News

അടിച്ചു കസറി ഡെല്‍ഹി കാപ്പിറ്റല്‍സ്; അടിയറവു പറഞ്ഞ് ചെന്നൈ

അബുദാബി: അവസാന ഓവര്‍ വരെ നീണ്ടുനിന്ന ആവേശമത്സരത്തില്‍ യുവനിരയുമായി ഇറങ്ങിയ ഡെല്‍ഹി കാപ്പിറ്റല്‍സിനു ജയം. അഞ്ചു വിക്കറ്റിനായിരുന്നു ചെന്നൈക്കെതിരെ ഡല്‍ഹിയുടെ വിജയം. ഓപ്പണര്‍ ശിഖര്‍ ധവാന്റെ സെഞ്ച്വറി ബലത്തിലാണ് ടീം വിജയം കണ്ടെത്തിയത്. അവസാന പന്ത് ബാക്കിനില്‍ക്കെ ഡല്‍ഹി 185ന് അഞ്ച് എന്ന നിലയിലാണ് ചെന്നൈയുടെ സ്‌കോര്‍ മറികടന്നത്. 58 പന്തില്‍ നിന്ന് 101 റണ്‍സാണ് ധവാന്റെ ബാറ്റില്‍ നിന്നു പിറന്നത്. അഞ്ചു പന്തില്‍ നിന്നും 21 നേടിയ അക്‌സര്‍ പട്ടേല്‍ തീപ്പൊരി ഷോട്ടുകളാല്‍ കളം നിറഞ്ഞു. തോല്‍വിയുടെ വക്കില്‍ നിന്നുമാണ് ഈ അസാധാരണ വിജയം ചെന്നൈയുടെ കയ്യില്‍നിന്നു ഡെല്‍ഹി തട്ടി എടുത്തത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിശ്ചിത ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുത്തു. മല്‍സരത്തിന്റെ തുടക്കത്തില്‍ തന്നെ ഓപ്പണര്‍ സാം കറനെ നഷ്ടമായ ചെന്നൈയെ ഫാഫ് ഡുപ്ലെസി - ഷെയ്ന്‍ വാട്സണ്‍ സഖ്യം തകര്‍ച്ചയില്‍ നിന്നു കരകയറ്റിയെങ്കിലും ഡല്‍ഹിക്കു മുന്നില്‍ മുട്ടുമടക്കി. അമ്പാട്ടി റായിഡു - രവീന്ദ്ര ജഡേജ കൂട്ടുകെട്ട് ഇന്നിങ്സിന്റെ അവസാനം സ്‌കോര്‍ ഉയര്‍ത്തി. 28 പന്തില്‍ ആറു ബൗണ്ടറികളടക്കം 36 റണ്‍സാണ് വാട്സണ്‍ നേടിയത്. ഫാഫ് ഡുപ്ലെസി 47 പന്തില്‍ രണ്ട് സിക്സും ആറു ഫോറുമടക്കം 58 റണ്‍സെടുത്തു. ഡുപ്ലെസി പുറത്തായശേഷം അമ്പാട്ടി റായിഡു തകര്‍ത്തുകളിച്ചു. 25 പന്തുകള്‍ നേരിട്ട റായിഡു നാല് സിക്സും ഒരു ഫോറുമടക്കം 45 റണ്‍സെടുത്തു പുറത്താകാതെ നിന്നു. ജഡേജ 13 പന്തുകളില്‍ നാലു സിക്സറടക്കം 33 റണ്‍സെടുത്തു. ഡെല്‍ഹിക്കായി നോര്‍ജെ രണ്ടു വിക്കറ്റുകളും തുഷാര്‍, റബാദ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
 
.

Back to Top