News

ചൈനീസ് പട്ടാളത്തിന്റെ സാന്നിധ്യം ഇന്ത്യക്കു വെല്ലുവിളി: വിദേശകാര്യമന്ത്രി

ന്യൂഡല്‍ഹി: ഗല്‍വാന്‍ അതിര്‍ത്തിയിലെ സംഘര്‍ഷം ഇന്ത്യ-ചൈന ബന്ധത്തെ പിടിച്ചുലച്ചെന്നു വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍. ഇരു രാജ്യങ്ങളും തമ്മില്‍ അതിര്‍ത്തിയില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍  പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചുവെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. അതിര്‍ത്തിയില്‍ വലിയ തോതില്‍ ചൈനീസ് പട്ടാളത്തിന്റെ സാന്നിധ്യമുള്ളത് ഇന്ത്യക്കു നിര്‍ണായകമായ സുരക്ഷാ വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെന്നും ജയശങ്കര്‍ വ്യക്തമാക്കി. ഏഷ്യാ സൊസൈറ്റി സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
30 വര്‍ഷമായി ചൈനയുമായി മികച്ച ബന്ധമായിരുന്നു ഉണ്ടായിരുന്നത്. അതിര്‍ത്തിയില്‍ സമാധാനം സ്ഥാപിക്കാന്‍ ഒട്ടേറെ കരാറുകളില്‍ ഒപ്പിടുകയും ചെയ്തു. എന്നാല്‍ ഈ വര്‍ഷം മുതല്‍ കരാറുകളില്‍ നിന്നു ചൈന വ്യതിചലിക്കുകയാണ് ഉണ്ടായത്. അതിര്‍ത്തിയില്‍ വന്‍തോതില്‍ ചൈനീസ് സേനയെ വിന്യസിച്ചത് എല്ലാ കരാറുകള്‍ക്കും  വിരുദ്ധമാണെന്നു കേന്ദ്രമന്ത്രി വ്യക്തമാക്കി. 
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങും തമ്മിലുള്ള ഉച്ചകോടികള്‍ 2018ല്‍ വുഹാനിലും 2019ല്‍ ചെന്നൈയിലും നടന്നിരുന്നു. ഇരു നേതാക്കള്‍ക്കും പരസ്പരം തുറന്നു സംസാരിക്കാന്‍ ഇത് അവസരമൊരുക്കിയിരുന്നു എന്നും വിദേശകാര്യ മന്ത്രി കൂട്ടിച്ചേര്‍ത്തു. ലഡാക്കിലെ സംഘര്‍ഷങ്ങള്‍ക്കു കാരണമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ ശ്രമങ്ങള്‍ അതീവ രഹസ്യമായാണു നടക്കുന്നതെന്നു ജയശങ്കര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഓരോ വിഷയവും അതീവ ഗൗരവത്തോടെയാണ് ഇരു രാജ്യങ്ങളും വീക്ഷിക്കുന്നതെന്നും മറ്റു വിവരങ്ങളൊന്നും പരസ്യമാക്കുന്നതിനു സമയമായിട്ടില്ലെന്നും ജയശങ്കര്‍ വ്യക്തമാക്കി.
 
.

Back to Top