ഡെല്‍ഹിയെ അടിച്ചു തകര്‍ത്ത് മുംബൈ ഫൈനലിലേക്ക്!
November 5 2020
ദുബായ്: ഐ.പി.എല്‍. 2020 പതിപ്പിലെ ആദ്യ ഫൈനലിസ്റ്റായി മുംബൈ ഇന്ത്യന്‍സ്. ആദ്യ പ്ലേ ഓഫില്‍ ഡെല്‍ഹിയെ 57 റണ്‍സിനു തകര്‍ത്താണ് മുംബൈ ഫൈനലില്‍ പ്രവേശിച്ചത്. മുംബൈ ബൗളിങ് നിരയും ബാറ്റിങ് നിരയും ഒന്നിനൊന്നു മികച്ച പ്രകടനമാണു കാഴ്ചവെച്ചത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ 200 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഡെല്‍ഹി നിരയിലെ മൂന്നു മുന്‍നിര ബാറ്റ്സ്മാന്മാര് റണ്‍സ് ഒന്നും കാണാതെ മടങ്ങി. നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സാണ് ഡെല്‍ഹിക്കു നേടാനായത്. തുടക്കത്തില്‍ പൂജ്യം റണ്‍സിന് മൂന്നു വിക്കറ്റ് എന്ന നിലയിലായിരുന്നു ഡെല്‍ഹി. മാര്‍ക് സ്റ്റോയ്നസാണ് ഡെല്‍ഹിയുടെ ടോപ് സ്കോറര്‍. സ്റ്റോയ്നസ് 46 പന്തില്‍ 65 നേടി. മുംബൈക്കു വേണ്ടി ബുംറ നാലു വിക്കറ്റ് നേടിയപ്പോള്‍ ബോള്‍ട്ട് രണ്ട് വിക്കറ്റ് നേടി. 30 പന്തുകളില്‍ 55 റണ്‍സെടുത്തു പുറത്താവാതെ നിന്ന ഇഷാന് കിഷന് ആണ് മുംബൈയുടെ ടോപ്പ് സ്കോറര്‍. സൂര്യകുമാര്‍ യാദവ് (51), ക്വിന്റണ്‍ ഡികോക്ക് (40), ഹര്‍ദിക് പാണ്ഡ്യ (37) എന്നിവരും മുംബൈക്കായി തിളങ്ങി. ഡെല്‍ഹിക്കായി ആര്.അശ്വിന് മൂന്നു വിക്കറ്റ് വീഴ്ത്തി. ഗംഭീര തുടക്കം ലഭിച്ച മുംബൈക്ക് അടുത്ത ഓവറില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. നേരിട്ട ആദ്യ പന്തില്‍ തന്നെ രോഹിത് (0) ആര്. അശ്വിനു മുന്നില്‍ കീഴടങ്ങി. മുംബൈ ഇന്ത്യന്‍സ് നായകനെ അശ്വിന് വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. രോഹിത് പുറത്തായതിനു പിന്നാലെ മൂന്നാം നമ്പറിലെത്തിയ സൂര്യകുമാര്‍ യാദവും ഡികോക്കും ചേര്‍ന്ന് ഡെല്‍ഹി ബൗളര്‍മാരെ കടന്നാക്രമിച്ചു. ഒരു ഓവറില്‍ ഒരു ബൗണ്ടറിയെങ്കിലും കണ്ടെത്തിയ സഖ്യം ഓവറില്‍ 10 റണ്‍സ് എന്ന നിരക്കിലാണ് സ്കോര്‍ ചെയ്തത്. അശ്വിന്.എട്ടാം ഓവറില്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്തുകൊണ്ടിരുന്ന ഡികോക്കിനെ ധവാന് പിടികൂടുകയായിരുന്നു. 25 പന്തുകളില്‍ 40 റണ്‍സെടുത്ത ഡികോക്ക് മൂന്നാം വിക്കറ്റില്‍ 62 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു. പതിവിനു വിപരീതമായി അഞ്ചാം നമ്പറില്‍ എത്തിയ പൊള്ളാര്‍ഡിന് (0) രണ്ടു പന്തുകള്‍ക്കു മാത്രമേ ആയുസുണ്ടായുള്ളൂ. ഹര്‍ദിക് പാണ്ഡ്യ (37), ഇഷാന് കിഷന് (55) എന്നിവര്‍ പുറത്താവാതെ നിന്നു.