Yogaveethi

അനന്താസനം

ചെയ്യുന്ന വിധം: ആദ്യമായി ഇടതുവശം ചെരിഞ്ഞു കിടക്കുക. പിന്നീട് വലതു കൈയുടെ മുട്ട് വിരിപ്പില്‍ ഊന്നിക്കൊണ്ട് തലഭാഗം ഉയര്‍ത്തി വലതു കൈവെള്ളയില്‍ തല താങ്ങിനിര്‍ത്തുക. വലതുകാലിനു മുകളിലായി ഇടതു കാല്‍മുട്ടു മടക്കി ഇടതു കൈകൊണ്ടു കാല്‍പാദത്തില്‍ പിടിക്കുക. ഈ കിടപ്പില്‍കിടന്നു സാവകാശം ശ്വാസം എടുത്തുകൊണ്ട് ഇടതു കാല്‍ ഉയര്‍ത്തുക. കാല്‍മുട്ടു മടങ്ങാതെ ഓരോരുത്തരുടെയും കഴിവിനനുസരിച്ച് ഉയര്‍ത്തിയാല്‍ മതി. കാലക്രമേണ 90 ഡിഗ്രി വരെ എത്തും. ഇടതു കാല്‍ ഉയര്‍ത്തുമ്പോള്‍ ഒപ്പം ആ കാലിന്റെ പെരുവിരല്‍ ഇടതുകൈ കൊണ്ട് കൂട്ടിപ്പിടിച്ചിരിക്കണം. ഇത് ബാലന്‍സ് ചെയ്യാന്‍ സഹായകമാവുക മാത്രമല്ല, കൈക്കു നല്ല വ്യായമം കിട്ടുവാനും സഹായിക്കും. 
ഉയര്‍ത്തിയ ഇടതുകാല്‍ ശ്വാസംവിട്ടുകൊണ്ടു കയ്യുമായുള്ള ബന്ധം വേര്‍പെടുത്തി സാവധാനം താഴേക്കുകൊണ്ടു വന്നു വലതുകാലിനു മുകളിലായി വയ്ക്കുക. ഇങ്ങനെ അഞ്ചു പ്രാവശ്യം ചെയ്യുക. ഇതിനു ശേഷം സാവധാനം ശ്വാസം എടുത്തുകൊണ്ട് ഇടതുകൈ തലയ്ക്കു പിന്നില്‍ കമിഴ്ത്തി വയ്ക്കുക. ഇപ്രകാരം തിരിഞ്ഞുകിടന്നു വലതു ഭാഗത്തും ആവര്‍ത്തിക്കുക. ഇങ്ങനെ അഞ്ചു തവണ ചെയ്യുക. തുടക്കത്തില്‍ ചെയ്യുന്നതിലും കൂടുതല്‍ തവണകള്‍ ആവര്‍ത്തിച്ചു ചെയ്യുമ്പോള്‍ കൂടുതല്‍ ശരീരലാഘവം തോന്നിത്തുടങ്ങും. ഇങ്ങനെ ചെയ്യുമ്പോള്‍ ശാരീരിക ക്ഷീണം അനുഭവപ്പെടുന്ന പക്ഷം മലര്‍ന്നു കിടന്നു ശ്വസന പ്രക്രിയ ഗാഢമായി അനുഷ്ഠിക്കാവുന്നതാണ്.
ഗുണങ്ങള്‍
ഇതു ചെയ്യുന്നതുമൂലം കൈകാലുകളുടെ ചലനശേഷി വര്‍ധിക്കുന്നു. കൂടുതല്‍ ലാഘവം അനുഭവപ്പെടുന്നു. കൂടാതെ കൈകാലുകളിലേക്കുള്ള രക്തചംക്രമണം വര്‍ധിക്കുന്നതിനാല്‍ ബലം സിദ്ധിക്കുന്നു. നടുവുവേദനയ്ക്കു ശമനം ലഭിക്കുന്നു. മൂത്രശയ സംബന്ധമായ അസുഖങ്ങള്‍ക്ക് ആശ്വാസം ലഭിക്കുന്നു.
 
.

Back to Top