News

ശുക്രനില്‍ ജീവന്റെ സാന്നിധ്യം?

സൗരയൂഥത്തിലെ രണ്ടാമത്തെ ഗ്രഹമായ ശുക്രനില്‍ ജീവന്റെ സാന്നിധ്യമുണ്ടെന്ന സംശയത്തില്‍ ശാസ്ത്രലോകം. ശുക്രന്റെ അന്തരീക്ഷത്തില്‍ ഫോസ്‌ഫൈന്‍ വാതക സംയുക്തത്തിന്റെ  സാന്നിധ്യം കണ്ടെത്തിയതോടെയാണ് ഗവേഷകര്‍ ഇത്തരമൊരു സംശയം ഉന്നയിച്ചത്. എന്നാല്‍ ഭൂമിയിലേതുപോലെ വലിയ ജീവികള്‍ ഒന്നുമല്ല, മറിച്ച് സൂക്ഷ്മജീവികളുടെ സാന്നിധ്യമാണ് അവിടെ ഉള്ളത് എന്നാണ് ഗവേഷകര്‍ നല്‍കുന്ന സൂചന.
ഭൂമിയിലെ ജീവ സാന്നിധ്യത്തില്‍് ഫോസ്‌ഫൈന് പങ്കുണ്ട്. അതിനാലാണു ശുക്രനില്‍ ജീവികളുണ്ടെന്നു സംശയിക്കുന്നത്.
ഹവായിലും ചിലിയിലെ അറ്റാക്കാമ മരുഭൂമിയിലും സ്ഥാപിച്ചിട്ടുള്ള ദൂരദര്‍ശിനികളില്‍ കൂടെയാണ് ഫോസ്‌ഫൈന്‍ സാന്നിധ്യം ശാസ്ത്രലോകം തിരിച്ചറിഞ്ഞത്. ശുക്രനിലെ 60 കിലോമീറ്റര്‍ ചുറ്റളവിലുള്ള ബാഹ്യപാളികളുടെ നിരീക്ഷണമാണ് ഇവിടെ നടക്കുന്നത്. ശുക്രനിലെ താപനില ഉയര്‍ന്നതായതിനാല്‍ അവിടെ ജീവികള്‍ ഉണ്ടാവാനിടയില്ല എന്ന നിഗമനവും ഉണ്ട്. അന്തരീക്ഷത്തില്‍ ഭൂരിഭാഗവും കാര്‍ബണ്‍ ഡയോക്‌സൈഡ് എന്നതും ഭൂമിയില്‍നിന്നു വ്യത്യസ്തമാക്കുന്നു. ജീവന്‍ നിലനില്‍ക്കാന്‍ ഫോസ്‌ഫൈന്‍ മാത്രം പോരെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ശുക്രനിലെ അന്തരീക്ഷത്തില്‍ അമ്ലത കൂടുതലായതുകൊണ്ട് ഫോസ്‌ഫൈന്‍ വേഗത്തില്‍ അപ്രത്യക്ഷമാവും എന്ന നിഗമനവും ഉണ്ട്. ഈ സാഹചര്യത്തില്‍ നിലവില്‍  ഉല്പാദിപ്പിക്കപ്പെടുന്ന ഫോസ്‌ഫൈനെ കുറിച്ചുള്ള പഠനവും അസാധ്യമാണ്. ഭൂമിയുടെ ഭ്രമണ ദിശയ്ക്കു വിപരീതമായാണ് ശുക്രന്റെ ഭ്രമണം.ഭൂമിയിലെ ദിവസത്തിന്റെ 243 മടങ്ങാണ് ശുക്രന്റെ ദിവസത്തിന്റെ ദൈര്‍ഘ്യം.
.

Back to Top