News

ഹൈദരാബാദിനെ കൊല്‍ക്കത്ത നേരിടും

അബുദാബി:  ഐ.പി.എല്ലില്‍ ആദ്യമത്സരം പരാജയപ്പെട്ട കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സും സണ്‍റൈസേഴ്സ് ഹൈദരാബാദും രണ്ടാം മത്സരത്തിന് ഇന്നിറങ്ങുന്നു. അബുദാബിയില്‍ വൈകീട്ട് 7.30 നാണ് മത്സരം. മുബൈ ഇന്ത്യന്‍സിനെതിരായ ആദ്യ മത്സരത്തില്‍ 49 റണ്‍സിനാണ് കൊല്‍ക്കത്ത തോറ്റത്. കെ.കെ.ആര്‍. ബാറ്റ്സാമാന്‍മാര്‍ വമ്പന്‍ സ്‌കോറുകള്‍ കണ്ടെത്തുന്നതില്‍ പരാജയപ്പെട്ട മത്സരത്തില്‍ സുനില്‍ നരെയ്ന്‍, ശിവം മാവി എന്നിവരുടെ ബോളിങ് പ്രകടനം മാത്രമാണ് കൊല്‍ക്കത്തയ്ക്ക് ആശ്വാസമായത്.
സണ്‍റൈസേഴ്സിനെതിരെ കൊല്‍ക്കത്ത ടീമില്‍ മാറ്റമുണ്ടാകുമെന്നാണു കരുതുന്നത്. നിഖില്‍ നായിക്കിന് പകരം ആഭ്യന്തര സീസണില്‍ തിളങ്ങിയ റിങ്കു സിങ് ഇന്ന് കെ.കെ.ആറിനായി കളിച്ചേക്കും. മലയാളി താരം സന്ദീപ് വാരിയര്‍ക്കു പകരം പ്രസിദ്ധ് കൃഷ്ണക്കും കൊല്‍ക്കത്ത ഇന്ന് അവസരം നല്‍കിയേക്കാം. ടീമില്‍ വേറെ മാറ്റങ്ങള്‍ക്കു സാധ്യതകളില്ലെങ്കിലും ബാറ്റിങ് ക്രമത്തിലും നായകന്‍ ദിനേശ് കാര്‍ത്തിക് പരീക്ഷണം നടത്താന്‍ സാധ്യതയുണ്ട്.
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനോടു തോറ്റ സണ്‍റൈസേഴ്സും ആശയക്കുഴപ്പങ്ങളുടെ വക്കിലാണ്.
ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍, ജോണി ബെയര്‍സ്റ്റോ, മനീഷ് പാണ്ഡെ തുടങ്ങിയ മുന്‍നിര ബാറ്റ്സ്മാന്‍മാര്‍ പൂര്‍ണ ആത്മവിശ്വാസത്തിലെത്തിയിട്ടില്ല. കഴിഞ്ഞ മത്സരത്തില്‍ പരുക്കേറ്റ മിച്ചല്‍ മാര്‍ഷിന് പകരം അഫ്ഗാന്‍ ഓള്‍റൗണ്ടര്‍ മുഹമ്മദ് നബിയെ ഹൈദരാബാദിന് ഉപയോഗിക്കാം. ന്യൂസീലന്‍ഡ് താരം കെയ്ന്‍ വില്യംസണും ഇന്നു കളിക്കാന്‍ സാധ്യതയുണ്ട്. ഇന്ന് കൊല്‍ക്കത്തയ്ക്കു ജയിക്കേണ്ടത് അനിവാര്യമാണ്. കാരണം ആദ്യ കളി തന്നെ തോറ്റു പിന്‍മാറിയതാണ്. ഇന്ന് ഹൈദരാബാദിനെ നിലംപറ്റിക്കേണ്ടത് നായകന്‍ ദിനേശ് കാര്‍ത്തിക്കിന് നിലനില്‍പിന്റെയും പ്രശ്നമാണ്.
 
.

Back to Top