News

ശബരിമലയെ മറയാക്കി കള്ളനോട്ട് വെളുപ്പിച്ചു

കോഴിക്കോട്: കണ്ടെയ്‌നറിലെത്തിയ കള്ളനോട്ടുകള്‍ വെളുപ്പിക്കാന്‍ ശബരിമലയെ ദുരുപയോഗം ചെയ്തതായി സൂചന. വി.എസ്.അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ കൊച്ചിയിലെത്തിയ രണ്ട് കണ്ടെയ്‌നര്‍ വ്യാജ കറന്‍സി ശബരിമലയില്‍നിന്നുള്ള പണമെന്ന വ്യാജേന ബാങ്കുകളില്‍ എത്തിച്ചതായാണു സംശയം. ശബരിമലയ്ക്കുള്ള വിശ്വാസ്യത ദുരുപയോഗം ചെയ്തായിരുന്നു ഇതെന്നും 'ജന്‍മഭൂമി' റിപ്പോര്‍ട്ട് ചെയ്തു.
പാക്കിസ്ഥാനില്‍ തയ്യാറാക്കിയ കള്ളനോട്ടുകള്‍ ദുബായിലെത്തിച്ച് അവിടെനിന്നാണ് കൊച്ചിയില്‍ എത്തിച്ചതെന്നു കണ്ടെത്തിയിരുന്നു. ഐ.എസ്.ഐയാണ് ഇതിനു പിന്നിലെന്ന സംശയം ഉയരുകയും ചെയ്തിരുന്നു. എന്നാല്‍, സംഭവത്തെക്കുറിച്ചുള്ള അന്വേഷണം എങ്ങുമെത്തിയില്ല. കള്ളനോട്ടുകള്‍ അജ്ഞാത കേന്ദ്രങ്ങളിലേക്കു മാറ്റപ്പെട്ടു. അതു കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞിരുന്നില്ല. സംഭവം നടന്ന കാലത്ത് ഇന്റലിജന്‍സ് എ.ഡി.ജി.പി. ആയിരുന്ന ജേക്കബ് പുന്നൂസ് അന്വേഷണത്തില്‍ കണ്ടെത്തിയത് കണ്ടെയ്‌നറുകളില്‍ എത്തിയ കള്ളനോട്ട് ശേഖരം അജ്ഞാത കേന്ദ്രത്തിലേക്കു മാറ്റി എന്നു മാത്രമാണ്. ഇത് ഒറ്റപ്പെട്ട സംഭവം ആകാനിടയില്ലെന്ന സംശയം ഉയര്‍ന്നിരുന്നു എങ്കിലും ഒരുവിധത്തിലുള്ള അന്വേഷണത്തിനും അധികൃതര്‍ തയ്യാറായില്ല.
വ്യാജ കറന്‍സിയില്‍ ഒരു ഭാഗം സഹകരണ ബാങ്കുകള്‍ വഴി വെളിപ്പിച്ചെടുത്തതായാണു സംശയിക്കുന്നത്. ശബരിമലയില്‍നിന്നു ബാങ്കുകളിലേക്ക് എത്തിക്കുന്ന യഥാര്‍ഥ കറന്‍സി നോട്ടുകള്‍ മാറ്റി പകരം കള്ളനോട്ടുകള്‍ വെച്ചു എന്നാണു സംശയിക്കുന്നത്. ആയിരം കോടിയോളം രൂപ ഓരോ സീസണിലും മാറ്റിയെടുത്തു എന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്ന് ശബരിമലയില്‍നിന്നുള്ള യഥാര്‍ഥ നോട്ടുകള്‍ റിയല്‍ എസ്‌റ്റേറ്റ് രംഗത്തു കള്ളപ്പണമായി ഉപയോഗിച്ചതായും സംശയിക്കപ്പെടുന്നു. കൊല്ലത്തെ ഒരു വ്യവസായി ഈ സംഭവങ്ങളില്‍ സംശയത്തിന്റെ നിഴലിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
.

Back to Top