News

നയതന്ത്ര ചാനല്‍ വഴി 20 തവണ സ്വര്‍ണം കടത്തിയെന്ന് മുഹമ്മദ് ഷാഫി

കൊച്ചി: നയതന്ത്ര ചാനല്‍ വഴി 88.5 കിലോഗ്രം സ്വര്‍ണം കടത്തിയതായി സ്വര്‍ണക്കടത്തു കേസിലെ ഏഴാം പ്രതി മുഹമ്മദ് ഷാഫി. 20 തവണ ആയാണ് ഇത്രയും സ്വര്‍ണം കടത്തിയതെന്ന് മുഹമ്മദ് ഷാഫി വെളിപ്പെടുത്തി. കോടതിയില്‍ എന്‍.ഐ.എ. സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
യു.എ.ഇയില്‍നിന്ന് അയച്ച 88.5 കിലോഗ്രം സ്വര്‍ണത്തില്‍ 47.5 കിലോഗ്രം സ്വര്‍ണം താനും കൂട്ടാളികളും ചേര്‍ന്നാണു കടത്തിയതെന്നു ചോദ്യംചെയ്യലില്‍ ഷാഫി സമ്മതിച്ചതായി കേന്ദ്ര ഏജന്‍സി വ്യക്തമാക്കി. കേരളത്തിലേക്ക് എത്തിക്കുന്നതിനുള്ള സ്വര്‍ണം പാക്ക് ചെയ്യുന്നത് എങ്ങനെ എന്നും സീല്‍ ചെയ്യുന്നത് എപ്രകാരമെന്നും പ്രതി അന്വേഷണ സംഘത്തിനു മുന്നില്‍ വിശദീകരിച്ചതായും സ്വര്‍ണം നയതന്ത്ര ബാഗേജില്‍ ഒളിപ്പിച്ചു കടത്തുന്നതിലും തനിക്ക് പങ്കുണ്ടെന്നു സമ്മതിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തിനായി മലപ്പുറം, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടിങ്ങളില്‍വെച്ചു ഗൂഢാലോചന നടത്തിയെന്ന് എന്‍.ഐ.എ. നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. സ്വര്‍ണക്കടത്തു കേസിലെ 30 പ്രതികളില്‍ 15 പേരും പലസമയങ്ങളിലായി യു.എ.ഇ. സന്ദര്‍ശിച്ചിട്ടുണ്ടെന്നും പ്രതി വ്യക്തമാക്കി. യു.എ.ഇയില്‍ എവിടെയെല്ലാം വെച്ചാണ് സ്വര്‍ണക്കടത്തു കേസിന്റെ ആസൂത്രണണം നടന്നിട്ടുള്ളതെന്നു കേസിലെ ഏഴാം പ്രതിയായ ഷാഫി എന്‍.ഐ.എയോടു പറഞ്ഞു.
കേരളത്തിലേക്കു കടത്താനുള്ള സ്വര്‍ണം വിദേശത്തു സംഭരിക്കുന്നതും സ്വര്‍ണം ഡിപ്ലോമാറ്റിക് ബാഗേജില്‍ ഒളിപ്പിച്ചു കടത്തുന്നതും സംബന്ധിച്ച പദ്ധതി വിദേശത്തുവെച്ചു തന്നെ ചര്‍ച്ച ചെയ്തു തയ്യാറാക്കിയതായും പ്രതി അന്വേഷണ സംഘത്തോടു വെളിപ്പെടുത്തി. യു.എ.ഇയില്‍ നിന്നു നയതന്ത്ര ചാനല്‍ വഴി വരുന്ന സ്വര്‍ണം സ്വീകരിക്കുന്നതു സംബന്ധിച്ച ഗൂഢാലോചനകളാണു തിരുവന്തപുരത്തു നടന്നതെന്നും എന്‍.ഐ.എ. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
 
.

Back to Top