Kshethrangal

ഏറ്റവും വലിയ ആനക്കൊട്ടിലുള്ള തുറവൂര്‍ മഹാക്ഷേത്രം

പുരാതന നരസിംഹ ക്ഷേത്രങ്ങളിലൊന്നാണ് ആലപ്പുഴ ജില്ലയില്‍ ചേര്‍ത്തലയ്ക്കടുത്തുള്ള തുറവൂര്‍ ക്ഷേത്രം. മഹാവിഷ്ണുവിന്റെ രണ്ടു ഭാവങ്ങളിലുള്ള പ്രതിഷ്ഠകളാണ് ഈ ക്ഷേത്രത്തിലെ പ്രത്യേകത. സുദര്‍ശനമൂര്‍ത്തിയും നരസിംഹ മൂര്‍ത്തിയും രണ്ടു ശ്രീകോവിലുകളിലായി തുല്യപ്രാധാന്യത്തോടെ കൂടി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. തെക്കു വടക്കു ശ്രീകോവിലുകളിലാണു രണ്ടു മൂര്‍ത്തികളെയും പ്രതിഷ്ഠിച്ചിരിക്കുന്നത്. തെക്കു ശ്രീകോവിലില്‍ സുദര്‍ശനമൂര്‍ത്തിയും വടക്കേ ശ്രീകോവിലില്‍ നരസിംഹ മൂര്‍ത്തിയുമാണ് ഉള്ളത്. ക്ഷേത്രം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലാണ്.
പുറപ്പെടാശാന്തി സമ്പ്രദായം നിലവിലുള്ള കേരളത്തിലെ അപൂര്‍വ്വം ക്ഷേത്രങ്ങളിലൊന്നാണു തുറവൂര്‍ മഹാക്ഷേത്രം. മറ്റു ക്ഷേത്രങ്ങളില്‍ നിന്നു വ്യത്യസ്തമായ ആചാരങ്ങളാണ് ഇവിടെയുള്ളത്. മുഖ്യ പൂജകനായ മേല്‍ശാന്തി ഒരു വര്‍ഷം കഠിനവ്രതവും തീവ്രബ്രഹ്‌മചര്യവും പാലിച്ചു പുറപ്പെടാശാന്തി സമ്പ്രദായം അനുഷ്ഠിക്കുന്നു. ഒരു മേടവിഷു മുതല്‍ അടുത്ത മേടവിഷു വരെ ആണു  കാലാവധി. 
രണ്ടു കൊടിമരങ്ങള്‍ ഉള്ള അപൂര്‍വ ക്ഷേത്രങ്ങളില്‍ ഒന്നാണ് ഇത്. കേരളത്തിലെ ഏറ്റവും വലിയ ആനക്കൊട്ടില്‍ ഉള്ള ക്ഷേത്രവുമാണ്. വെടിവഴിപാടാണു പ്രധാന വഴിപാടുകളില്‍ ഒന്ന്. വെടിഅതില്‍ തന്നെ വലിയ വെടിയും ചെറിയ വെടിയും ഉണ്ട്. വഴിപാട് നടത്തുന്ന ആളുകളുടെ പേരും നക്ഷത്രവും വഴിപാടിന്റെ എണ്ണവും വിളിച്ചുപറഞ്ഞാണു ഈ വഴിപാട് നടത്തുന്നത്. വെടിവഴിപാടള്ള അപൂര്‍വ്വം വൈഷ്ണവ ക്ഷേത്രങ്ങളില്‍ ഒന്നുമാണിത്. കൂടാതെ പാനകം,  പാല്‍പ്പായസം, സുദര്‍ശനഹോമം തുടങ്ങിയ വഴിപാടുകളും ഉണ്ട്.
തുലാമാസത്തിലെ ദീപാവലി നാളില്‍ ആറാട്ടു വരത്തക്കവിധത്തില്‍ ഒമ്പതു  ദിവസത്തെ കൊടിയേറ്റ് ഉത്സവം നടന്നുവരുന്നു. വൈശാഖ മാസത്തില്‍ നരസിംഹജയന്തി, ചിങ്ങമാസത്തില്‍ അഷ്ടമിരോഹിണി, മേടമാസത്തില്‍ വിഷു പത്താമുദയം, മകരസംക്രാന്തി എന്നിവയാണു ക്ഷേത്രത്തിലെ പ്രധാന ആണ്ടു വിശേഷങ്ങള്‍. കൂടാതെ  മാസം തോറും വരുന്ന ഏകാദശി. ദ്വാദശി ദിവസങ്ങളും പ്രധാനമാണ്. 
വാരണാസിയിലെ നരസിംഹ ഘട്ടില്‍ നിന്നു പുഴ വഴി ഈ ക്ഷേത്രം നില്‍ക്കുന്ന സ്ഥലത്തെത്തിയ നരസിംഹമൂര്‍ത്തി, ദുര്‍ഗയെ  സങ്കല്പിക്കപ്പെട്ടിരുന്ന സ്ഥാനത്തു കയറി ഇരുന്നു എന്നു വിശ്വസിക്കപ്പെടുന്നുണ്ട്. 
 
.

Back to Top