News

കരീമും രാഗേഷും ഉള്‍പ്പടെ എട്ട് എം.പിമാര്‍ക്ക് സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലിന്‍മേലുള്ള ചര്‍ച്ചയ്ക്കിടെ രാജ്യസഭയില്‍ പ്രധിഷേധിച്ച കേരളത്തില്‍നിന്നുള്ള എളമരം കരീം, കെ.കെ. രാഗേഷും എന്നിവര്‍ ഉള്‍പ്പെടെ എട്ട് എം.പിമാരെ സസ്‌പെന്‍ഡ് ചെയ്തു. ഒരാഴ്ചത്തേക്കാണ് സസ്‌പെന്‍ഷന്‍. ബി.ജെ.പി. എം.പി മാര്‍ നല്‍കിയ പരാതിയില്‍ രാജ്യസഭാ അധ്യക്ഷനായ ഉപരാഷ്ടപ്രതി വെങ്കയ്യ നായിഡു ആണു നടപടി സ്വീകരിച്ചത്. രാജ്യസഭാ ഉപാധ്യക്ഷനെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. ഡെറിക് ഒബ്രയാന്‍, സഞ്ജയ് സിങ്, രാജു സതവ്, റിപുന്‍  ബോറ, ഡോല സെന്‍, സയ്യിദ് നാസിര്‍ ഹുസൈന്‍ എന്നിവരാണ് സസ്‌പെന്‍ഷനിലായ മറ്റ് എം.പിമാര്‍. 
അധ്യക്ഷ വേദിയിലെ മൈക്ക് പിടിച്ചുവലിക്കുകയും സഭയുടെ റൂള്‍ബുക്ക് കീറുകയും ചെയ്തതിനാണ് തൃണമൂല്‍ കോണ്‍ഗ്രസ് അംഗം ഡെറിക് ഒബ്രയാനെ സസ്‌പെന്‍ഡ് ചെയ്തത്. സഭ ചേര്‍ന്ന ഉടനെ തന്നെ ഉപരാഷ്ട്രപതി സസ്‌പെന്‍ഡ് ചെയ്യപ്പെട്ടവരോടു പുറത്തുപോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. സഭയില്‍ കഴിഞ്ഞ ദിവസം നടന്ന കാര്യങ്ങള്‍ നിര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട എം.പിമാര്‍ സഭയില്‍നിന്നു പുറത്തുപോകാന്‍ വിസമ്മതിച്ചു പ്രധിഷേധിച്ചു. തുടര്‍ന്നു സഭ പത്തുമണിവരെ നിര്‍ത്തിവെച്ചു. 
ഞായറാഴ്ചയാണ് കാര്‍ഷിക ബില്‍ രാജ്യസഭയില്‍ പാസായത്. ശബ്ദവോട്ടോടു കൂടിയാണ് ബില്‍ പാസാക്കിയത്. ഇതു കൂടാതെ രണ്ടു ബില്ലുകള്‍കൂടി രാജ്യസഭ പാസാക്കിയിരുന്നു. ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആന്‍ഡ് കൊമേഴ്‌സ് ബില്‍ 2020, ഫാര്‍മേഴ്സ് എഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷ്വറന്‍സ് ആന്‍ഡ് ഫാം സര്‍വീസ് ബില്‍ എന്നിവയാണ് അവ. എസ്സെന്‍ഷ്യല്‍ കമ്മോഡിറ്റീസ് (ഭേദഗതി )ബില്‍ പരിഗണിക്കാനായില്ല. ബില്ലുകള്‍ പാസാക്കിയതിനു പിന്നാലെ സഭയില്‍ പ്രതിപക്ഷം പേപ്പറുകള്‍ കീറിയെറിഞ്ഞു പ്രതിഷേധിച്ചു. 
അംഗങ്ങളുടെ സമ്മതമില്ലാതെ സഭ നീട്ടിക്കൊണ്ടുപോയതിലും നിരാകരണ പ്രമേയങ്ങളും ബില്ലുകളും വോട്ടിനിടണമെന്ന ആവശ്യം തള്ളി പാസാക്കാന്‍ ശ്രമിച്ചതിലും രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയ ചട്ടപ്രകാരം അംഗീകരിക്കാനാവില്ലെന്ന് സഭാ അധ്യക്ഷന്‍ അറിയിച്ചു. 
 
.

Back to Top