News

താരാപഥത്തിലേറി ഈ കടലും മറുകടലും കടന്ന് എസ്.പി.ബി. യാത്രയായി

ടി.കെ.വിഘ്‌നേശ്
1946 ജൂണ്‍ നാലിനാണു ചരിത്രത്തില്‍ ഇടം കുറിക്കാനായി ആന്ധ്രാപ്രദേശിലെ നെല്ലൂരില്‍ എസ്.പി.ബി. എന്നും ബാലും എന്നും അറിയപ്പെട്ട ശ്രീപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്‌മണ്യത്തിന്റെ ജനനം. ഹരികഥാ കലാകാരന്‍ എസ്.പി.സാംബമൂര്‍ത്തി ആയിരുന്നു അച്ഛന്‍. അമ്മ ശകുന്തളയും. മകനെ എന്‍ജിനീയറാക്കണം എന്നായിരുന്നു പിതാവിന്റെ മോഹമെങ്കിലും ചെറുപ്പത്തില്‍ തന്നെ സംഗീതത്തോട് അഭിനിവേശം തോന്നിയ ബാലു ജീവിതം പാട്ടിന്റേതാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, അസമീസ്, ഒറിയ, ബംഗാളി, ഹിന്ദി, സംസ്‌കൃതം, തുളു, മാറാത്തി, പഞ്ചാബി തുടങ്ങി 16 ഭാഷകളിലായി നാല്‍പതിനായിരത്തിലേറെ ഗാനങ്ങളാണ് ആ മഹാഗായകന്റെ സ്വരത്തില്‍ ഒട്ടേറെ ചലച്ചിത്രങ്ങളിലായും അല്ലാതെയും നാം കേള്‍ക്കുന്നത്.
തെല്ലുങ്ക് സംഗീത സംവിധായകന്‍ എസ്.പി.കോദപണ്ഡപാണിയുടെ ശ്രീശ്രീ ശ്രീ മര്യാദ രാമണ്ണ(1996)യിലൂടെയാണ് ബാലസുബ്രഹ്‌മണ്യം പാട്ടിന്റെ പാലാഴിയുടെ തീരത്തെത്തുന്നത്. നാലു ഭാഷകളിലായി മികച്ച ഗായകനുള്ള ദേശീയ പുരസ്‌ക്കാരം ആറു തവണ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 1976ല്‍ പുറത്തിറങ്ങിയ കെ.വിശ്വനാഥിന്റെ ശങ്കരാഭരണം എന്ന തെലുങ്കു ചിത്രത്തിലെ ഓംകാരനാദാനു എന്ന ഗാനം എസ്.പി.ബിയെ ദേശീയ അവര്‍ഡിന് അര്‍ഹനാക്കി. ഏക് ദുജേ കേലിയേ(ഹിന്ദി 1981), സാഗര സംഗമം(തെലുങ്ക് 1983), രുദ്രവീണ (തെലുങ്ക് 1988), സംഗീത സാഗര ഗാനയോഗി പഞ്ചാക്ഷര ഗാവയി(കന്നഡ 1995), മിന്‍സാര കനവ് (തമിഴ് 1996) എന്നീ ചിത്രങ്ങളിലെ ഗാനങ്ങള്‍ക്കും ദേശീയ അവാര്‍ഡ് ലഭിച്ചു.
2001ല്‍ പ്ത്മശ്രീയും 2011ല്‍ പദ്മഭൂഷണും നല്‍കി രാജ്യം ആദരിച്ചു. തമിഴ്നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്‌ക്കാരം, കേരള സര്‍ക്കാരിന്റെ ഹരിവരാസനം പുരസ്‌കാരം, കര്‍ണാടക സര്‍ക്കാരിന്റെ കര്‍ണാടക രാജ്യോത്സവ പുരസ്‌കാരം എന്നിവയും ലഭിച്ചിട്ടുണ്ട്. പല സര്‍വകലാശാലകളും ഓണററി ഡോക്ടറേറ്റ് നല്‍കി. തമിഴ്, കര്‍ണടക, ആന്ധ്ര എന്നീ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും പല തവണ നേടിയിട്ടുണ്ട്. അമ്പതോളം ചിത്രങ്ങളില്‍ സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുമുണ്ട്.
കെ.ബാലചന്ദര്‍ സംവിധാനം നിര്‍വഹിച്ച മനതില്‍ ഉറുതി വേണ്ടും എന്ന ചിത്രത്തിലൂടെ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചു. തുടര്‍ന്നിങ്ങോട്ട് ഒട്ടേറെ റോളുകള്‍ എസ്.പി.ബിയെ തേടിയെത്തി. കേളടി കണ്‍മണി ഏറെ ശ്രദ്ധേയമായിരുന്നു. മുദിനമാവ എന്ന കന്നഡ ചിത്രത്തിലെ പ്രധാന വേഷത്തിനു സംസ്ഥാന അവര്‍ഡും ലഭിച്ചിട്ടുണ്ട്.
മണ്ണില്‍ ഇന്ത കാതല്‍ (കേളടി കണ്‍മണി), ഇളയനിലാ പെഴികിറതേ... (പയനങ്കള്‍ മുടിതില്ലൈ), അരച്ച സന്ദനം (ചിന്ന തമ്പി), കാട്ടുക്കുയില് മനസ്സുക്കുള്ളൈ (യേശുദാസിനെപ്പം, ദളപതി), ശങ്കരാ നാദശരീരാ പരാ (ശങ്കരാഭരണം), ചന്ദിരനൈ തൊട്ടുതു യാര്‍, നെഞ്ചേ നെഞ്ചേ (രക്ഷകന്‍), മലരേ മൗനമേ (കര്‍ണാ), കാതല്‍ റോജാവേ (റോജാ), സുന്ദരി കണ്ണാല്‍ ഒരു സെയ്തി (ദളപതി) തുടങ്ങിയവയാണ് എസ്.പി.ബിയുടെ മറക്കാനാവത്ത ഗാനങ്ങളില്‍ ചിലത്. 
ഒട്ടേറെ കാരണങ്ങളാലാണ് എസ്.പി.ബി. വിത്യസ്തനാകുന്നത്. ദക്ഷിണേന്ത്യന്‍ ഗായകര്‍ എത്ര മിടുക്കരായാലും അവരെ തിരസ്‌കരിക്കുന്ന സമ്പ്രദായമാണു ബോളിവുഡിനുള്ളത് എന്നു പരാതിയുണ്ട്. അവിടെ പരാജയപ്പെട്ടു മടങ്ങിയ പല പ്രമുഖ ഗായകരുമുണ്ട്. എന്നാല്‍, അതില്‍നിന്നു വ്യത്യസ്തനാണ് എസ്.പി.ബി. തെല്ലും പിന്നോട്ടടിക്കാതെ മുന്നോട്ടു കുതിക്കുക തന്നെ ചെയ്ത എസ്.പി.ബിയുടെ ഹിന്ദി ഉച്ചാരണം ശരിയല്ലെന്നു പറഞ്ഞു പ്രശസ്ത സംഗീത സംവിധാകര്‍ മാറ്റി നിര്‍ത്തിയ കാലമുണ്ടായിരുന്നു. അക്കാലത്തുതന്നെ ലക്ഷ്മികാന്ത്-പ്യാരേലാല്‍ സംഗീതം നല്‍കിയ 'ഏക് ദൂജോ കേലിയേ'യിലൂടെ അദ്ദേഹം പതികാരം തീര്‍ത്തു. 1981ല്‍ മികച്ച ദേശീയ പുരസ്‌ക്കാരം അങ്ങനെ ഈ ദക്ഷിണേന്ത്യക്കാരന്‍ സ്വന്തമാക്കുകയും ചെയ്തു. 
ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ച ഇന്ത്യന്‍ ഗായകനെന്ന ബഹുമതി എസ്.പി.ബിക്കുള്ളതാണ്. തമിഴ്, കന്നഡ, തെലുങ്ക്, ഇംഗ്ലീഷ് ഭാഷകള്‍ സംസാരിക്കുന്ന അദ്ദേഹം മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് കൂടിയാണ്. ഹിന്ദിയിലും ഡബ്ബിങ് നിര്‍വഹിച്ചിട്ടുണ്ട്. രജനീകാന്ത്, കമല്‍ ഹാസന്‍, സല്‍മാന്‍ ഖാന്‍, അനില്‍ കപൂര്‍, ഗിരീഷ് കര്‍ണാട്, ജമിനി ഗണേശന്‍, അര്‍ജുന്‍ തുടങ്ങിയവരൊക്കെ എസ്.പി.ബിയുടെ നാദത്തിലൂടെ പ്രണയിക്കുകയും കലഹിക്കുകയും ചെയ്ത ചില പ്രമുഖര്‍ മാത്രം. 
1981ല്‍ കന്നഡ ഉപന്ദ്രകുമാറിനു വേണ്ടി എസ്.പി.ബി. നടത്തിയ സാഹസം ആസ്വാദകരെ അമ്പരപ്പിച്ചു. ബെംഗളൂരുവിലെ ഒരു റെക്കോര്‍ഡിങ് തിയറ്ററില്‍ രാവിലെ ഒന്‍പതു മുതല്‍ രാത്രി ഒന്‍തുവരെ എസ്.പി.ബി. പാടിയത് 21 പാട്ടുകളാണ്. അതില്‍ 19 തമിഴ് ഗാനങ്ങളും 16 ഹിന്ദി ഗാനങ്ങളും ഉണ്ട്. പാട്ടിനെ സ്വന്തം ശ്വാസത്തിലലിയിച്ച ഈ ഗായകന്‍ ഒരു ദിവസം ശരാശരി ആറു ഗാനമെങ്കിലും പാടി. ഇത്രയധികം ചലച്ചിത്രഗാനങ്ങള്‍ പാടിയ മറ്റൊരു ഗായകന്‍ ലോകത്തു വേറെയില്ല. ഏറ്റവും അധികം റെക്കോര്‍ഡ് ചെയ്തതിന്റെ ഗിന്നസ് റെക്കോര്‍ഡ് എസ്.പി.ബാലസുബ്രഹ്‌മണ്യത്തിന്റെ പേരിലാണ്. വറ്റാത്ത ഉറവപോലെ ആ പാട്ടിന്റെ ഈണങ്ങള്‍ എന്നും ആസ്വാദക ഹൃദയത്തിലേക്ക് ഒഴുകിയെത്തിക്കൊണ്ടിരിക്കും. ലാളിത്യത്തിന്റെ രൂപത്തില്‍ തിളങ്ങുന്ന നക്ഷത്രമായി താരാപഥത്തിലേറി നവമേഘങ്ങളുടെ കുളിര്‍ കാറ്റായി ഒരു നൊമ്പരമായി എന്നും ഗാനാസ്വാദകരുടെ മനസില്‍ നിറയും, ഈ മസ്മരിക ഗായകന്‍.
 
.

Back to Top