News

വസ്ത്രധാരണം വിവാദമാക്കി അല്‍പവസ്ത്ര ധാരിണികളായി നടിമാര്‍

എറണാകുളം: സാമൂഹ്യ മാധ്യമങ്ങളില്‍ നിറയെ കാലുകള്‍ കാണിച്ചുള്ള മലയാള നടിമാരുടെ ചിത്രങ്ങള്‍ പ്രചരിക്കുകയാണ്. അല്‍പമാത്രം വസ്ത്രം ധരിച്ച സ്വന്തം ഫോട്ടോകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ച നടിക്കു നേരെ സൈബര്‍ ആക്രമണം ആരോപിച്ച് ഒരു വിഭാഗം നടികള്‍ സ്വയം ശരീരം പ്രദര്‍ശിപ്പിച്ച് പ്രതിഷേധിക്കുകയാണ്.
നടി അനശ്വര രാജന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കാലുകള്‍ കാണിച്ചുള്ള ഫോട്ടോകള്‍ കണ്ടു പുരുഷന്‍മാര്‍ നടത്തിയ പ്രതികരണത്തോടാണു നടികള്‍ക്ക് എതിര്‍പ്പ്. എന്തു വസ്ത്രം ധരിക്കണമെന്നു തീരുമാനിക്കേണ്ടത് ഓരോ വ്യക്തിയുമാണെന്നും മറ്റുള്ളവര്‍ക്ക് അതിലെന്തു കാര്യം എന്നുമാണു താരങ്ങളുടെ ചോദ്യം. കാലുകള്‍ കാണിച്ചുകൊണ്ടുള്ള ഫോട്ടോകള്‍ക്കൊപ്പം സദാചാര വാദികള്‍ക്കെതിരെയുള്ള പോസ്റ്റുകളും നടിമാര്‍ പങ്കുവെച്ചിട്ടുണ്ട്. ഇവര്‍ക്കു പിന്തുണയുമായി ചലച്ചിത്ര മേഖലയിലെ ചില പുരുഷന്‍മാരും രംഗത്തെത്തിയിട്ടുണ്ട്. പലപ്പോഴും വിവാദങ്ങളില്‍ പെട്ടിട്ടുള്ള റിമ കല്ലിങ്കല്‍ സ്വിമ്മിങ് സ്യൂട്ട് ധരിച്ച ആക്ഷന്‍ പടം പങ്കുവെച്ചു. 'അത്ഭുതം, സ്ത്രികള്‍ക്ക് രണ്ട് കാലുകളുണ്ട്' എന്ന പരിഹാസ ഭാവത്തിലുള്ള കുറിപ്പും ഫോട്ടോയ്‌ക്കൊപ്പം ഉണ്ട്. ഭര്‍ത്താവ് ആഷിക് അബു എടുത്ത ചിത്രമാണ് റിമ പങ്കുവെച്ചിരിക്കുന്നത്. ഈ പോസ്റ്റിനു താഴെ, ഫോട്ടോയെടുത്തതു താനാണെന്നു രേഖപ്പെടുത്താത്തതില്‍ പ്രതിഷേധമുണ്ടെന്ന് ആഷിക് അബു കമന്റിടുകയും ചെയ്തു. കാലുകള്‍ കാണിച്ച് ഫഹദ് ഫാസിലിനൊപ്പം നില്‍ക്കുന്ന ചിത്രം നസ്‌റിയ ഫഹദും പങ്കെവെച്ചിട്ടുണ്ട്.
അഹാന കൃഷ്ണ, അനാര്‍ക്കലി മരിക്കാര്‍, കനി കുസൃതി, അനുപമ പരമേശ്വരന്‍, ഗ്രേസ് ആന്റണി, നിമിഷ സജയന്‍, ഗായിക ഗൗരീലക്ഷ്മി തുടങ്ങിയവരാണ് റിമ മുന്നോട്ടുവെച്ച yes we have legs (ഞങ്ങള്‍ക്കും കാലുകളുണ്ട്) എന്ന ക്യാംപയിന്‍ ഏറ്റെടുത്തു കാല്‍മുട്ടുവരെ പോലും ഇറക്കമില്ലാത്തതോ മറ്റു ശരീരഭാഗങ്ങള്‍ കാണിച്ചോ ഉള്ള വസത്രങ്ങള്‍ ധരിച്ചുള്ള സ്വന്തം ചിത്രങ്ങള്‍ പങ്കുവെച്ചത്. സാനിയ ഇയ്യപ്പന്‍, അന്ന ബെന്‍, നയന്‍താര ചക്രവര്‍ത്തി, എസ്തര്‍ അനില്‍, രജിഷ വിജയന്‍, അമേയ, അപൂര്‍വ ബോസ്, അര്‍ച്ചന എന്നീ നടിമാരും കാലുകള്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ചു.
ഇന്‍സ്റ്റഗ്രാമില്‍ സജീവമായ അനശ്വര രാജന്‍ 18ാം പിറന്നാള്‍ ആഘോഷത്തിന്റെ ഏതാനും ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. ഇതിലൊരു ചിത്രമാണ് വിമര്‍ശനം ഏറ്റുവാങ്ങിയത്. വസ്ത്രത്തിന്റെ ഇറക്കക്കുറവ് ചൂണ്ടിക്കാട്ടിയാണ് അധിക്ഷേപകരമായ കമന്റുകളുമായി ചിലര്‍ രംഗത്തെത്തിയത്. എന്നാല്‍ ഇതിനു മറുപടിയെന്നോണം താരം അതേ വസ്ത്രത്തില്‍ രണ്ടു ചിത്രം കൂടി ഷെയര്‍ ചെയ്താണു പ്രതികരിച്ചത്. 'ഞാന്‍ എന്തു ചെയ്യുന്നുവെന്ന് ഓര്‍ത്ത് നിങ്ങള്‍ ആശങ്കപ്പെടേണ്ട കാര്യമില്ല. മറിച്ച് എന്റെ പ്രവൃത്തികള്‍ നിങ്ങളെ അസ്വസ്ഥരാക്കുന്നത് എന്തിനാണെന്ന് ഓര്‍ത്ത് സ്വയം ആശങ്കപ്പെടൂ' എന്ന് കുറിക്കുകയും ചെയ്തു.
മഞ്ജു വാര്യര്‍ നായികയായ ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് അനശ്വര സിനിമയിലെത്തിയത്. തുടര്‍ന്ന് വിനീത് ശ്രീനിവാസന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടി. തമിഴില്‍ രാംഗി എന്ന ചിത്രത്തില്‍ തൃഷയോടൊപ്പവും അനശ്വര അഭിനയിച്ചിട്ടുണ്ട്. വാങ്ക് എന്ന ചിത്രം ഇറങ്ങാനിരിക്കുകയാണ്.
.

Back to Top