങ്ങില്‍ ഏറ്റവും മികച്ച ടീമായി മാറും മുംബൈ. എത്ര വലിയ സ്‌കോര്‍ നേടാനും ഏത് സ്‌കോര്‍ പിന്തുടരാനും മുംബൈ കഴിയും. ബൗളിങ്ങില്‍ ജസ്പ്രീത് ബുംറയും ട്രെന്റ് ബേള്‍ട്ടും ഉജ്വല ഫോമിലാണ്. ഇവര്‍ക്കു കൂട്ടായി സ്പിന്നര്‍മാരുകൂടി എത്തുന്നതോടെ ഡല്‍ഹിക്ക് ഫൈനലില്‍ ജയിക്കുക എളുപ്പമാകില്ല. ഡല്‍ഹിക്ക് ഒറ്റയാള്‍ പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ജയിച്ച മല്‍സരം പോലെ ആയിരിക്കില്ല ഫൈനല്‍. ടീമെന്ന നിലയില്‍ ഒത്തെരുമിച്ചു കളിച്ചാല്‍ മാത്രമേ ഡല്‍ഹിക്കു കന്നിക്കിരീടം സ്വന്തമാക്കാന്‍ സാധിക്കുകയുള്ളു. 
ശിഖര്‍ ധവാനൊപ്പം മാര്‍ക്കസ് സ്റ്റോയ്നിസും ഓപ്പണിങ് കൂട്ടുകെട്ടില്‍ മികച്ച സ്‌കോര്‍ കണ്ടെത്തണം അതോടൊപ്പം മധ്യനിര ബാറ്റ്‌സ്മാന്‍മാരും അവസരത്തിനൊത്ത് ഉയരേണ്ടതുണ്ട്. ഫോമിലല്ലെങ്കിലും ഋഷഭ് പന്തിനെ തന്നെ കളിപ്പിക്കാന്‍ ടീം നിര്‍ബന്ധിതമാകും. നായകന്‍ ശ്രേയസ് അയ്യര്‍ക്കും ഫൈനലില്‍ തിളങ്ങിയേ മതിയാകൂ. കാഗിസോ റബാഡയും ആന്റിച്ച് നോര്‍തെയും താളം കണ്ടെത്തുമെന്നാണു പ്രതീക്ഷ. മുബൈയുടെ കനത്ത ബൗളിങ് ആക്രമണത്തെ ചെറുക്കാന്‍ പൃഥ്വി ഷായുടെ അധിക സേവനം ഡല്‍ഹി തേടുമോയെന്നതു സംശയകരമാണ്.
മുംബൈയുടെ കാര്യത്തില്‍ രോഹിത് ശര്‍മ, ക്വിന്റണ്‍ ഡി കോക്ക്, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, കീറോണ്‍ പൊള്ളാര്‍ഡ്, ക്രുനാല്‍ പാണ്ഡ്യ, കോള്‍ട്ടര്‍ നില്‍, രാഹുല്‍ ചാഹര്‍, ട്രെന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുംറ എന്നിങ്ങനെയാണ് മുംബൈയ് ടീം
ഡല്‍ഹി ടീം ഇങ്ങനെയും:  പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, അജിങ്ക്യ രഹാനെ, ഋഷഭ് പന്ത്, ഹൈറ്റ്മെയര്‍, മാര്‍ക്കസ് സ്റ്റോയ്നിസ്, ആര്‍ അശ്വിന്‍, അക്സര്‍ പര്ട്ടേല്‍, കാഗിസോ റബാഡ, ആന്റിച്ച് നോര്‍തെ.
ഐ.പി.എല്‍. ചരിത്രത്തില്‍ ഇരു ടീമുകളും 27 തവണ മാറ്റുരച്ചപ്പോള്‍ 15 തവണ മുംബൈയും 12 തവണ ഡല്‍ഹിയുമാണ് ജയിച്ചിരുന്നത്. ഇത്തവണയും മുംബൈ ജയിക്കുമെന്ന പ്രവചനമാണു കൂടുതലും ഉള്ളത്. ജയിച്ചാല്‍ അഞ്ചാം തവണയും കീരിടമുയര്‍ത്താന്‍ മുംബൈക്കു കഴിയും. സീസണില്‍ മൂന്നു തവണ ഡല്‍ഹിയെ പരാജയപ്പെടുത്തിയത് മുംബൈയാണ്. നാലാം തവണയും അത് അവര്‍ത്തിക്കുമോ എന്ന് ഇന്നറിയാം. 
 
.

Back to Top