News

സ്വര്‍ണക്കടത്ത്: കസ്റ്റംസ് കേസില്‍ ജാമ്യം; റമീസിനു ജയില്‍ വിടാനാവില്ല

കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസില്‍ മുഖ്യപ്രതി കെ.ടി.റമീസിനു ജാമ്യം. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയാണ് ജാമ്യം അനുവദിച്ചത്. സ്വര്‍ണക്കടത്ത് കേസില്‍ ഒരു പ്രതിക്കു ജാമ്യം അനുവദിക്കുന്നത് ഇതാദ്യമാണ്.
രണ്ടു ലക്ഷം രൂപയുടെ ബോണ്ടും ആള്‍ജാമ്യവും ഉള്‍പ്പെടുന്നതാണ് ജാമ്യവ്യവസ്ഥ. കൂടാതെ കുറ്റപത്രം സമര്‍പ്പിക്കുന്നതു വരെയോ,ആദ്യത്തെ മൂന്നു മാസമോ എല്ലാ തിങ്കളാഴ്ചയും രാവിലെ 10 മണിക്കു മുന്നേ അന്വേഷണ ഉദ്യോഗസ്ഥരുടെ മുമ്പാകെ ഹാജരാവണം, പാസ്പോര്‍ട്ട് സമര്‍പ്പിക്കണം തുടങ്ങി കര്‍ശന ഉപധികളുമുണ്ട്. അറസ്റ്റിലായി 61-ാം ദിവസമാണ് റമീസിന് ജാമ്യം ലഭിക്കുന്നത്.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും എന്‍.ഐ.എയും ഉള്‍പ്പെടെ അന്വേഷിക്കുന്ന കേസില്‍ കസ്റ്റംസായിരുന്നു റമീസിനെ ആദ്യം പ്രതിചേര്‍ത്തത്. ഈ കേസിലാണു ജാമ്യം അനുവദിച്ചിരിക്കുന്നത്. അതേസമയം, എന്‍.ഐ.എ. റജിസ്റ്റര്‍ ചെയ്ത കേസില്‍ റമീസിനെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നുണ്ട്. അതിനാല്‍ ജയില്‍ മോചിതനാകാന്‍ സാധിക്കില്ല. വിയ്യൂര്‍ ജയിലിലാണ് റമീസിനെ പാര്‍പ്പിച്ചിരിക്കുന്നത്.
ഗൂഢാലോചന നടത്തിയതും പണം മുടക്കുന്നതിനുള്ള ആളുകളെ കണ്ടെത്തിയതും റമീസാണ് എന്നാണ് എന്‍.ഐ.എയുടെ വാദം.
.

Back to Top