മുംബൈ എതിരില്ലാതെ ഫൈനലില്‍
November 6 2020
ഐ.പി.എല്‍. പതിമൂന്നാം സീസണിലെ ആദ്യ പ്ലേഓഫില്‍ ജയിച്ച് മുംബൈയ് എതിരില്ലാതെ ഫൈനലില്‍. 57 റണ്‍സിനാണ് മുംബൈയ് ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ വീഴ്ത്തിയത്. തുടക്കം മുതല്‍ ഒടുക്കം വരെ മികച്ച രീതിയില്‍ തന്നെ കളിക്കാനായ മുംബൈ വിജയകീരിടത്തിന് അരികിലെത്തി. ബാറ്റിങ്ങിലും ബൗളിങ്ങിലും മുംബൈ പൂര്‍ണത വരുത്തിയതാണു കളിക്ക് ഊര്‍ജം നല്‍കിയത്.
ഇന്നലെ നടന്ന മല്‍സരത്തില്‍ നായകന് രേഹിത് ശര്‍മയ്ക്ക് തിളങ്ങനായില്ലെങ്കിലും പിന്നീടിറങ്ങിയ ക്വിന്റണ്‍ ഡികോക്ക്(40), സൂര്യകുമാര്‍ യാദവ്(51), ഇഷാന് കിഷന്(55), ഹര്‍ദിക് പാണ്ഡ്യ(37) എന്നിവരുടെ മികവില്‍ ടീമിന്റെ സ്കോര്‍ ബോര്‍ഡ് 200 കഴിഞ്ഞു മുംബൈ വിജയം ഉറപ്പിച്ചിരുന്നു. നാല് വിക്കറ്റ് വീഴ്ത്തി കരിയറിലെ ഏറ്റവും മികച്ച പ്രകടനത്തിലൂടെ ജസ്പ്രീത് ബുംറ തേരോട്ടം നടത്തിയത്തോടെയാണ് ഡല്‍ഹിയുടെ ജൈത്രയാത്ര അവസാനിക്കാന്‍ തുടങ്ങിയത്. ട്രന്റ് ബോള്‍ട്ടും ബുംറയും ചേര്‍ന്നുള്ള കൂട്ടുകെട്ട് ആദ്യ സ്പെല്ലില് തന്നെ ഡല്‍ഹിയെ തോല്‍വിയിലേക്ക് എറിഞ്ഞിട്ടു.
മുംബൈയുടെ മുന്‍നിര ബാറ്റ്സ്മാന്മാര്ക്കെതിരെ ഡല്‍ഹി ബൗളര്‍മാര്‍ക്കു നിയന്ത്രണത്തോടെ പന്തെറിയാനായില്ല എന്നതാണ് ടീമിന്റെ പതനം. കാഗിസോ റബാഡയെയും ആന്റിച്ച് നോരജയെയും പുതിയ പന്ത് ഏല്‍പ്പിക്കാത്തതില്‍ ഡല്‍ഹിക്ക് വീണ്ടും പിഴവ് പറ്റി. മാര്‍ക്കസ് സ്റ്റോയ്നിസിനെ കൂടുതല്‍ ഓവറില്‍ പരീക്ഷിക്കുകയും ചെയ്തില്ല. ബാറ്റിങ്ങില്‍ ഇതു തന്നെ ആവര്‍ത്തിച്ചു. ധവാനും പൃഥ്വി ഷായും രഹാനെയും പൂജ്യത്തിന് പുറത്തായതോടെ സമ്മര്‍ദത്തിനടിപ്പെട്ട മറ്റു കളിക്കാര്‍ക്കു മികവു കാട്ടാനുമായില്ല. തുടര്‍ച്ചയായി പരാജയപ്പെട്ടിട്ടും ഋഷഭ് പന്തിനെ കളിപ്പിക്കാനുള്ള തീരുമാനവും തെറ്റി. സ്റ്റോയ്നിസും അക്സര്‍ പട്ടേലും കാട്ടിയ പോരാട്ടവീര്യം മറ്റു കളിക്കാര്‍കൂടി പുറത്തെടുക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ മല്‍സരഫലം തന്നെ മാറുമായിരുന്നു.
കഴിഞ്ഞ മല്‍സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ 10 വിക്കറ്റിന്റെ തോല്‍വി മുംബൈയെ ഒരുതരത്തിലും ബാധിച്ചിട്ടില്ല. ജസ്പ്രീത് ബുംറയും ട്രന്റ് ബോള്‍ട്ടും ഫോമിലായതോടെ ഇനി മുംബൈയ്ക്ക് ഫൈനല്‍ എളുപ്പമാണ്. നിലവിലെ ഫോമില്‍ മുംബൈയെ വീഴ്ത്താന്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനേ കഴിയൂ. ഹൈദരാബാദിന്റെ ബൗളിങ് നിരയ്ക്കെതിരെ സ്കോര്‍ ചെയ്യുക മുംബൈയ്ക്ക പ്രയാസമാകും. ബാംഗ്ലൂരോ ഡല്‍ഹിയോ ആണ് ഫൈനലില്‍ എത്തുന്നതെങ്കില്‍ മുംബൈയ്ക്കു കിരീടം ഉറപ്പിക്കാം.
ഡല്‍ഹിക്ക് ഫൈനലിലെത്താന്‍ ഇനി രണ്ടാം ക്വാളിഫയര്‍ മല്‍സരത്തിലെ ജയം അനിവാര്യമാണ്. ശിഖര്‍ ധവാനെ മാത്രം ആശ്രയിക്കുന്നത് ടീമിനെ കാര്യമായി ബാധിക്കുന്നുണ്ട്. ഋഷഭ് പന്തിന്റെ ഫോമും ടീമിനെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ഡാനിയേല്‍ സാമിനെ മാറ്റി അലക്സ് കാരിയെ ടീമില്‍ ഉള്‍പ്പെടുത്തിയും ഋഷഭ് പന്തിനു പകരം മറ്റൊരു കളിക്കാരന് അവസരം നല്‍കിയുമായിരിക്കും രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹി ഇറങ്ങുക