News

ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത കാലംചെയ്തു

തിരുവല്ല: മാര്‍ത്തോമ്മാ സഭാ തലവന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത കാലംചെയ്തു. 89 വയസ്സായിരുന്നു. കബറടക്കം നാളെ വൈകിട്ട ്മൂന്നിന്.
13 വര്‍ഷമായി സഭാധ്യക്ഷനായി തുടരുന്ന ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത കാന്‍സര്‍ ബാധിതനായിരുന്നു. പാന്‍ക്രിയാസിനെ ബാധിച്ച ക്യാന്‍സര്‍ മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്നു ദിവസങ്ങളായി ബിലീവേഴ്‌സ് മെഡിക്കല്‍ കോളജില്‍ കഴിയുകയായിരുന്നു. അദ്ദേഹത്തിന്റെ ആവശ്യപ്രകാരം കഴിഞ്ഞ ദിവസം തൈലാഭിഷേക ശുശ്രൂഷ നടത്തിയിരുന്നു.
അശരണര്‍ക്കും അഗതികള്‍ക്കുമായി പ്രവര്‍ത്തിച്ച പുരോഹിതനായിരുന്നു. പലയിടത്തും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിവന്നു. ഭിന്നശേഷിക്കാര്‍ക്കായി പത്തനാപുരത്തു പ്രത്യാശ ഭവനും മാവേലിക്കരയില്‍ ജ്യോതിസ്സും ആരംഭിച്ചു. മുംബൈയിലെ ചുവന്ന തെരുവിലെ കുട്ടികളെ സംരക്ഷിക്കുന്നതിനായി നവജീവന്‍ പദ്ധതിക്കും തുടക്കമിട്ടു. ദളിത് ക്രൈസ്തവ സംരക്ഷണത്തിനായി ന്യൂഡെല്‍ഹിയില്‍ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു.
മാരാമണ്‍ പാലക്കുന്നത്ത് ലൂക്കോസിന്റെയും പുത്തൂര്‍ വീട്ടില്‍ മറിയാമ്മയുടെയും മകനാണ്.
യു.എന്‍. ലോകമത സമ്മേളനത്തില്‍ പ്രത്യേക ക്ഷണിതാവായിരുന്നു. റാന്നി, കോഴിക്കോട്, കുണ്ടറ, മദ്രാസ് ഇടവകകളില്‍ വികാരിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സഭാ ഐക്യപ്രസ്ഥാനത്തിന്റെ വക്താക്കളില്‍ ഒരാളായിരുന്നു. പല ക്രൈസ്തവ സംഘടനകളുടെയും ഭാരവാഹിയായി പ്രവര്‍ത്തിച്ചിട്ടുമുണ്ട്.
.

Back to Top