News

ബിനീഷ് കോടിയേരിയുടെ മകളെ അന്യായമായി തടവില്‍ വെച്ചെന്ന പരാതിയില്‍ ഇ.ഡിക്കെതിരായ നീക്കത്തില്‍നിന്നു ബാലാവകാശ കമ്മീഷന്‍ പിന്മാറി

തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡുമായി ബന്ധപ്പെട്ട സംഭവത്തില്‍ നടപടിയെടുക്കില്ലെന്ന് ബാലാവകാശ കമ്മിഷന്‍. ബിനീഷിന്റെ കുടുംബം നല്‍കിയ പരിതിയുമായി ബന്ധപ്പെട്ട നടപടികളില്‍നിന്നാണ് ബാലാവകാശ കമ്മീഷന്‍ പിന്മാറിയത്. കുട്ടിയുടെ അവകാശങ്ങള്‍ ഹനിക്കപ്പെട്ടിട്ടില്ല. കോടിയേരി വീട് റെയ്ഡ് നടന്നപ്പോഴുണ്ടായ പരാതി സംബന്ധിച്ച കാര്യങ്ങള്‍ അന്നുതന്നെ തീര്‍പ്പാക്കിയതാണെന്നും ബാലാവകാശ കമ്മീഷന്‍ അംഗം കെ.നസീര്‍ വ്യക്തമാക്കി. ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട പണമിടപാടില്‍ ബിനീഷ് കോടിയേരിയെ ഇ.ഡി. അറസ്റ്റു ചെയ്തതിനു പിന്നാലെ ഉദ്യോഗസ്ഥര്‍ വീട് റെയ്ഡ് ചെയ്യാനെത്തിയിരുന്നു. ബിനീഷ് കോടിയേരിയുടെ മകളെ നിയമവിരുദ്ധമായി തടവില്‍ വെച്ചെന്ന പരാതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ കേസ് എടുക്കാന്‍ ബാലാവകാശ കമ്മിഷന്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ബിനീഷ് കോടിയേരിയുടെ രണ്ടര വയസ്സു പ്രായമുള്ള കുഞ്ഞിനെ നിയമവിരുദ്ധമായി തടവില്‍ വെച്ച് മാനസികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് ഇടപെടല്‍. കേസ് എടുക്കാന്‍ ജില്ലാ പൊലീസ് മേധാവിക്കു നിര്‍ദേശം നല്‍കിയ ബാലാവകാശ കമ്മീഷന്‍ കുഞ്ഞിന്റെ ആരോഗ്യസ്ഥിതി പരിശോധിച്ചു റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശിച്ചിരുന്നു. ഒട്ടേറെ മണിക്കൂറുകള്‍ നീണ്ടുനിന്ന റെയ്ഡ് കടുത്ത മാനസിക സമ്മര്‍ദമുണ്ടാക്കിയെന്നും രണ്ടരവയസ്സുള്ള കുഞ്ഞിന് ഉറങ്ങാന്‍ പോലും കഴിഞ്ഞില്ലെന്നും ബിനീഷ് കോടിയേരിയുടെ ഭാര്യാ പിതാവ് ബാലാവകാശ കമ്മിഷനോടു പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് ഉടന്‍ തന്നെ ബാലാവകാശ കമ്മിഷന്‍ അംഗങ്ങള്‍ വീട്ടിലെത്തി ഇവരെ സന്ദര്‍ശിക്കുകയും ചെയ്തു. ബാലാവകാശ കമ്മീഷന്റെ ഈ നിലപാട് പക്ഷപാതപരമാണെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. കോടതിയുടെ സെര്‍ച്ച് വാറന്റോടെ ബിനീഷ് കോടിയേരിയുടെ വീട് പരിശോധിച്ച ഇ.ഡിക്കെതിരെ നടപടിയുമായി മുന്‍പോട്ടു പോയാല്‍ അത് ബാലാവകാശ കമ്മീഷനു കുരുക്കാകുമെന്ന വിലയിരുത്തലിലാണു നടപടിയില്‍ നിന്നു പിന്‍മാറാന്‍ കമ്മിഷന്‍ തീരുമാനിച്ചത് എന്നാണു സൂചന. 
 
 
.

Back to Top