Sanathanam

ഇടതുപക്ഷത്തിനു ജനാധിപത്യ രീതിയില്‍ മറുപടി നല്‍കണം: സ്വാമി ചിദാനന്ദ പുരി

കോഴിക്കോട്: ശബരിമലയിലെ ആചാരങ്ങളെ ഇല്ലാതാക്കാനുള്ള ആസൂത്രിത നീക്കം ഇടതുപക്ഷത്തിന്റെ നേതൃത്വത്തില്‍ തുടരുന്നതായി കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. ഇതിന്റെ ഭാഗമാണ് കോവിഡ് കാല നിയന്ത്രണത്തിന്റെ മറവില്‍ ശബരിമലയില്‍ നടത്തുന്ന നീക്കങ്ങള്‍. വിമാനത്താവളം സ്ഥാപിച്ചു നേട്ടമുണ്ടാക്കാനുള്ള ബിലീവേഴ്‌സ് ചര്‍ച്ചിന്റെ ശ്രമവും അതിനു സംസ്ഥാന സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നതും കൂട്ടിവായിക്കേണ്ടതാണ്. ഹൈന്ദവ ചേതനയെ അവഹേളിക്കുന്ന ഇടതുപക്ഷത്തിനു ജനാധിപത്യ രീതിയില്‍ മറുപടി നല്‍കണം. ശബരിമല അയ്യപ്പ സേവാ സമാജത്തിന്റെ നേതൃത്വത്തില്‍ നടന്ന ഭവനം സന്നിധാനം അയ്യപ്പ മഹാസംഗമത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി ചിദാനന്ദ പുരി. ചടങ്ങില്‍ കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് പ്രഫ. പി.സി.കൃഷ്ണവര്‍മ രാജ അധ്യക്ഷത വഹിച്ചു. 
പണം ഉണ്ടാക്കുക എന്ന ലക്ഷ്യം മാത്രം മുന്‍നിര്‍ത്തി ശബരിമലയിലെ ആചാര വ്യവസ്ഥ തകര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നു സ്വാമി ചിദാനന്ദ പുരി ആരോപിച്ചു. ശബരിമലയെ ടൂറിസ്റ്റ് കേന്ദ്രമാക്കി പണം ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഈ സര്‍ക്കാരിന് ഏറ്റവും വേണ്ടതു ജനങ്ങള്‍ക്കു തൊഴിലോ പട്ടിണി ഇല്ലായ്മയോ ഒന്നുമല്ല; മറിച്ച് വിമാനത്താവളങ്ങളാണ്. സ്വപ്‌ന വാര്‍ത്തകളും സ്വര്‍ണ വാര്‍ത്തകളും നിത്യവും പുറത്തുവരുന്നു. അതില്‍ ഉള്‍പ്പെട്ടവരുടെ പേരുകള്‍ പലതും വെളിവാക്കുന്നുണ്ട്. അതില്‍നിന്നു വ്യക്തമാണ് എന്തിനാണു വിമാനത്താവളം പിടിക്കുന്നത് എന്നത്. തിരുവനന്തപുരം വിമാനത്താവളം പിടിക്കാന്‍ ശ്രമമുണ്ടായപ്പോള്‍ കിട്ടാത്ത മുന്തിരി പുളിക്കുമെന്നു കോടതി പറഞ്ഞത് നാം ഓര്‍ക്കുന്നുണ്ട്. ശബരിമല വിമാനത്താവളത്തിനായി ശ്രമിക്കുന്നത് ഇപ്പോള്‍ കള്ളപ്പണവേട്ട നടക്കുന്ന എം.സി.യോഹന്നാന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനാണ്. അവരുടെ ഭൂമി ഉപയോഗപ്പെടുത്താനാണു പദ്ധതി. അവരുടെ കയ്യിലുള്ളതാകട്ടെ തെറ്റായ വഴികളിലൂടെ കൈക്കലാക്കിയ ഹിന്ദു ദേവസ്വങ്ങളുടെ ഭൂമിയാണ്. ആ ഭൂമി സര്‍ക്കാര്‍ വിലകൊടുത്തു വാങ്ങാനായിരുന്നു പദ്ധതി. കോടതി ഇടപെട്ടതുകൊണ്ടാണു പണം കൊടുക്കാതിരുന്നത്. 
ശബരിമലയില്‍ ഈ മണ്ഡലകാലം എങ്ങനെയായിരിക്കണം എന്നു തീരുമാനിച്ചതു സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയാണെന്നു സ്വാമി ചിദാനന്ദ പുരി ഓര്‍മിപ്പിച്ചു. എന്നാല്‍, ഈ സമിതിയില്‍ ഉണ്ടായിരുന്നത് ഏഴ് ഐ.എ.എസ്. ഉദ്യോഗസ്ഥരാണ്. ശബരിമല തന്ത്രിയോ കേരളത്തിലെ മറ്റേതെങ്കിലും തന്ത്രിമാരോ ശബരിമല അയ്യപ്പന്റെ രക്ഷാധികാരി സ്ഥാനമുള്ള പന്തളം രാജവംശ പ്രതിനിധിയോ വേദജ്ഞന്‍മാരോ ഗുരുസ്വാമിമാരോ ഉള്‍പ്പെടെ ആരെയും സമിതിയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. 
പെസഹ വ്യാഴം എങ്ങനെ ആചരിക്കണമെന്നു തീരുമാനിക്കാന്‍ വ്യത്യസ്ത ക്രിസ്ത്യന്‍ വിഭാഗങ്ങളുമായി ചര്‍ച്ച ചെയ്തിരുന്നു. കോവിഡ് കാലത്ത് എങ്ങനെ ചെറിയ പെരുന്നാളും വലിയ പെരുന്നാളുമൊക്കെ ആഘോഷിക്കാമെന്ന് ആലോചിക്കാന്‍ വ്യത്യസ്ത ഇസ്ലാമിക വിഭാഗങ്ങളുടെ യോഗം വിളിക്കുകയാണു ചെയ്തത്. എന്നാല്‍, ശബരിമലയിലെ മണ്ഡലകാത്തെ സംബന്ധിച്ചു തീരുമാനിക്കാന്‍ നിയോഗിച്ചത് ഐ.എ.എസ്. ഉദ്യോഗസ്ഥരെ മാത്രം. 
വിദഗ്ധ സമിതി കൈക്കൊണ്ട തീരുമാനം മണ്ഡലകാലത്തു പ്രതിദിനം ആയിരം പേരെ സന്നിധാനത്തേക്കു കടത്തിവിടാം എന്നാണ്. ശനിയാഴ്ചയും ഞായറാഴ്ചയും രണ്ടായിരം പേര്‍ക്കു പോകാമെന്നും വ്യവസ്ഥ വെച്ചു. എന്നാല്‍, ഗുരുസ്വാമിമാര്‍ക്കൊപ്പം ഇരുമുടിക്കെട്ടുമേന്തി പമ്പയില്‍ കുളിച്ച് മലകയറി അയ്യപ്പസ്വാമിയെ ദര്‍ശിച്ച് നെയ്യഭിഷേകം നടത്തി ഭഗവത്പ്രസാദം കഴിക്കണമെന്നാണ് ആചാരം. എന്നാല്‍ കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ഇതൊന്നും സാധ്യമല്ല. 
ശബരിമലയിലെ ചടങ്ങുകള്‍ അട്ടിമറിക്കപ്പെടരുത്. അതു സംഭവിച്ചാല്‍ നൂറ്റാണ്ടുകളായി തുടരുന്ന ആചാര്യ വ്യവസ്ഥയുടെ അടിത്തറ തകര്‍ക്കലായിത്തീരും. അതിനാല്‍ ആചാര ലംഘനത്തിനു ഭക്തര്‍ കൂട്ടുനില്‍ക്കരുത്. ക്ഷേത്രങ്ങള്‍ പ്രാഥമികമായി ദേവാലയമാണ്, ദേവന്റെ ആലയമാണ്. അതു കഴിഞ്ഞാണ് ആരാധനാലയം എന്ന പ്രസക്തി. ദേവാലയം എന്ന നിലയില്‍ നടക്കേണ്ട ചടങ്ങുകള്‍ മുടക്കമില്ലാതെ നടക്കണമെന്നതാണു ശബരിമലയെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ പരമപ്രധാനമെന്നു സ്വാമി ചിദാനന്ദ പുരി പറഞ്ഞു. 
ലോക്ഡൗണ്‍ കാലത്ത് പോലും ഹൈന്ദവ ചേതനയെ അവഹേളിക്കാനാണു സംസ്ഥാനം ഭരിക്കുന്ന ഇടതു സര്‍ക്കാര്‍ ശ്രമിച്ചത്. ഇത്തരം അപമാനിക്കലുകള്‍ക്കും അവഹേളനങ്ങള്‍ക്കും ജനാധിപത്യ രീതിയില്‍ മറുപടി പറയേണ്ട സമയത്തു മറുപടി നല്‍കണമെന്നു സ്വാമി ചിദാനന്ദ പുരി ആഹ്വാനംചെയ്തു. ഭാരതീയ സ്വത്വത്തെ മാനിക്കുന്ന ഭരണവ്യവസ്ഥ അധികാരത്തില്‍ വന്നാല്‍ മാത്രമേ നമ്മുടെ ആചാരങ്ങളും വിശ്വാസങ്ങളും പാലിക്കപ്പെടുകയുള്ളൂ എന്ന് അദ്ദേഹം വ്യക്തമാക്കി. 
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു ചേര്‍ന്ന സംഗമം ചിന്മയ മിഷന്‍ കോഴിക്കോട് ആചാര്യന്‍ സ്വാമി ജിതാത്മാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. അഷ്ടമിരോഹിണി നാളില്‍ വീടുകള്‍ അമ്പാടിയാക്കി മാറ്റിയതുപോലെ മണ്ഡലകാലത്ത് എല്ലാ വീടുകളിലും സത്സംഗങ്ങള്‍ നടക്കട്ടെയെന്നും ഇതു ശീലമായി മാറട്ടെയെന്നും അദ്ദേഹം പറഞ്ഞു. 
ഇപ്പോഴത്തെ സാഹചര്യം തിരിച്ചറിഞ്ഞാണ് ഇത്തവണ ശബരിമല തീര്‍ഥാടനം ഒഴിവാക്കണമെന്നു വിശ്വാസികളോട് അഭ്യര്‍ഥിക്കുന്നതെന്ന് ആശംസാ പ്രസംഗത്തില്‍ ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ ചൂണ്ടിക്കാട്ടി. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടു ശബരിമല ദര്‍ശനം നടത്താന്‍ ബുദ്ധിമുട്ടാണ്. ഈ സാഹചര്യത്തിലാണ് ഈ മണ്ഡലകാലം ഭക്തിപൂര്‍വം വീടികുളില്‍ കഴിയാന്‍ അഭ്യര്‍ഥിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. 
യോഗക്ഷേമ സഭ സംസ്ഥാന വൈസ് പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, വിഎച്ച്പി ജില്ലാ പ്രസിഡന്റ് അഡ്വ. ഇ.കെ. സന്തോഷ്‌കുമാര്‍, പ്രമോദ് കുമാര്‍ ഐക്കരപ്പടി, ഈറോഡ് രാജന്‍, വി. അനില്‍കുമാര്‍ എന്നിവരും പ്രസംഗിച്ചു.
 
.

Back to Top