News

കോവിഡിനെ തുരത്തി; ജസിന്‍ഡയുടെ ലേബര്‍ പാര്‍ട്ടിക്കു രണ്ടാമൂഴം

വെല്ലിംഗ്ടന്‍: കോവിഡ് പ്രതിരോധത്തിലൂടെ ലോകത്തിന്റെ കയ്യടി നേടിയ പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേനു രണ്ടാമതും സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവസരം നല്‍കി ന്യൂസിലാന്‍ഡ്. രാജ്യത്തു നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ജസിന്‍ഡയുടെ ലേബര്‍ പാര്‍ട്ടി വന്‍ വിജയം സ്വന്തമാക്കി. പതിറ്റാണ്ടുകള്‍ക്കു ശേഷം ന്യൂസിലാന്‍ഡില്‍ ഏകകക്ഷി സര്‍ക്കാരിനെ നയിക്കാന്‍ ഉള്ള നിയോഗമാണു നാല്‍പതുകാരിയായ ജസിന്‍ഡക്കു ജനങ്ങള്‍ നല്‍കിയത്. 'ഏകദേശം 50 വര്‍ഷത്തിനിടെ ലേബര്‍ പാര്‍ട്ടിക്കു ന്യൂസിലാന്‍ഡ് നല്‍കിയ ഏറ്റവും വലിയ പിന്തുണയാണ് ഇത്. ഇതു ഞങ്ങള്‍ നിസ്സാരമായി കാണില്ല. എല്ലാവരെയും പരിഗണിക്കുന്ന സര്‍ക്കാര്‍ ആയിരിക്കും ഞങ്ങളുടേതെന്നു വാഗ്ദാനം ചെയ്യുന്നു, കോവിഡ് മഹാമാരി ബാധിച്ച സമ്പദ്വ്യവസ്ഥയെ പുനര്‍നിര്‍മിക്കുന്നതിനും സാമൂഹിക അസമത്വം പരിഹരിക്കുന്നതിനും തന്റെ ഈ വിജയം സഹായകമാകും', ജസിന്‍ഡ പറഞ്ഞു. ഓക്ലന്‍ഡിലെ വസതിക്കു പുറത്ത് ഒത്തുകൂടിയ അനുയായികളെ അഭിവാഗ്യം ചെയ്താണു പ്രധാനമന്ത്രി സന്തോഷം പങ്കിട്ടത്. 
മികച്ച വിജയം നേടിയതിനു പ്രധാനമന്ത്രിയെ ഫോണില്‍ അഭിനന്ദിച്ചുവെന്നു പ്രതിപക്ഷത്തെ നാഷണല്‍ പാര്‍ട്ടിയുടെ നേതാവായ ജൂഡിത് കോളിന്‍സ് പറഞ്ഞു. ലേബര്‍ പാര്‍ട്ടി 49 ശതമാനം വോട്ട് സ്വന്തമാക്കിയപ്പോള്‍ നാഷണല്‍ പാര്‍ട്ടിക്ക് 27 ശതമാനം മാത്രമാണു ലഭിച്ചതെന്നു തെരഞ്ഞെടുപ്പു കമ്മിഷന്‍ അറിയിച്ചു. കോവിഡ് സാഹചര്യം കൈകാര്യം ചെയ്തതില്‍ ജനങ്ങള്‍ സന്തുഷ്ടരാണെന്നു  ജനവിധി തെളിയിക്കുന്നു എന്നു ധനമന്ത്രി ഗ്രാന്‍ഡ് റോബര്‍ട്‌സണ്‍ പറഞ്ഞു.
 
.

Back to Top