News

ലഹരി മരുന്നു ലഭിക്കാന്‍ അടുപ്പമുള്ളവരെ സുശാന്ത് ഉപയോഗപ്പെടുത്തി: റിയ ചക്രവര്‍ത്തി

മുബൈ: ലഹരിമരുന്നു ലഭിക്കാനായി സുശാന്ത് സിങ് അടുപ്പമുള്ളവരെ ഉപയോഗപ്പെടുത്തിയതായി റിയ ചക്രവര്‍ത്തി. തന്നെയും തന്റെ സഹോദരനെയും ഈ രീതിയില്‍ സുശാന്ത് ഉപയോഗിച്ചിട്ടുണ്ടെന്ന് റിയ ബോംബെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയില്‍ പറയുന്നു.
സുശാന്ത് മാത്രമായിരുന്നു ലഹരി ഉപയോഗിച്ചിരുന്നത്. ലഹരി വസ്തുക്കള്‍ ലഭിക്കാനായി സുശാന്ത് ജീവനക്കാരെയും ഉപയോഗിച്ചിരുന്നു. കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിവസ്തുകള്‍ സിഗരറ്റിനോടെപ്പം ചേര്‍ത്തു തന്റെ കിടപ്പുമുറിയില്‍ വെക്കണമെന്ന് സുശാന്ത് സഹായിയായ നീരജിനോട് ആവശ്യപ്പെട്ടിരുന്നു. സുശാന്തിന്റെ മരണത്തിന് ഏതാനം ദിവസങ്ങള്‍ക്കു മുന്‍പായിരുന്നു ഇത്. മരണത്തിനു ശേഷം കിടപ്പുമുറിയില്‍ നടത്തിയ പരിശോധനയില്‍ ലഹരിമരുന്നു സൂക്ഷിച്ച പെട്ടികള്‍ കണ്ടെടുത്തിരുന്നു. ഇവ കാലിയായിരുന്നു. അതിനര്‍ഥം സുശാന്ത് നിരന്തരം ഉപയോഗിച്ചിരുന്നു എന്നാണ്. ഇക്കാര്യം സി.ബി.ഐക്കും മുബൈ പൊലീസിനും നീരജ് നല്‍കിയ മൊഴിയില്‍ വിശദമാക്കിയിട്ടുണ്ട്.
താനുമായി പരിചയത്തിലാവുന്നതിനുമുന്‍പു തന്നെ ലഹരി ഉപയോഗിക്കുന്ന സ്വഭാവം സുശാന്തിന് ഉണ്ടായിരുന്നു. കേദാര്‍നാഥിന്റെ ചിത്രീകരണ സ്ഥലത്തു വെച്ച് സിഗരറ്റില്‍ കഞ്ചാവ് നിറച്ച് സുശാന്ത് വലിക്കാറുണ്ടായിരുന്നു എന്നും റിയ പറയുന്നു. സുശാന്തും കുടുംബവും തമ്മിലുള്ള ബന്ധത്തില്‍ നേരത്തേ തന്നെ പ്രശ്നങ്ങള്‍ ഉള്ളതായും റിയ പറഞ്ഞു. സുശാന്ത് വിഷാദരോഗത്തിന്റെ മൂര്‍ധന്യാവസ്ഥയില്‍ നില്‍ക്കുമ്പോഴാണ് അദ്ദേഹത്തിന്റെ സഹോദരി വീടു വിട്ടുപോയത് തുടങ്ങിയ കാര്യങ്ങളാണ് 47 പേജുള്ള ജാമ്യാപേക്ഷയില്‍ റിയ ചൂണ്ടിക്കാട്ടുന്നത്. തനിക്കെതിരെ നിലവില്‍ തെളിവുകളില്ലെന്നും റിയ പറയുന്നുണ്ട്.
ഒക്ടോബര്‍ ആറിനാണ് റിയയുടെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി അവസാനിക്കുക. കേസില്‍ ഇതു രണ്ടാം തവണയാണ് റിയ ജാമ്യപേക്ഷ സമര്‍പ്പിക്കുന്നത്. ഹര്‍ജിയില്‍ കോടതി നാളെ വാദം കേള്‍ക്കും. കനത്ത മഴമൂലമാണു വാദം നാളേക്കു മാറ്റിവെച്ചത്.
 
.

Back to Top