News

അന്വേഷണം വീണ്ടും മുഖ്യമന്ത്രിയിലേക്ക്

തിരുവനന്തപുരം: സ്വര്‍ണക്കടത്തു മുതലുള്ള കേസുകളില്‍ അന്വേഷണത്തിന്റെ കേന്ദ്ര ബിന്ദുവായി വീണ്ടും മുഖ്യമന്ത്രിയുടെ ഓഫിസ് മാറുന്നതായി സൂചന. ലൈഫ് മിഷന്‍ പദ്ധതി അഴിമതിയെക്കുറിച്ചുള്ള സി.ബി.ഐ. അന്വേഷണം മുഖ്യമന്ത്രി പിണറായി വിജയനിലേക്കു കടന്നേക്കും. 
ലൈഫ് മിഷനും റെഡ്ക്രെസന്റും തമ്മിലുള്ള കരാറിനെ കുറിച്ചു തനിക്ക് അറിയില്ലെന്നാണു മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ സി.ബി.ഐ. തയ്യാറല്ല. കാരണം മുഖ്യമന്ത്രി ലൈഫ്മിഷന്‍ ചെയര്‍മാനാണ്. കേസില്‍ പെടാതിരിക്കുന്നതിനായി പിണറായി വിജയന്‍ പുറത്തെടുക്കുന്ന തന്ത്രമായി മാത്രമേ താന്‍ അറിയാതെയാണു കരാര്‍ ഒപ്പിട്ടത് എന്ന വാദത്തെ കാണാന്‍ കഴിയുകയുള്ളു. ലൈഫ് മിഷന്റെ പ്രധാന ദൗത്യം പാര്‍പ്പിട നിര്‍മാണം ആണ് എന്നതിനാലും കരാര്‍ ഒപ്പിട്ടതു വിദേശ സ്ഥാപനവുമായിട്ടാണ് എന്നതിനാലും പിണറായി വിജയന്‍ അറിയാതിരിക്കാന്‍ ഇടയില്ല. ഇനി, അങ്ങനെ സംഭവിച്ചതാണെങ്കില്‍ തന്നെ പിണറായി കുറ്റവിമുക്തനാകുന്നില്ല. താന്‍ അറിഞ്ഞുവേണം താന്‍ ചെയര്‍മാനായുള്ള സ്ഥാപനം ഗൗരവമേറിയ കരാറില്‍ ഏര്‍പ്പെടുന്നത് എന്ന് ഉറപ്പുവരുത്തേണ്ടതു മറ്റാരുമല്ല. ഫലത്തില്‍ ലൈഫ് മിഷന്‍ കരാര്‍ ഒപ്പിട്ടത് താന്‍ അറിയാതെയാണ് എന്നു പറയുന്നത് പിണറായി വിജയന്‍ പരാജയപ്പെട്ട ഭരണാധികാരിയാണ് എന്ന് സമ്മതിക്കുക കൂടിയാവും. 
അതേസമയം, താന്‍ അറിയാതെയാണു കരാര്‍ ഒപ്പിട്ടതെന്ന പിണറായി വിജയന്റെ നിലപാടിനു പൊതുസമൂഹത്തിന്റെ അംഗീകാരം നേടിയെടുക്കാന്‍ സി.പി.ഐ.(എം) കിണഞ്ഞു ശ്രമിക്കുന്നതിനിടെയാണ് സി.ബി.ഐ. അന്വേഷണം വന്നത്. കരാറുമായി ബന്ധപ്പെട്ട് കമ്മിഷന്‍ ലഭിച്ചിരുന്നു എന്ന് സ്വപ്ന സുരേഷ് വെളിപ്പെടുത്തിയ ഉടന്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എ.സി.മൊയ്തീനും കരാര്‍ രേഖകള്‍ വിളിപ്പിച്ചു പരിശോധിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സ്വര്‍ണക്കടത്തു മുതലുള്ള മറ്റൊരു കേസിലും ഇല്ലാത്തവിധം താല്‍പര്യമെടുത്ത് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. സ്വര്‍ണക്കടത്തു മുതല്‍ ലഹരിക്കടത്തുവരെയുള്ള ഒരു കേസും സംസ്ഥാന സര്‍ക്കാരിന് അന്വേഷിക്കാന്‍ സാധിക്കാത്തത് ആ കേസുകള്‍ക്കു രാജ്യന്തര ബന്ധമുണ്ട് എന്നതിനാലാണ്. ഈ പ്രശ്നം ലൈഫ് മിഷന്‍ കരാറിനുമുണ്ട്. ഗള്‍ഫ് കേന്ദ്രീകരിച്ചുള്ള റെഡ്ക്രെസന്റ് എന്ന സ്ഥാപനവുമായാണ് കരാര്‍. കരാറിനു പിന്നില്‍ അഴിമതിയുണ്ടോ എന്ന് റെഡ്ക്രെസന്റുമായി ബന്ധപ്പെട്ടു സ്വതന്ത്രമായി അന്വേഷിക്കാന്‍ സംസ്ഥാന വിജിലന്‍സ് വകുപ്പിനു സാധിക്കില്ല. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടുകൂടി മാത്രമേ വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട അന്വേഷണം നടത്താന്‍ സാധിക്കുകയുള്ളു. 
ഈ കേസ് അന്വേഷിക്കാന്‍ വിജിലന്‍സ് തയ്യാറാകുമ്പോഴേക്കും സി.ബി.ഐ. അന്വേഷണം ആരംഭിച്ചു എന്നത് ശ്രദ്ധേയമാണ.് സി.ബി.ഐയുടെ എഫ്.ഐ.ആറില്‍ വ്യക്തമാക്കിയിരിക്കുന്നത് ലൈഫ് മിഷന്റെ ചുമതലയുള്ളവര്‍ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തരവാദികളാണ് എന്നാണ്. അണ്‍നോണ്‍ ഒഫീഷ്യല്‍സ് എന്ന പേരിലാണ് അവരെ എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ടു തന്നെ മുഖ്യമന്ത്രിയും ഒപ്പം മിഷനുമായി ബന്ധപ്പെട്ട മറ്റു മന്ത്രിമാരും അന്വേഷണ പരിധിയില്‍ വരുമെന്നു വ്യക്തം. ഇവരെയെക്കെ ചോദ്യംചെയുകയോ ഇവരില്‍ നിന്നൊക്കെ തെളിവെടുക്കുകയോ ചെയ്യുന്ന സാഹചര്യവും ഉണ്ടായേക്കാം.
 
.

Back to Top