ബാംഗ്ലൂരിനു മുകളില്‍ സൂര്യന് ഉദിച്ചു
November 6 2020
അബുദാബി: ഐ.പി.എല്‍. പ്ലേ ഓഫ് ആദ്യ എലിമിനേറ്ററില്‍ സണ്‍ റൈസേഴ്സിനു ജയം. ബാംഗ്ലൂരിനെ ആറു വിക്കറ്റിനാണ് ഹൈദരാബാദ് തകര്‍ത്തത്. ജയത്തോടെ അടുത്ത എലിമിനേറ്റര്‍ മല്‍സരത്തില്‍ ഡല്‍ഹിയുടെ എതിരാളികളായി സണ്‍റൈസേഴ്സ്. 132 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന സണ്‍റൈസേഴ്സിനു തുടക്കത്തില്‍ തന്നെ ഓപ്പണര്‍ ഗോസ്വാമിയെ നഷ്ടമായി. എന്നാല്‍ വാര്‍ണറും മനീഷ്പാണ്ടെയും പതിയെ സ്കോറിങ് ഉയര്‍ത്തി. അഞ്ചാമത് ഓവറില്‍ സിറാജിന്റെ പന്തില്‍ വാര്‍ണര്‍ മടങ്ങിയതോടെ ടീം സമ്മര്‍ദത്തിലായി. തൊട്ടുപിന്നാലെ മനീഷിനെ സാംബയും മടക്കി. എന്നാല്‍ പിന്നാലെ എത്തിയ വില്യംസണ് സാവകാശം ബാറ്റ് വീശി. ഹോള്‍ഡര്‍ കൂടി ചേര്‍ന്നപ്പോള്‍ പതിയെ റണ്‍ ബോര്‍ഡ് ചലിക്കാന്‍ തുടങ്ങി. 44 പന്തില്‍ 50 നേടിയ വില്യംസനാണ് ഹൈദരാബാദിന്റെ ടോപ് സ്കോറര്‍. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിനു നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 56 റണ്‍സെടുത്ത എ.ബി.ഡിവില്ല്യേഴ്സ് ആണ് ബാംഗ്ലൂരിന്റെ ടോപ്പ് സ്കോറര്‍. ഫിഞ്ച് 32 റണ്‍സെടുത്തു. പിന്നെയുള്ള ടോപ്പ് സ്കോറര്‍ ഒന്‍പതാം നമ്പറില്‍ ഇറങ്ങിയ മുഹമ്മദ് സിറാജ് ആണ്. സിറാജ് 10 റണ്‍സെടുത്തു. ഹൈദരാബാദിനായി ജേസന്‍ ഹോള്‍ഡര്‍ രണ്ടും നടരാജന് രണ്ടും വിക്കറ്റ് വീഴ്ത്തി. ഫിഞ്ച് ടീമിലെത്തിയെങ്കിലും കോലിയാണ് ദേവ്ദത്തിനൊപ്പം ഇന്നിങ്സ് ഓപ്പണ്‍ ചെയ്തത്. എന്നാല്‍ ആ നീക്കം രണ്ടാം ഓവറില്‍ തന്നെ പാളി. വിരാട് കോലിയെ (6) ജേസന്‍ ഹോള്‍ഡര്‍ ശ്രീവത്സ ഗോസ്വാമിയുടെ കൈകളില്‍ എത്തിക്കുകയായിരുന്നു. നാലാം ഓവറില്‍ ദേവ്ദത്തും (1) ഹോള്‍ഡറിന്റെ ഇരയായി മടങ്ങി. ദേവ്ദത്തിനെ പ്രിയം ഗാര്‍ഗ് പിടികൂടുകയായിരുന്നു. മൂന്നാം വിക്കറ്റില്‍ ഫിഞ്ചും ഡിവില്ല്യേഴ്സും ചേര്‍ന്ന കൂട്ടുകെട്ടാണ് ബാംഗ്ലൂരിനെ മല്‍സരത്തിലേക്കു തിരികെ എത്തിച്ചത്. ഗംഭീരമായി പന്തെറിഞ്ഞ ഹൈദരാബാദ് ബൗളര്‍മാര്‍ ഒരു ഘട്ടത്തിലും മല്‍സരത്തിലുള്ള ഗ്രിപ്പ് കൈവിട്ടില്ലെങ്കിലും സിംഗിളുകളും ഡബിളുകളും സ്കോര്‍ ചെയ്ത് സഖ്യം മെല്ലെ സ്കോര്‍ ഉയര്‍ത്തി. 41 റണ്‍സിന്റെ കൂട്ടുകെട്ടിനു ശേഷം ആരോണ്‍ ഫിഞ്ച് (32) മടങ്ങി. ഇതിനിടെ പൊരുതിക്കളിച്ച ഡിവില്ല്യേഴ്സ് 39 പന്തുകളില്‍ ഫിഫ്റ്റി തികച്ചു. ഫിഫ്റ്റിക്കു പിന്നാലെ ഡിവില്ല്യേഴ്സ് മടങ്ങി. 43 പന്തില്‍ 56 റണ്‍സെടുത്ത ഡിവില്ല്യേഴ്സിനെ സെയ്നി ഒരു ആക്യുറേറ്റ് യോര്‍ക്കറില്‍ വീഴ്ത്തുകയായിരുന്നു. ഇന്നിങ്സ് അവസാനിക്കുമ്പോള്‍ മുഹമ്മദ് സിറാജ് (10), നവദീപ് സെയ്നി (9) എന്നിവര്‍ പുറത്താവാതെ നിന്നു.