News

ഐ.പി.എല്‍. പൂരത്തിന് ഇന്ന് യു.എ.ഇയില്‍ കൊടിയേറും

ദുബായ്: ലോകത്തെ ഏറ്റവും ജനപ്രിയവും സമ്പന്നവുമായ ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് ഇന്ന് ദുബായില്‍ തുടക്കം. അബുദാബിയിലെ സായിദ്  സ്റ്റേഡിയത്തിലാണ് ഐ.പി.എല്ലിനു് വിളക്കു തെളിയുന്നത്. മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്‌സുമാണ് ഇന്ത്യന്‍ സമയം രാത്രി 7.30നു നടക്കുന്ന ഉദ്ഘാടന പോരാട്ടത്തില്‍ ഏറ്റുമുട്ടുന്നത്. ടൂര്‍ണമെന്റില്‍ തന്നെ ഏറ്റവും കൂടുതല്‍ വിജയം നേടിയ രണ്ട് ടീമുകളാണ് ഇവ. 
രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ മുംബൈ ഇന്ത്യന്‍സും  എം.എസ്. ധോണിയുടെ നേതൃത്വത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സും നേര്‍ക്കുനേര്‍ ഇറങ്ങുമ്പോള്‍ ഐ.പി.എല്‍. പ്രേമികളുടെ ആവേശം പതിന്മടങ്ങ് വര്‍ധിക്കും. 
നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സ് നാലുവട്ടം ഐ.പി.എല്‍. കിരീടം നേടിയിട്ടുണ്ട്. കിരീട നേട്ടത്തില്‍ തൊട്ടുപിന്നിലുള്ള ചെന്നൈ മൂന്നുവട്ടം ജേതാക്കളായി. 2019 സീസണിലെ ആവേശകരമായ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ  അവസാന പന്തില്‍ ഒരു റണ്‍ തോല്‍പ്പിച്ചാണ് മുംബൈ കിരീടം ഉയര്‍ത്തിയത്. 
ഇന്ത്യന്‍ ടീമില്‍നിന്നു വിരമിച്ച ധോണിയുടെ കളത്തിലേക്കുള്ള ആദ്യ വരവ് കൂടിയാണിത്. 2019 ജൂലൈയില്‍ ലോകകപ്പ് സെമിഫൈനലില്‍ ആണ് ധോണി അവസാനമായി ഔദ്യോഗിക മത്സരം കളിച്ചത്. പിന്നീട് ഏറെക്കാലം വിട്ടുനിന്നശേഷം കഴിഞ്ഞ മാസം രാജ്യാന്തര ക്രിക്കറ്റില്‍നിന്നു വിരമിക്കുകയും ചെയ്തു. ഈ ഐ.പി.എല്‍. ധോണിയെ സംബന്ധിച്ചു നിര്‍ണായക കളിക്കളമാണ്. 
അബുദാബിക്കു പുറമെ ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലാണ് ഐ.പി.എല്‍. മത്സരങ്ങള്‍ക്കു വേദിയുയരുന്നത്. കളിക്കാര്‍ക്കു കര്‍ശനമായ സുരക്ഷ ഒരുക്കിയാണു മത്സരങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. 
കൊറോണയുടെ പശ്ചാത്തലത്തില്‍ വര്‍ണാഭമായ ഉദ്ഘാടന ചടങ്ങോ ചിയര്‍  ലീഡേഴ്‌സോ ഉണ്ടാവില്ല. കാണികള്‍ക്കും ഇത്തവണ പ്രവേശനമില്ല. എന്നാല്‍ ടൂര്‍ണമെന്റ് പുരോഗമിക്കവേ 30 ശതമാനം ആളുകളെ സ്റ്റേഡിയത്തില്‍ കയറ്റുന്ന  കാര്യം പരിഗണനയിലാണെന്ന് ഐ.പി.എല്‍. സംഘടിപ്പിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ അധ്യക്ഷന്‍ സൗരവ് ഗാംഗുലി പറഞ്ഞു.
 
.

Back to Top