News

ഇന്നത്തെ മത്സരം പെടിപാറും; ധോണിയും രോഹിത്തും മുഖാമുഖം

ദുബായ്: അബുദാബിയിലെ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 7.30ന് ആരംഭിക്കുന്ന ഐ.പില്‍.എല്‍. മാമാങ്കത്തിന്റെ 13-ാം സീസണിലെ ആദ്യ മത്സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടുന്നു.
ഐ.പി.എല്ലില്‍ അഞ്ചാം കിരീടം ലക്ഷ്യമിട്ടാണ് മുംബൈ ഇന്ത്യന്‍സ് ഇറങ്ങുന്നത്. രോഹിത് ശര്‍മ നയിക്കുന്ന ബാറ്റിങ് നിരയ്ക്ക് ക്വിന്റണ്‍ ഡി കോക്കിനൊപ്പം ക്രിസ്ലിനും സൂര്യകുമാര്‍ യാദവും ഇഷാന്ത് കിഷനും ഹര്‍ദിക് പാണ്ഡ്യയും കരുത്തു പകരുന്നു.
ലസിത് മലിംഗയുടെ അഭാവമുണ്ടെങ്കിലും മികച്ച പേസ് നിരയെ തന്നെയാണ് മുംബൈ സജ്ജമാക്കിയിട്ടുള്ളത്. ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളറായ നേഥാന്‍ കോള്‍ട്ടര്‍ നൈലിനെ എട്ടു കോടി്ക്കാണ്  മുംബൈ ഇന്ത്യന്‍സ് ടീമിലെത്തിച്ചത്.
മഹേല ജയവര്‍ധനയുടെ പരിശീലന മികവില്‍ ജസ്പ്രീത് ബൂമ്രയും ട്രെന്‍ഡ് ബോള്‍ട്ടും കൂട്ടര്‍നൈലും മക്ലീനഗനും ഒപ്പം ജയിംസ് പാറ്റിന്‍സനും ധവാല്‍ കുല്‍ക്കര്‍ണിയും ചേരുമ്പോള്‍ ഏത് ബാറ്റിങ് നിരയ്ക്കും അതൊരു വെല്ലുവിളിയായിരിക്കും . ഓള്‍ റൗണ്ടര്‍മാരായി കീറോണ്‍ പൊള്ളാര്‍ഡും ഹര്‍ദിക് പാണ്ഡ്യയും ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോഡും കൃണാല്‍ പാണ്ഡ്യയും. സ്പിന്‍ നിരയില്‍ ജയന്ത് യാദവും രാഹുല്‍ ചാഹറും ഇറങ്ങുമ്പോള്‍ മത്സരം പൊടിപാറും.
ഐപിഎല്ലില്‍ ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ് എതിരാളികളായി വരുമ്പോള്‍ മത്സരത്തിനു മൂര്‍ച്ചയേറും. രാജ്യാന്തര ക്രിക്കറ്റിനോടു വിടചൊല്ലിയ ധോണിയുടെ പ്രകടനം ഏതു പ്രതിസന്ധിയും തരണം ചെയ്യാന്‍ ശക്തമാണ്. സുരേഷ് റെയ്‌നയും ഹര്‍ഭജന്‍ സിങ്ങും ബാറ്റിങ് നിരയില്‍ ഷെയ്ന്‍ വാട്‌സനും ഫാഫ് ഡുപ്ലസിയും അമ്പാട്ടി റായിഡുവും കേദാര്‍ ജാദവും. ഓള്‍ റൗണ്ട് മികവുമായി ഡ്വെയ്ന്‍ ബ്രാവോയും സാം കറനും രവീന്ദ്ര ജഡേജയും മിച്ചല്‍ സാന്റനറും. സ്പിന്‍ നിരയിലാകട്ടെ ഇമ്രാന്‍ താഹിറും കരണ്‍ ശര്‍മയും പിയുഷ് ചവ്‌ലയും ഉണ്ട്. പേസ് നിരയില്‍ മലയാളി താരം ആസിഫും ഹെയ്‌സല്‍ വുഡും ലുംഗി എങ്കിഡിയും ദീപക് ചഹറും ഷാര്‍ദൂല്‍ താക്കൂറും നിരന്നു നില്‍ക്കുമ്പോള്‍ ടീം അതിശക്തമാണ്.
ധോണിയുടെ ക്യാപ്റ്റന്‍സിയും ബാറ്റിങ് പവറും തന്നെയാണ് ചെന്നൈ സൂപ്പര്‍ കിങ്സിന്റെ കരുത്ത്. അടിയന്തര ഘട്ടങ്ങളില്‍ വിജയത്തിനാവശ്യമായ തന്ത്രങ്ങള്‍ മെനയാനുള്ള കഴിവും വിക്കറ്റിനു പിന്നിലെ മികച്ച നീക്കങ്ങളും
സമ്മര്‍ദത്തിനടിപ്പെടാതെയുള്ള കളിയും വഴി എതിരാളികളുടെ പേടിസ്വപ്നമാണ് ധോണി. 
യു.എ.ഇയിലെ ദുബായ്, അബുദാബി, ഷാര്‍ജ എന്നീവിടങ്ങളിലായി മൂന്നു വേദികളിലായാണ് മത്സരങ്ങള്‍ നിശ്ചയിച്ചിട്ടുള്ളത്. വിജയം മാത്രം ലക്ഷ്യമിട്ടിറങ്ങുന്ന ധോണി പടയും കിരീടം നിലനിര്‍ത്തുന്നതിനായി മുംബൈയും കടലിന്നക്കരെ ഏറ്റുമുട്ടുമ്പോള്‍ കളി കാര്യമാകുമെന്നതില്‍ ഒട്ടും സംശയമില്ല.
 
.

Back to Top