News

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ കോവിഡ് രോഗികള്‍ക്ക് തപാല്‍ വോട്ട്

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ കോവിഡ് രോഗികള്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യുന്നതിനുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭയുടെ അംഗീകാരം. കിടപ്പു രോഗികള്‍ക്കും കോവിഡ് രോഗികള്‍ക്കുമാണു പുതുതായി തപാല്‍ വോട്ട് അനുവദിക്കുക. നീരിക്ഷണത്തില്‍ കഴിയുന്നവര്‍ക്കും തപാല്‍ വോട്ട് അനുവദിക്കും. കോവിഡ് പശ്ചത്തലിത്തിലാണു തെരഞ്ഞെടുപ്പു നടപടിക്രമങ്ങളില്‍ സര്‍ക്കാര്‍ മാറ്റം വരുത്തുന്നത്. ഇതിനായി പഞ്ചായത്ത്, മുനിസിപ്പല്‍ നിയമത്തില്‍ ഭേദഗതി കൊണ്ടുവരും.
കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുള്ള വോട്ടെടുപ്പില്‍ എല്ലാവര്‍ക്കും അവസരം ലഭിക്കണമെങ്കില്‍ വോട്ടെടുപ്പ് സമയം നീട്ടണമെന്നു തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നിയമ ഭേദഗതിയിലൂടെ വോട്ടെടുപ്പ് സമയം ഒരു മണിക്കൂര്‍ ദീര്‍ഘിപ്പിക്കും. രാവിലെ ഏഴു മുതല്‍ വൈകീട്ട് അഞ്ചു വരെയാണ് വോട്ടെടുപ്പ്. ഇത് രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറു വരെയാക്കും. ഡിസംബറില്‍ തിരഞ്ഞെടുപ്പ് നടത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണ രീതികളിലും മാറ്റങ്ങളുണ്ടാകും.
കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ തപാല്‍ പ്രോക്സി വോട്ടുകളുടെ സാധ്യത പരിശോധിക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ നേരത്തേ സര്‍ക്കാരിനോടു നിര്‍ദേശിച്ചിരുന്നു. പ്രോക്സി വോട്ടിനെ എല്‍.ഡി.എഫ് അനുകൂലിക്കുന്നില്ല. അതു ക്രമക്കോടുകള്‍ക്കു വഴിവെക്കുമെന്നാണു മുന്നണിയുടെ അഭിപ്രായം. യു.ഡി.എഫ്. തപാല്‍ വോട്ടിനെയും എതിര്‍ക്കുന്നു. തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിളിക്കുന്ന സര്‍വകക്ഷിയോഗത്തില്‍ യു.ഡി.എഫ്. ഇക്കാര്യം അറിയിക്കും.
കോവിഡ് സാഹചര്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാരില്‍നിന്നു പിടിച്ച ശമ്പളം പി.എഫില്‍ ലയിപ്പിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ഒരു മാസത്തെ ശമ്പളം അഞ്ചുമാസമായി സര്‍ക്കാര്‍ പിടിച്ചിരുന്നു. ഒമ്പതു ശതമാനം പലിശയോടെ പി.എഫില്‍ ലയിപ്പിക്കുന്ന ഈ തുക ഏപ്രില്‍ മാസത്തില്‍ പിന്‍വലിക്കാം. സര്‍ക്കാര്‍ ജീവനക്കാര്‍ക്കു ശമ്പളമില്ലാതെ അവധി നല്‍കുന്നത് അഞ്ചു വര്‍ഷമായി കുറച്ചു. നിലവില്‍ 20 വര്‍ഷമായിരുന്നു ശമ്പളമില്ലാതെ അവധി നല്‍കിയിരുന്നത്. ശ്രീ നാരായണ ഓപ്പണ്‍ സര്‍വകലാശാല രൂപികരണത്തിനുള്ള ഓര്‍ഡിനന്‍സിനും മന്ത്രിസഭ അംഗീകാരം നല്‍കി.
.

Back to Top