News

കെ.കെ.ആറും മുംബൈ ഇന്ത്യന്‍സും ഇന്നു നേര്‍ക്കുനേര്‍

ദുബായ്: ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് കന്നിയങ്കത്തിന് ഇന്നിറങ്ങും. കരുത്തരായ മുംബൈ ഇന്ത്യന്‍സാണു മറുവശത്തുള്ളത്. ഇന്ന് അബുദാബിയില്‍ ഇന്ത്യന്‍ സമയം രാത്ര 7.30 നാണു മത്സരം ആരംഭിക്കുക.
ആദ്യ മത്സരത്തിന്‍ ചെന്നൈയോടു പരാജയപ്പെട്ട മുബൈ്ക്ക് ഇന്നു വിജയം അനിവാര്യമാണ്. എന്നാല്‍ തെല്ലും ഭയമില്ലാതെയാണ് ദിനേശ് കാര്‍ത്തിക് നയിക്കുന്ന കൊല്‍ക്കത്ത മൈതാനിയിലിറങ്ങുന്നത്.
മത്സരത്തിനു മുന്നോടിയായി കെ.കെ.ആര്‍. ടീമിന് ആദരം അര്‍പ്പിച്ചു ടീമിന്റെ കളറില്‍ ലൈറ്റ് ഷോയും പ്രധാനപ്പെട്ട താരങ്ങളുടെ ചിത്രവും ഉള്‍പ്പെുത്തി ദുബായിലെ വലിയ കെട്ടിടമായ ബുര്‍ജ് ഖലീഫ ലൈറ്റ് ഷോ ഒരുക്കി.
അവസാന സീസണില്‍ പ്ലേ ഓഫിലെത്താന്‍ സാധിക്കാത്ത കെ.കെ.ആര്‍. ഇത്തവണ ശക്തമായ നിരയുമായാണ് എത്തുന്നത്. അവസാന സീസണിലെ ടീമില്‍നിന്ന് ഇത്തവണ കെ.കെ.ആറിനു മാറ്റു കൂട്ടുന്നതു രണ്ടു താരങ്ങളാണ്- ഒന്ന് ഇംഗ്ലണ്ട് നായകന്‍ ഇയാന്‍ മോര്‍ഗും മറ്റെന്ന് ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സും. മോര്‍ഗന്റെ സാന്നിധ്യം ബാറ്റിങ് ഓര്‍ഡറില്‍ മാത്രമല്ല ക്യപ്റ്റന്‍ ദിനേശ് കാര്‍ത്തിക്കിന്റെ സമ്മര്‍ദം കുറയ്ക്കാനും സഹായിക്കും.
മറുവശത്ത് ആദ്യ മത്സരത്തില്‍ സി.എസ്.കെയോടു തോറ്റ മുംബൈക്ക് ഇന്നു ജയിക്കേണ്ടത് അഭിമാന പ്രശ്നമാണ്. 2014ല്‍ യു.എ.ഇയില്‍ ഒരു മത്സരംപോലും ജയിക്കാത്ത മുബൈ ഈ സീസണും തോല്‍വിയോടെയാണു തുടക്കം കുറിച്ചത്. യു.എ.ഇയിലെ ആദ്യ ജയം സ്വപ്നം കണ്ടാണ് മുബൈ ഇന്ന് എത്തുന്നത്. കണക്കുകളില്‍ കെ.കെ.ആറിനെതിരേ 25 മത്സരത്തില്‍ നിന്ന് 19 ജയത്തിന്റെ റെക്കോഡ് മുബൈയ്ക്കുണ്ടെങ്കിലും യു.എ.ഇ. മൈതാനത്ത് ഇതിനു പ്രസക്തിയില്ല.
കഴിഞ്ഞ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ സൗരഭ് തിവാരി രണ്ടാം മത്സരത്തിലും കളിക്കും. അതേസമയം ഇഷാന്‍ കിഷനു പുറത്തിരിക്കേണ്ടിവരും. മുബൈയുടെ താരങ്ങള്‍ക്കു മാറ്റം വരാന്‍ സാധ്യതയില്ല. മധ്യനിരയില്‍ സൂര്യകുമാര്‍ യാദവ്, പൊള്ളാര്‍ഡ്, ഹര്‍ഡിക് പാണ്ഡ്യ എന്നിവര്‍ തന്നെ തുടരും. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ എട്ടു വിക്കറ്റുമായി തിളങ്ങിയ പെള്ളാര്‍ഡിന്റെ മികവും മുബൈയ്ക്കു കരുത്താകും. അതേസമയം പണമെറിഞ്ഞു വമ്പന്‍ താരങ്ങളെ ടീമിലെത്തിച്ച കൊല്‍ക്കത്ത താരങ്ങളുടെ പ്രകടനം ഇന്നു കാണാന്‍ പോകുന്നതേയുള്ളു. 15.5 കോടിരുപയ്ക്കാണ് പാറ്റ് കമ്മിന്‍സിനെ കെ.കെ.ആര്‍. ടീമിലെത്തിച്ചത്.
പാറ്റ് കമ്മിന്‍സ്, ഒയിന്‍ മോര്‍ഗന്‍, സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഇന്ന കളിച്ചേക്കും. സുനില്‍ നരെയ്നൊപ്പം ശുഭ്മാന്‍ ഗില്‍ കെ.കെ.ആര്‍. ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും. നിതീഷ് റാണ, ക്യപ്റ്റന്‍ ദിനേശ് കാര്‍ത്തിക്, പുതുതായി ടീമിലെത്തിയ രാഹുല്‍ ത്രിപാഠി എന്നിവരും കളിക്കാനിറങ്ങും. വമ്പന്‍ അടികളുമായി ആന്ദ്രെ റസ്സലും എത്തും. പാറ്റ് കമ്മിന്‍സിനൊപ്പം ബോളിങ്ങില്‍ മലയാളി താരം സന്ദീപ് വാര്യര്‍, അണ്ടര്‍ 19 ലോകകപ്പ് താരങ്ങളായ ശിവം മാവി, കമലേഷ് നാഗര്‍കോട്ടി എന്നിവര്‍ക്കും ടീമില്‍ ഇടം ലഭിച്ചേക്കാം. സ്പിന്‍ ബോളിങ്ങില്‍ ചൈനാമാന്‍ ബോളര്‍ കുല്‍ദീപ് യാദവിലാണ് കൊല്‍ക്കത്തയുടെ പ്രതീക്ഷകള്‍.
 
.

Back to Top